Asianet News MalayalamAsianet News Malayalam

ചിപ്പ് ക്ഷാമം, ഒക്ടോബറില്‍ മാരുതി വിൽപ്പനയിൽ ഇടിവ്

എന്നാൽ ആഗോളതലത്തിലെ അർദ്ധചാലക ക്ഷാമം (Semiconductor Shortage) രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാവിന് ഗുരുതരമായ വെല്ലുവിളി ഉയർത്തുന്നത് തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Big dip in Maruti Suzuki sales in October as semiconductor shortage
Author
Mumbai, First Published Nov 2, 2021, 6:47 PM IST

രാജ്യത്തെ പാസഞ്ചർ വെഹിക്കിൾ സെഗ്‌മെന്റിൽ രാജാവാണ് മാരുതി സുസുക്കി (Maruti Suzuki). എന്നാൽ ആഗോളതലത്തിലെ അർദ്ധചാലക ക്ഷാമം (Semiconductor Shortage) രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാവിന് ഗുരുതരമായ വെല്ലുവിളി ഉയർത്തുന്നത് തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഒക്‌ടോബർ മാസത്തിൽ മാരുതി സുസുക്കി 138,335 യൂണിറ്റുകൾ വിറ്റു.  21,322 യൂണിറ്റുകളുടെ കയറ്റുമതിയും നടത്തി. കയറ്റുമതി കണക്കുകള്‍ എക്കാലത്തെയും ഉയർന്ന നിലയിലാണെങ്കിലും, ആഭ്യന്തര വിപണിയിലെ വിൽപ്പന ആശങ്കാജനകമാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

അർദ്ധചാലക ക്ഷാമം കാരണം ഉൽപ്പാദനത്തില്‍ കനത്ത വെല്ലുവിളിയാണ് കമ്പനി നേരിടുന്നത്. ബലെനോ, ഇഗ്‌നിസ്, വാഗൺആർ തുടങ്ങിയ മോഡലുകൾ ഉൾപ്പെടുന്ന മാരുതിയുടെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിലെ കോംപാക്റ്റ് ഉപവിഭാഗമാണ് അർദ്ധചാലക ക്ഷാമത്തിന്‍റെ ഏറ്റവും വലിയ ഇരകള്‍. ഈ മോഡലുകളുടെ 48,690 യൂണിറ്റുകൾ ആണ് ഒക്ടോബറില്‍ കമ്പനി ആഭ്യന്തര വിപണിയിൽ വിറ്റത്. 2020 ഒക്ടോബറിൽ വിറ്റ 95,067 യൂണിറ്റുകളുടെ നേര്‍ പകുതി മാത്രമാണിത്. 

ആൾട്ടോയും എസ്-പ്രസ്സോയും അടങ്ങുന്ന മിനി സബ് സെഗ്‌മെന്റ്, കഴിഞ്ഞ വർഷം ഒക്ടോബറിൽ 28,642 യൂണിറ്റുകളാണ് വിറ്റത്. ഈ ഒക്ടോബറില്‍ അത് 21,831 യൂണിറ്റുകളായി കുറഞ്ഞു.  മാരുതി കഴിഞ്ഞ മാസം ആഭ്യന്തര വിപണിയിൽ 1,069 സിയാസ് സെഡാൻ വിറ്റഴിച്ചു, ഒരു വർഷം മുമ്പ് ഇത് 1,422 യൂണിറ്റായിരുന്നു.

എന്നാല്‍ എംപിവി വിഭാഗത്തില്‍ വില്‍പ്പനയില്‍ പുരോഗതിയുണ്ടെന്നും ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 25,396 യൂണിറ്റുകളിൽ നിന്ന് 27,081 യൂണിറ്റുകളിലേക്ക് എർട്ടിഗ, XL6 തുടങ്ങിയ മോഡലുകള്‍ ഉയര്‍ന്നു എന്നാണ് കണക്കുകള്‍.

അർദ്ധചാലക ദൗർലഭ്യത്തിന് പരിഹാരം കാണാത്തതിനാൽ മുന്നോട്ടുള്ള പാത വെല്ലുവിളികൾ നിറഞ്ഞതായിരിക്കുമെങ്കിലും ഇതിനകം കാലതാമസം നേരിട്ട ഡെലിവറി ടൈംലൈനുകളിൽ കമ്പനി നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും മാരുതി സുസുക്കി അധികൃതർ വ്യക്തമാക്കുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
 

Follow Us:
Download App:
  • android
  • ios