Asianet News MalayalamAsianet News Malayalam

മുംബൈയില്‍ നിന്നും കേരളത്തിലെത്താന്‍ ഒരു വര്‍ഷം, ഇത് ഒരൊന്നൊന്നര യാത്ര!

ഇന്നു വൈകിട്ട് വട്ടിയൂര്‍ക്കാവിലെ ലക്ഷ്യസ്ഥാനത്ത് ഭാരം ഇറക്കുന്നതോടെ ഈ വാഹനത്തിന്‍റെ ദീര്‍ഘയാത്രയ്ക്ക് സമാപനമാകും.

Big Truck Reached In Trivandrum From Mumbai With In One Year
Author
Trivandrum, First Published Jul 19, 2020, 11:50 AM IST

ഒരു വര്‍ഷം മുമ്പ് മഹാരാഷ്ട്രയില്‍ നിന്നും പുറപ്പെട്ട ആ ട്രക്ക് ഒടുവില്‍ തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നു. ഇന്നു വൈകിട്ട് വട്ടിയൂര്‍ക്കാവിലെ ലക്ഷ്യസ്ഥാനത്ത് എത്തി ഭാരം ഇറക്കുന്നതോടെ ഈ വാഹനത്തിന്‍റെ ദീര്‍ഘയാത്രയ്ക്ക് സമാപനമാകും.

വട്ടിയൂര്‍ക്കാവിലെ വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്ക് (വിഎസ്എസ്‌സി) ഹൊറിസോണ്ടല്‍ എയ്റോ സ്പേസ് ഓട്ടോ ക്ലേവ് മെഷീന്‍ എന്ന പരീക്ഷണ സംവിധാനവുമായാണ് 74 ചക്രങ്ങളുള്ള ഈ കൂറ്റന്‍ ട്രെയിലറിന്‍റെ വരവ്. മഹാരാഷ്‍ട്രയിലെ താനെക്ക് സമീപമുള്ള അംബര്‍നാഥില്‍ നിന്നാണ് ഈ ട്രക്ക് പുറപ്പെട്ടത്. 

അംബര്‍നാഥിലെ യുണീക് ഇന്‍പ്രൈവറ്റ് ലിമിറ്റഡ് നിര്‍മിച്ച യന്ത്രത്തിന് 70 ടണ്‍ ഭാരമുണ്ട്. 7.5 മീറ്റര്‍ ഉയരവും 6.65 മീറ്റര്‍ വീതിയുമുണ്ട്. ചെന്നൈ ആസ്ഥാനമായ ജിപിആര്‍ റിസോഴ്സസ് പ്രൈവറ്റ് ലിമിറ്റഡാണു യന്ത്രം വിഎസ്എസ്‌സിയില്‍ എത്തിക്കാന്‍ കരാറെടുത്തത്. യന്തരത്തിന്‍റെ ഉയരക്കൂടുതല്‍ കാരണം കപ്പല്‍ മാര്‍ഗ്ഗം സാധ്യമല്ലാത്തിനാലാണ് റോഡ് തിരഞ്ഞെടുത്തത്. 

വോള്‍വോ 450 എന്ന 10 ചക്ര ട്രക്ക് വലിക്കുന്ന ട്രെയിലറിലാണു യന്ത്രം കൊണ്ടുവരുന്നത്. 64 ചക്രമുള്ള ഈ ഫ്രെയിം യന്ത്രം കൊണ്ടുവരാനായി പ്രത്യേകമായി നിര്‍മിക്കുകയായിരുന്നു. ട്രക്ക് ഫ്രെയിമിനു മുന്നിലും പിന്നിലും ഘടിപ്പിക്കാന്‍ കഴിയും. സ്വതന്ത്രമായി തിരിക്കാന്‍ കഴിയുന്നതാണ് ഫ്രെയിമിന്റെ ചക്രങ്ങള്‍. ലിവര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കൊണ്ട് ചക്രങ്ങള്‍ തിരിച്ചാണ് വലിയ വളവുകള്‍ വാഹനം കടക്കുന്നത്. ഫ്രെയിം ഉള്‍പ്പെടെയുള്ള വാഹനത്തിനും യന്ത്രത്തിനുമായി 80 ടണ്ണാണു ഭാരം.

ദേശീയപാതയിലൂടെ മഹാരാഷ്ട്ര ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങള്‍ നാല് സംസ്ഥാനങ്ങള്‍ താണ്ടിയായിരുന്നു യാത്ര. അംബര്‍നാഥില്‍ നിന്ന് നാസിക് വഴി ആന്ധ്രാപ്രദേശ് വഴി ബംഗളുരുവിലെത്തിയ വാഹനം തമിഴ്നാട്ടിലെ സേലം, തിരുനല്‍വേലി, കന്യാകുമാരി, മാര്‍ത്താണ്ഡം വഴിയായിരുന്നു യാത്ര. ഗതാഗതക്കുരുക്കിനു കാരണമാകുമെന്നതിനാല്‍ രാത്രിയും അതിരാവിലെയുമായാണു വാഹനം ഓടുന്നത്.  പ്രതിദിനം ശരാശരി 5 കിലോമീറ്ററായിരുന്നു പിന്നിട്ടത്. 74 ടയറുകളുള്ള ലോറിയെ നിയന്ത്രിക്കുന്നത് 32 ജീവനക്കാരാണ്. മുംബൈ, കൊല്‍ക്കത്ത സ്വദേശികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ഇടയ്ക്കിടെ മാറും.

കൊവിഡ് വ്യാപനം മൂലമുള്ള ലോക്ക് ഡൌണിനെ തുടര്‍ന്ന് കന്യാകുമാരിക്കു സമീപത്തുള്ള ശുചീന്ദ്രത്ത് ലോറി രണ്ടുമാസം നിര്‍ത്തിയിടേണ്ടി വന്നതാണ് കേരളത്തിലെത്താന്‍ വൈകിയത്.  കൊവിഡ് ഭീതി കാരണം ലോക്ക് ഡൗണിന്റെ ആദ്യ ഘട്ടത്തില്‍ ജീവനക്കാര്‍ തിരിച്ചുപോയിരുന്നു. ഇതോടെ യാത്ര പിന്നെയും വൈകി. 

ലോക്ക് ഡൌണില്‍ ഇളവു വന്നതോടെ യാത്ര വീണ്ടും തുടങ്ങുകയായിരുന്നു. രണ്ടാഴ്‍ച മുമ്പാണ് ലോറി കേരളത്തിലേക്ക് പ്രവേശിച്ചത്. വാഹനം സുഗമമായി കടന്നുപോകാന്‍ പൊലീസും കെഎസ്ഇബിയും സജീവമായി സഹായത്തിനുണ്ട്. റോഡിനു കുറുകെയുള്ള  വൈദ്യുത ലൈനും വശങ്ങളിലെ മരച്ചില്ലകളും മാറ്റാന്‍ മാത്രം ദിവസം മൂന്ന്-നാല് മണിക്കൂറാണു വേണ്ടി വരുന്നത്.

ഇന്ന് വൈകിട്ടോടെ വട്ടിയൂര്‍ക്കാവ് വിഎസ്എസ്‌സിയില്‍ വാഹനം എത്തും. തുടര്‍ന്ന് ഉപകരണം ഇറക്കി നല്‍കി,  ഫ്രെയിം ഉപേക്ഷിച്ച് ട്രെയിലറുമായി ജീവനക്കാര്‍ മടങ്ങിപ്പോകും. 

Follow Us:
Download App:
  • android
  • ios