ലോറിയുടെ മുകളില്‍ കമ്പി കുടുങ്ങിയതിനെ തുടര്‍ന്ന് ഇലക്ട്രിക്ക് പോസ്റ്റ് റോഡിലേക്ക് മറിഞ്ഞു വീണു. ഈ പോസ്റ്റിന് അടിയില്‍പ്പെട്ട് ലോറിക്ക് പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ലോറിയുടെ മുകളില്‍ കമ്പി കുടുങ്ങിയതിനെ തുടര്‍ന്ന് ഇലക്ട്രിക്ക് പോസ്റ്റ് റോഡിലേക്ക് മറിഞ്ഞു വീണു. ഈ പോസ്റ്റിന് അടിയില്‍പ്പെട്ട് ലോറിക്ക് പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പേരൂര്‍ക്കടയിലാണ് സംഭവം. 

വെള്ളിയാഴ്‍ച ഉച്ചയ്ക്ക് പേരൂർക്കട-മണ്ണാമൂല റോഡിലായിരുന്നു അപകടം. മണ്ണാമൂല സൂര്യനഗർ 153-എ രാജ് വീട്ടിൽ ആർ.രാജേഷാണ്(44) മരിച്ചത്. പേരൂർക്കടയിൽനിന്നു മണ്ണാമ്മൂല ഭാഗത്തേക്കു പോകുകയായിരുന്നു കോൺക്രീറ്റ് മിക്സിങ് ലോറി. ഈ ലോറിയുടെ പിന്നിലായി ബൈക്കിൽ വരികയായിരുന്നു രാജേഷ്. ലോറിയും ബൈക്കും കൺകോർഡിയ സ്‍കൂളിന് മുന്നിലെത്തിയപ്പോഴായിരുന്നു അപകടം. ലോറിയുടെ പിന്നിലെ ഉയർന്ന ഭാഗം റോഡിനു കുറുകേയുള്ള ഇലക്ട്രിക്ക് കമ്പിയില്‍ കുരുങ്ങി. ഇത് ശ്രദ്ധിക്കാതെ ലോറി മുന്നോട്ടു നീങ്ങി. ഇതോടെ ഇടതുവശത്തെ ഇലക്ട്രിക്ക് തൂൺ റോഡിലേക്കു മറിഞ്ഞുവീണു. 

രാജേഷിന്‍റെയും ബൈക്കിനും മുകളിലേക്കായിരുന്നു പോസ്റ്റ് വീണത്. ഇതോടെ രാജേഷും ബൈക്കും മറിഞ്ഞു. അപകടം നടന്നയുടൻ ലോറി ഡ്രൈവർ ഇറങ്ങിയോടി. ഓടിക്കൂടിയ നാട്ടുകാർ രാജേഷിനെ ഉടനെ തന്നെ പേരൂർക്കട ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മണ്ണമ്മൂലയിൽ ഇലക്ട്രിക്കൽ സ്ഥാപനം നടത്തുകയായിരുന്നു രാജേഷ്. വെള്ളിയാഴ്ച കട തുറക്കുന്നതിന് ഇളവു ലഭിച്ചതിനെത്തുടർന്നാണ് രാവിലെ വീട്ടിൽനിന്ന്‌ ഇറങ്ങിയത്. പേരൂർക്കടയിൽ ഇലക്ട്രിക്കൽ സാധനങ്ങൾ എത്തിച്ച ശേഷം തിരികെ വരുമ്പോഴായിരുന്നു അപകടം. യുവാവിന്‍റെ ജീവന്‍ നഷ്‍ടപ്പെടാന്‍ ഇടയാക്കിയ ലോറി ഡ്രൈവര്‍ റജി എബ്രാഹമിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതേസമയം റോഡിനു കുറുകേ താഴ്ന്നുകിടന്ന ഇലക്ട്രിക്ക് കമ്പികളാണ് അപകടത്തിനു കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഈ അപകടത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് രാവിലെ മറ്റൊരു വാഹനത്തിന്‍റെ മുകൾഭാഗത്തും ഇതേ രീതിയില്‍ കമ്പികൾ കുരുങ്ങിയതായും നാട്ടുകാർ പറയുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona