Asianet News MalayalamAsianet News Malayalam

ഹെല്‍മറ്റില്ലെന്ന കാരണത്താല്‍ നഷ്‍ടപരിഹാരം കുറച്ചു, ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

ബൈക്കപകടത്തില്‍ മരിച്ചയാള്‍ അപകട സമയത്ത് ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല എന്നതിന്റെ പേരില്‍ നഷ്‍ടപരിഹാരത്തുകയില്‍ കുറവു വരുത്തിയ നടപടി ഹൈക്കോടതി റദ്ദ് ചെയ്‍തു. എന്നാല്‍ ഹെല്‍മെറ്റ് വെക്കാതെ യാത്രചെയ്യാനുള്ള ലൈസന്‍സ് അല്ലെ ഈ ഉത്തരവെന്നും കോടതി

Bike Accident Death Without Helmet Court Order
Author
Kochi, First Published Apr 18, 2021, 1:28 PM IST

കൊച്ചി: ബൈക്കപകടത്തില്‍ മരിച്ചയാള്‍ അപകട സമയത്ത് ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല എന്നതിന്റെ പേരില്‍ നഷ്‍ടപരിഹാരത്തുകയില്‍ കുറവു വരുത്തിയ നടപടി ഹൈക്കോടതി റദ്ദ് ചെയ്‍തു. നഷ്‍ടപരിഹാരമായി അനുവദിച്ച തുകയില്‍ നിന്നും 20 ശതമാനം കുറച്ച തിരൂര്‍ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിന്റെ തീരുമാനം ചോദ്യംചെയ്‍തുള്ള ഹര്‍ജിയിലാണ് ഈ ഉത്തരവെന്നും എന്നാല്‍ ഹെല്‍മെറ്റ് വെക്കാതെ യാത്രചെയ്യാനുള്ള ലൈസന്‍സ് അല്ലെ ഈ ഉത്തരവെന്ന് കോടതി വ്യക്തമാക്കിയതായും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

വാഹനാപകടത്തില്‍ മരിച്ച മലപ്പുറം മറ്റത്തൂര്‍ സ്വദേശി മുഹമ്മദുകുട്ടിയുടെ ആശ്രിതര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണ്ണായക ഉത്തരവ്.  മകന്‍ ഓടിച്ച ബൈക്കിന്റെ പിന്നിലിരുന്ന് യാത്രചെയ്യുമ്പോഴായിരുന്നു മുഹമ്മദ് കുട്ടിയുടെ ജീവന്‍ നഷ്‍ടമാക്കിയ അപകടം. ബൈക്കകില്‍ എതിരേവന്ന ജീപ്പ് ഇടിക്കുകയായിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ ആശ്രിതര്‍ക്ക് നഷ്‍ടപരിഹാരമായി അനുവദിച്ച 33,03,700 രൂപയില്‍നിന്ന് ഹെല്‍മെറ്റ് വെക്കാത്തതിന്റെ പേരില്‍ 20 ശതമാനം കുറച്ച് 26,42,960 രൂപ നല്‍കാനായിരുന്നു ട്രിബ്യൂണല്‍ ഉത്തരവ്. ഇതാണ് ഹൈക്കോടതി റദ്ദ് ചെയ്‍തത്.

ഹെല്‍മെറ്റ് വെച്ചില്ലെന്നതിന്റെ പേരില്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് സെക്ഷന്‍ 129 ലംഘിച്ചുവെന്ന് കണ്ടെത്തി ട്രിബ്യൂണലിന് നഷ്ടപരിഹാരം കുറയ്ക്കാനാകില്ലെന്നും ഇക്കാര്യത്തില്‍ മറ്റ് തെളിവുകളും വേണ്ടതുണ്ടെന്ന് വിലയിരുത്തിയുമാണ് ട്രിബ്യൂണല്‍ ഉത്തരവ് കോടതി റദ്ദാക്കിയത് എന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് ഹെല്‍മെറ്റ് വെക്കാതെ യാത്രചെയ്യാനുള്ള ലൈസന്‍സല്ലെന്ന് കോടതി വ്യക്തമാക്കി. ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ ഹെല്‍മെറ്റ് വെക്കണമെന്ന നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് അധികൃതരോട് കോടതി നിര്‍ദേശിക്കുകയും ചെയ്‍തെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അതേസമയം നഷ്‍ടപരിഹാരം നിശ്ചയിച്ചതില്‍ അപാകം ഉണ്ടെന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദം അംഗീകരിച്ച ഹൈക്കോടതി തുക പുനര്‍നിശ്ചയിച്ചു. സ്വകാര്യ കോളേജില്‍ സീനിയര്‍ ഗ്രേഡ് ലക്ചററായിരുന്ന മുഹമ്മദുകുട്ടിക്ക് 37,308 രൂപയായിരുന്നു മാസശമ്പളം. ഈ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ 11 വര്‍ഷത്തെ വരുമാനം കണക്കാക്കി നഷ്‍ടപരിഹാരം നിശ്ചയിക്കുകയായിരുന്നു. ഇതിനെയാണ് നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ചോദ്യംചെയ്‍തത്.

മരിക്കുമ്പോള്‍ 52 വയസ്സുള്ള മുഹമ്മദു കുട്ടി മൂന്നുവര്‍ഷം കഴിയുമ്പോള്‍ സര്‍വീസില്‍നിന്ന് വിരമിക്കും. ഇതിന് അനുസരിച്ച് നഷ്‍ടപരിഹാരം നിശ്ചയിക്കണമെന്നായിരുന്നു ഇന്‍ഷുറന്‍സ് കമ്പനിയുടെ ആവശ്യം. ഈ വാദം കണക്കിലെടുത്ത് നഷ്ടപരിഹാരം കോടതി പുനര്‍നിര്‍ണയിച്ചു. ഇതനുസരിച്ച് ആശ്രിതര്‍ക്ക് 25,66,093 രൂപ 7.5 ശതമാനം പലിശ സഹിതം നഷ്‍ടപരിഹാരമായി നല്‍കണമെന്നാണ് ഉത്തരവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Follow Us:
Download App:
  • android
  • ios