അടുത്തകാലത്തായി നടക്കുന്ന പല അപകടങ്ങളും സിസിടിവി ക്യാമറകളില്‍ പതിയാറുണ്ട്. ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി ചിലരെയെങ്കിലും ബോധവാന്മാരാക്കുന്നതില്‍ ഇത്തരം വീഡിയോകള്‍ ഒരുപരിധി വരെ സഹായിച്ചേക്കും. 

റോഡിലെ നമ്മുടെ അശ്രദ്ധമായ ഡ്രൈവിംഗിന് ഇരയാകേണ്ടി വരിക പലപ്പോഴും നിരപരാധികളായിരിക്കും. ഇരുചക്രവാഹന യാത്രക്കാരായിരിക്കും ആ നിര്‍ഭാഗ്യവാന്മാരില്‍ ഭൂരിഭാഗവും. കാരണം വലിയ വാഹന ഡ്രൈവര്‍മാരുടെ ഇത്തരം അശ്രദ്ധക്കും അലക്ഷ്യമായ ഡ്രൈവിംഗിനും ഇരയാകുക അവരായിരിക്കും. കാറുകളും മറ്റുവലിയ വാഹനങ്ങളും ശ്രദ്ധിക്കാതെ തിരിക്കുന്നതും മുന്നോട്ടെടുക്കുന്നതുമൊക്കെ പലപ്പോഴും ഇരുചക്രവാഹന യാത്രികരുടെ ജീവൻ തന്നെ അപകടത്തിലാക്കും. 

ഇത്തരത്തിലുള്ള ഒരു അപകടത്തിന്‍റെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അശ്രദ്ധമായി റോഡിന് കുറുകെ യൂടേൺ എടുക്കാൻ ശ്രമിച്ച കാറിൽ ഇടിച്ച് തെറിച്ചുവീഴുന്ന ബൈക്ക് യാത്രികരുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. 

മലപ്പുറം തുരൂരങ്ങാടി വെളിമുക്കിലാണ് ഈ അപകടം. ബൈക്ക് വരുന്നത് ശ്രദ്ധിക്കാതെ നടുറോഡില്‍ കാർ യൂടേൺ എടുത്തതാണ് അപകട കാരണം. റോഡിന് കുറുകെ എത്തിയ കാറിലേക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. വേഗത്തിലെത്തിയ ബൈക്ക് ബ്രേക്ക് പിടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ പിന്നിലിരുന്ന ആൾ തെറിച്ച് കാറിനപ്പുറത്തു പോകുന്നതും വിഡിയോയിൽ വ്യക്തമാണ്.

യൂ ടേണ്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

  • റോഡുകളിൽ യൂടേൺ എടുക്കുന്നതിന് മുമ്പ് ഇരുവശത്തു നിന്നും മറ്റു വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തുക
  • യു ടേണ്‍ എടുക്കുന്നതിന് 30 മീറ്റര്‍ മുമ്പെങ്കിലും ഇന്‍ഡിക്കേറ്റര്‍ ഇടുക
  • ഇന്‍ഡിക്കേറ്റര്‍ ഇട്ടതുകൊണ്ടുമാത്രം എവിടെ വച്ചും തിരിയാന്‍ അവകാശമുണ്ടെന്ന് കരുതരുത്. എതിര്‍ ദിശയില്‍ നിന്ന് വാഹനം വരുന്നില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രമേ തിരിയാവൂ. 
  • റിയര്‍ വ്യൂ മിററുകളിലൂടെ പിന്നിലെ ട്രാഫിക്കും ശ്രദ്ധിക്കുക
  • പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകുക
  • റൗണ്ട് എബൗട്ടുകളിൽ ആദ്യം പ്രവേശിക്കുന്ന വാഹനത്തിനായിരിക്കണം മുൻഗണന