വീഡിയോ ചിത്രീകരിച്ചുകൊണ്ട് അമിത വേഗത്തിലോടിച്ച ബൈക്ക് റോഡരികിലൂടെ നടന്നു പോവുകയായിരുന്ന വയോധികനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു

തിരുവനന്തപുരം: വീഡിയോ ഷൂട്ട് ചെയ്യാനായി ബൈക്ക് അഭ്യാസം നടത്തുന്നതിനിടെ അപകടം. നിയന്ത്രണം തെറ്റി പാഞ്ഞുകയറിയ ബൈക്കിടിച്ച് വയോധികന് ഗുരുതരമായി പരിക്കേറ്റു. കിളിമാനൂര്‍ പൊലീസ് സ്റ്റേഷന് അടുത്തുള്ള തൊളിക്കുഴി റോഡില്‍ ആണ് അപകടം. വീഡിയോ ചിത്രീകരിച്ചുകൊണ്ട് അമിത വേഗത്തിലോടിച്ച ബൈക്ക് റോഡരികിലൂടെ നടന്നു പോവുകയായിരുന്ന വയോധികനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. 

ചാരുപാറ താഴ്‌വാരം വീട്ടിൽ ഭാസ്‍കരപിള്ള (90) യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

പോലീസ് സ്റ്റേഷൻ-തൊളിക്കുഴി റോഡിൽ ഞായറാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. മകളുടെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് നടന്നുപോകുമ്പോൾ അമിതവേഗതയിൽ വന്ന ബൈക്കുകളിലൊന്ന് ഭാസ്‍കരപിള്ളയെ ഇടിച്ചിടുകയായിരുന്നു. തലയ്ക്കും കാലിനും നട്ടെല്ലിനും ഗുരുതരമായ പരിക്കുണ്ട്. സംഭവത്തിൽ. ബൈക്കില്‍ സഞ്ചരിച്ചവര്‍ക്കെതിരെ വയോധികന്‍റെ കുടുംബം കിളിമാനൂര്‍ പൊലീസിലും മോട്ടോർ വാഹന വകുപ്പിനും പരാതി നൽകി. ഭാസ്‍കരപ്പിള്ളയുടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‍പെക്ടര്‍ കൂടിയായ മകന്‍ മുരളീധരന്‍ ആണ് പരാതി നല്‍കിയതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്തിടെ ഈ റോഡിൽ ബൈക്കോട്ടമത്സരങ്ങൾ നടക്കുന്നതായും പരാതിയിൽ പറയുന്നു. കുറ്റക്കാരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കുള്ള കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ്‌ വിഭാഗം അറിയിച്ചു. അപകടകരമായി ബൈക്ക് ഓടിക്കുന്നതിനെതിരേ ‘ഓപ്പറേഷൻ റാഷ്’ ജില്ലയിലുടനീളം വ്യാപിപ്പിച്ച് നടപടി ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമാന സംഭവത്തില്‍ കഴിഞ്ഞദിവസം നെയ്യാർ ഡാമിൽ ബൈക്ക് റേസിംഗ് നടത്തിയ യുവാവിന്‍റെ കാല് അപകടത്തിൽപ്പെട്ട് ഒടിഞ്ഞു തൂങ്ങിയിരുന്നു. റോഡിലൂടെ കടന്നു പോയ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു ഈ അപകടം. തുടര്‍ന്ന് ബൈക്ക് റേസിംഗ് നടത്തിയ യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിക്കുകയും ചെയ്‍തിരുന്നു.

ചിത്രം - പ്രതീകാത്മകം