തിരുവനന്തപുരം: കഴിഞ്ഞ ദിവസം രാത്രി നടന്ന ഒരു ദുരൂഹ സംഭവത്തിന്‍റെ ഞെട്ടലിലാണ് തിരുവനന്തപുരത്തെ റെയിൽവേ അധികൃതരും ജീവനക്കാരും യാത്രികരുമൊക്കെ. അർധരാത്രിയില്‍ റെയിൽവേ ട്രാക്കിലൂടെ ബൈക്കില്‍ പാഞ്ഞ അജ്ഞാതരായ യുവതിയും യുവാവുമാണ് റെയില്‍വേയെ ഞെട്ടിച്ചത്.  

പാറശ്ശാലയ്ക്ക് സമീപം എയ്തുകൊണ്ടാന്‍ കാണിയില്‍ രാത്രി 12 മണിയോടെയാണ് അമ്പരപ്പിക്കുന്ന സംഭവം. ചെന്നൈ-ഗുരുവായൂര്‍ എക്‌സ്പ്രസ് കടന്നുപോവുന്നതിന് തൊട്ടുമ്പാണ് ട്രാക്കിലൂടെ ഒരു ബൈക്ക് ചീറിപ്പാഞ്ഞത്. ഒരു യുവാവും യുവതിയുമായിരുന്നു ബൈക്കില്‍. ട്രെയിന്‍ വരുന്നതിനായി ലവല്‍ ക്രോസിലെ ഗേറ്റ് അടയ്ക്കുന്നതിന് നിമിഷങ്ങള്‍ക്കു മുമ്പ് ബൈക്ക് പാളത്തില്‍ കയറ്റി ട്രാക്കിലൂടെ ഓടിച്ചുപോവുകയായിരുന്നു. ഉടന്‍ തന്നെ ഗേറ്റ് കീപ്പര്‍ ബൈക്ക് പോയ ദിശയിലുള്ള കണ്ണന്‍കുഴി ലവല്‍ ക്രോസില്‍ വിവരമറിയിച്ചു. 

ഇതോടെ ഗുരുവായൂര്‍ എക്‌സ്പ്രസ് വഴിയില്‍ പിടിച്ചിട്ടു. എയ്തുകൊണ്ടാൻകാണി ലവൽക്രോസില്‍ 20 മിനിറ്റോളമാണ് ട്രെയിന്‍ നിര്‍ത്തിയിട്ടത്. പിന്നീട് ട്രെയിന്‍ഡ യാത്ര തുടര്‍ന്നു. വഴിയില്‍ വച്ച് ട്രാക്കിനരികില്‍ ബൈക്കും അരികിലായി യാത്രികരെയും കണ്ട ട്രെയിനിന്റെ ലോക്കോ പൈലറ്റ് വാഹനനമ്പര്‍ കൈമാറി . എന്നാൽ ഇത് വ്യാജനമ്പരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവം ആത്മഹത്യശ്രമമാണോ അതോ അട്ടിമറി നീക്കമാണോ എന്ന് ഉറപ്പാക്കിയിട്ടില്ല. പൊലീസും റയില്‍വെ സംരക്ഷണസേനയും അന്വേഷണം തുടങ്ങി.