അപകടത്തെ തുടര്‍ന്ന് ആളില്ലാതെ ഓടിയ ബൈക്ക് സെക്യൂരിറ്റി ജീവനക്കാരനെ ഇടിച്ചിട്ടു. അങ്കമാലിയിലാണ് ഈ അവിശ്വസനീയമായ അപകടം നടന്നിരിക്കുന്നത്. ടെൽക്കിന്‍റെ ഗേറ്റിനകത്ത് സെക്യൂരിറ്റി ഓഫിസിനു മുന്നിൽ നിൽക്കുകയായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ സുരേന്ദ്രൻ നായര്‍ (50) നെയാണ് ആളില്ലാതെ ഓടിയെത്തിയ ബൈക്ക് ഇടിച്ചിട്ടത്.

കോയമ്പത്തൂരിൽ നിന്ന് എറണാകുളത്തേക്കു പോകുകയായിരുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനി ജീവനക്കാരൻ വാൽപാറൈ മുക്കോട്ടുകുടി ദിനേഷ്‍ കുമാര്‍ (29) സഞ്ചരിച്ചിരുന്ന ബൈക്കാണ് അപകടത്തില്‍പ്പെട്ടത്.  ടെൽക് റെയിൽവേ മേൽപാലത്തിനു സമീപമായിരുന്നു അപകടം. ബ്രേക്ക് തകരാറിലായതിനെ തുടർന്നു ബൈക്കിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം. അപകടത്തിൽപ്പെട്ട് തെറിച്ചുവീണ ദിനേഷ്‍ കുമാർ മേൽപാലത്തിന്റെ കൈവരിയിൽ തൂങ്ങിക്കിടന്നു. തുടർന്ന് ആളില്ലാതെ റോഡിനു കുറുകെ ഓടിയ ബൈക്കാണ് ഗേറ്റ് കടന്നെത്തി സെക്യൂരിറ്റി ഓഫിസിന്റെ വരാന്തയിൽ നിന്ന സുരേന്ദ്രൻനായരെ ഇടിച്ചു വീഴ്ത്തിയത്. സുരേന്ദ്രൻനായർ ഭക്ഷണം കഴിക്കാനായി സെക്യൂരിറ്റി ഓഫിസിൽ നിന്ന് പുറത്തിറങ്ങി സുഹൃത്തിനെ നോക്കാനായി തിരിയുന്നതിനിടയിലാണ് പിന്നിൽ നിന്നും ബൈക്കിടിച്ചത്. 

തിരക്കേറിയ ദേശീയപാതയുടെ രണ്ടുവരി റോഡുകളും അനായാസം മുറിച്ചുകടന്ന ബൈക്ക് ടെൽക്കിന്റെ ഗേറ്റും കടന്ന് സെക്യൂരിറ്റി ഓഫിസിന്റെ വരാന്ത വരെയെത്തിയതാണ് ഞെട്ടിപ്പിക്കുന്നത്.