നടുറോഡില്‍ ബൈക്ക് സ്റ്റണ്ടിംഗ് നടത്തുന്നതിനിടെ രണ്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. കഴിഞ്ഞദിവസം ബംഗളൂരുവില്‍ നടന്ന അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

ഞായറാഴ്ച പുലർച്ചെ ബല്ലാരി റോഡിലാണ് സംഭവം നടന്നതെന്ന് ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ് (ബിടിപി) അധികൃതർ അറിയിച്ചു. ബെംഗളൂരുവിലെ എയര്‍പോര്‍ട്ട് റോഡിലെ ജാക്കൂര്‍ എയറോഡ്രോമിന് സമീപം സ്റ്റണ്ട് ചെയ്യുകയായിരുന്നു മൂവരും. ആരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. ഇവരിൽ രണ്ടുപേർ ഹോണ്ട ഡിയോയും മറ്റൊരാൾ രജിസ്ട്രേഷൻ നമ്പർ ഇല്ലാതെ യമഹ ആർ‌എക്സ് 100 ബൈക്കും ഉപയോഗിച്ചാണ് സ്റ്റണ്ട് നടത്തിയത്. 

ബൈക്ക് വീലിങ് ചെയ്യുന്നതിനിടെ മറ്റൊരു ഇരുചക്ര വാഹനത്തിൽ ഇടിക്കുകയായിരുന്നു. ബെംഗളൂരുവിലെ ഗോവിന്ദപുര പ്രദേശവാസികളാണ് മരിച്ച മൂന്നുപേരും. മരിച്ച മൂന്നു പേരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണെന്നും മൂന്നാമൻ 22 വയസ് പ്രായമുള്ളയാളാണെന്നും പൊലീസ് വ്യക്തമാക്കി. പ്രായപൂർത്തിയാകാത്തവർ പത്താം ക്ലാസ് വിദ്യാർത്ഥികളും മൂന്നാമന്‍ നഗരത്തിലെ ഒരു സ്വകാര്യ കോളേജിൽ ബി കോം വിദ്യാർത്ഥിയുമായിരുന്നു. തലയടിച്ച് റോഡിലേക്ക് തെറിച്ചുവീണതാണ് മരണ കാരണം. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം നല്‍കിയ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ ഗതാഗതനിയമം അനുസരിച്ച് പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് വാഹനം നല്‍കിയാല്‍ മാതാപിതാക്കള്‍ക്കും വാഹന ഉടമയ്‍ക്കും എതിരെ കേസെടുക്കാം. 

ഈ പ്രദേശങ്ങളില്‍ ബൈക്കിലും സ്കൂട്ടറിലുമായി അഭ്യാസ പ്രകടനങ്ങൾ നടത്തി അപകടമുണ്ടാകുന്നത് നേരത്തെയും പതിവായിരുന്നു. മൂന്ന് യുവാക്കൾക്ക് ജീവൻ നഷ്ടപ്പെട്ട ഇതേ സ്ഥലത്ത് തന്നെ പലതവണ ഇത്തരം സംഭവുമായി ബന്ധപ്പെട്ട് നിരവധി ആളുകളെ പൊലീസ് പിടികൂടിയിട്ടുമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.