തിരുവനന്തപുരം: ഒരു അപകടം നടക്കുമ്പോള്‍ പലരും രക്ഷകരായി എത്താറുണ്ട്.  മറ്റൊന്നും മോഹിക്കാതെ സഹജീവി സ്‍നേഹം മാത്രമാകും ഇവരില്‍ ഭൂരിഭാഗത്തിന്‍റെയും കൈമുതല്‍. എന്നാല്‍ വാഹനാപാകടത്തില്‍ രക്ഷകനായെത്തിയ ആള്‍ തന്നെ വാഹനം മോഷ്‍ടിച്ചു കടന്നുകളഞ്ഞിരിക്കുകയാണ് ഇവിടെ.

ബൈക്കപകടത്തില്‍ പരുക്കേറ്റ തിരുവനന്തപുരം സ്വദേശിയായ യുവാവിനാണ് ഈ ദുരനുഭവം.  പരിക്കേറ്റയാലെ ആശുപത്രിയിൽ എത്തിച്ചശേഷം അതേ ബൈക്കുമായി രക്ഷകന്‍ കടന്നു. ബാലരാമപുരത്താണ് സംഭവം.  വെടിവച്ചാൻകോവിൽ–പുന്നമൂട് റോഡിലായിരുന്നു അപകടം.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മഞ്ചവിളാകം പള്ളിവിളാകം ഹൗസിൽ സി എസ് ജിജോയ്ക്കാണ് അപകടത്തിൽ പരുക്കേറ്റത്. ബൈക്കില്‍ നിന്നും വീണ ജിജോയെ ഇയാളെ ആശുപത്രിയിൽ എത്തിക്കുകയും കൂടെ നിന്ന് സഹായിക്കുകയും ചെയ്തയാളാണ് പിന്നീട് ബൈക്കുമായി കടന്നുകളഞ്ഞത്.

സംഭവത്തില്‍ അന്വേഷണം പൊലീസ് ഊർജിതമാക്കി. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഈ ദൃശ്യങ്ങളില്‍ നിന്നുള്ള ഫോട്ടോകള്‍ പൊലീസ് പുറത്തു വിട്ടിട്ടുണ്ട്. എന്നാല്‍ ഇത് തിരിച്ചറിയാന്‍ അപകടസമയത്തുണ്ടായിരുന്ന പലര്‍ക്കും കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.