ലോക്ക് ഡൗണിനിടെ വാഹനം തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ റോഡിലൂടെ വലിച്ചിഴച്ച് പായുന്ന ബൈക്കിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. മുംബൈയിലാണ് സംഭവം. വാഹനം തടഞ്ഞ പൊലീസ് ഇൻസ്പെക്ടറെ വഴിച്ചിഴച്ചു പോകുന്ന ഒരു ബൈക്കാണ് സിസിടിവിയിൽ കുരുങ്ങിയത്. ബൈക്കിന്‍റെ പിന്നില്‍ കുരുങ്ങിയ ഉദ്യോഗസ്ഥനുമായി ബൈക്ക് പായുന്നതും പിന്നാലെ മറിയുന്നതും വീഡിയോയില്‍ വ്യക്തമാണ്. 

ലോക്ക് ഡൗണിനിടെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ അടുത്തിടെ പല അപകടങ്ങളും നടന്നിരുന്നു. തമിഴ്‍നാട്ടില്‍ പൊലീസ് ജീപ്പിനെ ഇടിച്ചു തെറിപ്പിച്ചു പായുന്ന അംബാസിഡര്‍ കാറിന്‍റെ ദൃശ്യങ്ങള്‍ അടുത്തിടെ വൈറലായിരുന്നു. റോഡിന് കുറുകെയിട്ടിരുന്നു പൊലീസ് വാഹനത്തെയും കൈ കാണിച്ച പൊലീസ് ഉദ്യോഗസ്ഥനെയും ഇടിച്ചു തെറിപ്പിച്ചാണ് കാര്‍ പാഞ്ഞത്.  പൊലീസ് ജീപ്പില്‍ ഇടിച്ചിട്ടും നിയന്ത്രണം വീണ്ടെടുത്ത കാര്‍ അനയാസം ഓടിച്ചു പോകുകയായിരുന്നു.  ഇടിയുടെ ആഘാതത്തിൽ പൊലീസുകാരന് പരിക്കേൽക്കുകയും ജീപ്പിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അംബാസിഡർ കാറിലെത്തിയവർ ബോധപൂര്‍വ്വം ഇടിപ്പിക്കുകയായിരുന്നു എന്ന് വീഡിയോ വ്യക്തമാക്കുന്നത്. 

മുംബൈയിലെ സംഭവത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ഈ സംഭവത്തിന്‍റെ വീഡിയോ.