Asianet News MalayalamAsianet News Malayalam

കളിയാക്കിയ ബ്രിട്ടീഷുകാരന് എട്ടിന്‍റെ പണി, വണ്ടി വാങ്ങാന്‍ സര്‍ദാര്‍ജി ചെലവിട്ടത് 130 കോടി!

ഇതോടെ റൂബ​ന്‍റെ പക്കലുള്ള റോൾസ്​ റോയ്​സുകളുടെ മൂല്യം 130 കോടി രൂപയായിട്ടുണ്ട്​ എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Billionaire Reuben Singh Rolls Royce Revenge Story
Author
UK, First Published Aug 20, 2021, 6:08 PM IST

ന്‍റെ തലപ്പാവിന ബാൻഡേജ് എന്നു വിളിച്ച് പരിഹസിച്ച ബ്രിട്ടിഷ് വ്യവസായിയെ വ്യത്യസ്‍തമായ രീതിയില്‍ വെല്ലുവിളിച്ച് തോല്‍പ്പിച്ച  റൂബൻ സിങ്ങെന്ന സിഖുകാരനെ ഓര്‍മ്മയില്ലേ? 2018 ജനുവരി ആദ്യവാരമായിരുന്നു ആ സംഭവം. ആഴ്‍ചയിൽ ഏഴു ദിവസവും തന്റെ തലപ്പാവിന്റെ അതേനിറത്തിലുള്ള കോടികള്‍ വിലയുള്ള റോള്‍സ് റോയ്‍സ് കാറുകളിലെത്തി ബ്രിട്ടീഷുകാരെ മുഴുവന്‍ വെല്ലുവിളിച്ച റൂബന്‍ കാരണം കോളടിച്ചത്​ റോൾസ് റോയിസിനാണെന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

കാരണം പ്രതികാരത്തിനായാണ്​ കാർ വാങ്ങിയതെങ്കിലും സർദാർജി ഇതോടെ റോൾസി​ന്‍റെ വലിയ ആരാധകനായി മാറി. പുതിയ ആറ് റോള്‍സ് റോയ്‍സ് കാറുകള്‍ കൂടി ഒരുമിച്ച് വാങ്ങി റൂബന്‍ സിങ്ങ്. 2019ല്‍ ആയിരുന്നു അത്.  പുതുപുത്തൻ റോൾസ്​ എസ്​.യു.വിയായ കള്ളിനൻ, ഏറ്റവും വിലകൂടിയ വകഭേദമായ ഫാൻറം എന്നിങ്ങനെ ആറ്​ റോൾസ്​ റോയ്​സുകളെക്കൂടി പിന്നീട്​ റൂബൻ സ്വന്തമാക്കി. ഇതോടെ റൂബ​ന്‍റെ പക്കലുള്ള റോൾസ്​ റോയ്​സുകളുടെ മൂല്യം 130 കോടി രൂപയായിട്ടുണ്ട്​ എന്നാണ് റിപ്പോര്‍ട്ടുകള്‍. റോൾസ്​ റോയ്​സി​ന്‍റെ സിഇഒ നേരിട്ട്​ എത്തിയാണ് അവസാനത്തെ ഡെലിവറി നടത്തിയത്. 

റൂബ​ന്‍റെ പ്രതികാരം
റൂബ​ന്‍റെ മധുര പ്രതികാര കഥ ഇങ്ങനെ. ബ്രിട്ടനിലെ ഓള്‍ഡേ പിഎ, ഇഷര്‍ ക്യാപിറ്റല്‍ ഉള്‍പ്പെടുന്ന വ്യവസായ സംരഭങ്ങളുടെ തലവനാണ് ബ്രിട്ടനിലെ ഏറ്റവും വലിയ സിങ് കോടീശ്വരന്മാരിൽ ഒരാളു കൂടിയായ റൂബൻ സിങ്. 2018ല്‍ ഒരിക്കല്‍ ഒരു ബ്രിട്ടീഷ്​ വർണവെറിയൻ സിങ്ങിന്‍റെ തലപ്പാവി​നെ കളിയാക്കി. ബാന്‍ഡേജ് എന്നു വിളിച്ചായിരുന്നു ആ പരിഹാസം. അഭിമാനത്തിൽ മുറിവേറ്റ റൂബൻ, തന്‍റെ ട്വിറ്റർ അക്കൌണ്ടിലൂടെ​ തലപ്പാവി​​ന്‍റെ നിറത്തിലുള്ള റോൾസ്​ റോയ്​സുകൾ വാങ്ങാനുള്ള തീരുമാനം അറിയിച്ചു. 

റോൾസ് റോയ്സ് ഫാന്റം  ഡോൺ, റെയ്‍ത്, ഗോസ്റ്റ് തുടങ്ങിയ എല്ലാ മോഡലുകളേയും തന്‍റെ തലപ്പാവുകളുടെ നിറത്തില്‍ അണിനിരത്തിയായിരുന്നു  റൂബൻറെ മധുരപ്രതികാരം. ഏഴു ദിവസും തലപ്പാവിന്റെ നിറത്തിലുള്ള സ്വന്തം ഉടമസ്ഥതയിലുള്ള റോൾസ് റോയ്‍സ് കാറിൽ എത്തുക എന്നതായിരുന്നു ചലഞ്ച്.  ഈ ചലഞ്ച് ഹിറ്റായതോടെ സോഷ്യല്‍ മീഡിയയിൽ സൂപ്പർതാരമായിരുന്നു അന്ന് റൂബൻ. ബ്രിട്ടീഷുകാരുടെ അഭിമാന സ്​ഥാപനമായ റോൾസിലൂടെ ത​​ന്‍റെ പ്രതികാരം നിറവേറ്റുകയായിരുന്നു അദ്ദേഹത്തി​ന്‍റെ ലക്ഷ്യം. ഇതോടൊപ്പം ദശലക്ഷങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങളും റൂബൻ പ്രഖ്യാപിച്ചു. ​തലപ്പാവി​ന്‍റെ നിറമുള്ള റോൾസിനരികിൽ റൂബൻ നിൽക്കുന്ന ചിത്രങ്ങൾ നേരത്തേ വൈറലായിരുന്നു.

രത്നങ്ങളുടെ ശേഖരം
രത്‌നങ്ങളുടെ ശേഖരം എന്നാണ് റൂബന്‍ തന്‍റെ റോല്‍സ് റോയിസ് ശേഖരത്തെ വിളിക്കുന്നത്. കാറുകളോരോന്നിനും രത്‌നങ്ങളുടെ നിറമായത് കാരണമാണ് ഇങ്ങനെ പേരിട്ടു വിളിക്കുന്നത്. ഫാന്റത്തിന്റെയും കള്ളിനന്റെയും ഓരോ കാറിനും മരതകം, പവിഴം, ഇന്ദ്രനീലം എന്നീ രത്‌നങ്ങളുടെ നിറമാണ് നല്‍കിയിരിക്കുന്നത്. മരതകം, പവിഴം എന്നിവയുടെ നിറത്തിലുള്ള കാറുകള്‍ വളരെ വേഗം തന്നെ കിട്ടിയപ്പോള്‍ ഇന്ദ്രനീലത്തിന്റെ നിറത്തിലുള്ളവ കിട്ടിയത് അടുത്തിടെയാണ്. റോള്‍സ് റോയ്‍സ് സെഡാന്‍ ശ്രേണിയില്‍ ഏറ്റവും വിലയേറിയ അത്യാഢംബര കാറാണ് റോള്‍സ് റോയ്‍സ് ഫാന്റമെങ്കില്‍ കമ്പനിയുടെ ഏക എസ്‍യുവിയാണ് കള്ളിനന്‍.  ഏകദേശം 2.5 ലക്ഷം യൂറോയാണ് റോൾസ് റോയ്സ് കള്ളിനാന്റെ യൂറോപ്യൻ വില. ഫാന്റത്തിന്റെ യുകെ വില ഏകദേശം 3.6 ലക്ഷം യൂറോയാണ്.

റൂബ​ന്‍റെ കാറുകൾ
യുകെയിൽ സ്ഥിരതാമസമാക്കിയ റൂബൻ 20ആം വയസ്സിൽ ബിസിനസ്​ ആരംഭിച്ചു. 1995 -ൽ മിസ്സ്​ ആറ്റിറ്റ്യൂഡ് എന്ന പേരിൽ ഒരു വസ്ത്ര റീട്ടെയിൽ ശൃംഖല സ്ഥാപിച്ചു. പിന്നീടാണ്​ ഓൾ ഡേ പി.എ സ്​ഥാപിച്ചത്​. ബ്രിട്ടീഷ് ബില്‍ഗേറ്റ്‌സ് എന്നാണ് റൂബന്‍ സിങ് അറിയപ്പെടുന്നത്.

അതേസമം റോൾസ് റോയിസിൽ മാത്രം ഒതുങ്ങുന്നതല്ല റൂബ​ന്‍റെ കാർ കലക്ഷൻ. ബുഗാട്ടി വെയ്‌റോണ്‍, പോര്‍ഷ 918 സ്‌പൈഡര്‍, പഗാനി ഹുയാറ, ലംബോര്‍ഗിനി ഹുറാക്കാന്‍, ഫെറാറി എ12 ബെര്‍ലിനെറ്റ തുടങ്ങി നിരവധി സൂപ്പർകാറുകൾ റൂബന്‍ സിങ്ങിന്‍റെ ഗാരേജിലുണ്ട്. കാറുകൾക്ക് പുറമേ സ്വകാര്യ ജെറ്റ് വിമാനങ്ങളും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.  ടോണി ബ്ലെയര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് സര്‍ക്കാരില്‍ ഇദ്ദേഹം പല പദവികളും  വഹിച്ചിട്ടുണ്ട്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios