Asianet News MalayalamAsianet News Malayalam

ഇടിച്ച ഇന്നോവ നിര്‍ത്താതെ പാഞ്ഞു, നമ്പര്‍ പരിശോധിച്ച കാറുടമ ഞെട്ടി!

കാറുകാരന്‍ ഒരുവിധം പിന്തുടര്‍ന്നെങ്കിലും പൊടുന്നനെ കണ്‍മുന്നില്‍ നിന്നും അപ്രത്യക്ഷമായി ആ വണ്ടി. ഒടുവില്‍, കയ്യില്‍ കിട്ടിയ രജിസ്ട്രേഷന്‍ നമ്പര്‍ വച്ച് മോട്ടോര്‍വാഹന വകുപ്പിന്‍റെ വെബ്‍സൈറ്റില്‍ പരിശോധന നടത്തിയ കാറുകാരന്‍ ഞെട്ടിപ്പോയി

Black Listed Toyota Innova Hit And Run
Author
Trivandrum, First Published Aug 7, 2021, 3:05 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: കാറില്‍ ഇടിച്ച ശേഷം നിര്‍ത്താതെ ഇന്നോവ പാഞ്ഞു. കാറുകാരന്‍ ഒരുവിധം പിന്തുടര്‍ന്നെങ്കിലും പൊടുന്നനെ കണ്‍മുന്നില്‍ നിന്നും അപ്രത്യക്ഷമായി ആ വണ്ടി. ഒടുവില്‍, കയ്യില്‍ കിട്ടിയ രജിസ്ട്രേഷന്‍ നമ്പര്‍ വച്ച് മോട്ടോര്‍വാഹന വകുപ്പിന്‍റെ വെബ്‍സൈറ്റില്‍ പരിശോധന നടത്തിയ കാറുകാരന്‍ ഞെട്ടിപ്പോയി. മോട്ടോര്‍ വാഹന വകുപ്പ് ബ്ലാക്ക് ലിസ്റ്റ് ചെയ്‍ത വണ്ടി, പേരില്‍ നിരവധി കേസുകള്‍! കഴിഞ്ഞ ദിവസം തലസ്ഥാനത്ത് നടന്ന ഈ നാടകീയ സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

തലസ്ഥാന നഗരിയില്‍ പാളയം ഭാഗത്ത് വച്ചാണ് കഴിഞ്ഞ ദിവസം സംഭവങ്ങളുടെ തുടക്കം. രാജീവ് ചന്ദ്രശേഖരന്‍ നായര്‍ എന്നയാളുടെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാറില്‍ PRESS എന്ന സ്റ്റിക്കർ ഒട്ടിച്ച ഒരു ഇന്നോവ കാർ വന്നിടിച്ച് നിർത്താതെ പോകുകയായിരുന്നു. തുടര്‍ന്ന് വാഹനത്തെ ശാസ്‍തമംഗലം പൈപ്പിൻമൂട് വരെ പിന്തുടർന്നെങ്കിലും ഇന്നോവ ഒന്ന് സ്ലോ പോലും ചെയ്യാതെ വീണ്ടും പാഞ്ഞു എന്നുമാണ് രാജീവ് ചന്ദ്രശേഖരന്‍ നായര്‍ ഫേസ് ബുക്കില്‍ കുറിക്കുന്നത്.

പിന്നീട് മോട്ടോര്‍ വാഹന വകുപ്പിന്‍റെ വെബ്‍സൈറ്റില്‍ രജസ്ട്രേഷന്‍ നമ്പര്‍ നല്‍കിയപ്പോഴാണ് അമ്പരപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.  മോട്ടോർ വാഹന വകുപ്പിന്റെ വെബ്‌സൈറ്റിൽ ബ്ലാക്ക് ലിസ്റ്റ് ചെയ്‍തിട്ടുള്ള ഇന്നോവയായിരുന്നു ഇത്. നിലവില്‍ ഈ വാഹനത്തിനെതിരെ 27 കേസുകൾ ആണുള്ളത്. ഈ വിവരങ്ങളുടെ സ്‍ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ സഹിതം പോസ്റ്റുകള്‍ ഇട്ടതോടെ സംഭവം വൈറലാകുകയായിരുന്നു. ഇത്രയും കേസുകള്‍ ഉള്ളൊരു വാഹനം എങ്ങനെയാണ് പരിശോധനകളെ മറികടന്ന് ജീവന് ഭീഷണിയായി നിരത്തില്‍ ഓടുന്നതെന്നാണ് പലരും ചോദിക്കുന്നത്. 

എന്നാല്‍ ഈ സംഭവത്തില്‍ കേസെടുക്കേണ്ടത് പൊലീസ് ആണെന്നാണ് മോട്ടോര്‍വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും മറ്റും പൊലീസിനെ സ്വമേധയാ കേസെടുക്കാം എന്ന് മോട്ടോര്‍വാഹന വകുപ്പിലെ ഒരു ഉന്നതോദ്യോഗസ്ഥന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. വലിയ കേസുകളും പിഴകളും ഉള്ള വാഹനങ്ങളെയാണ് ഇത്തരത്തില്‍ ബ്ലാക്ക് ലിസ്റ്റില്‍പ്പെടുത്തുന്നതെന്നാണ് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. രജിസ്ട്രഷന്‍ ചെയ്യാതെ നിരത്തിലിറക്കിയ വാഹനങ്ങളും ഇങ്ങനെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടാം. ഇത്തരം വാഹനങ്ങള്‍ക്ക് വില്‍ക്കുക, ഉടമസ്ഥാവകാശം മാറ്റുക തുടങ്ങി മോട്ടോര്‍ വാഹന വകുപ്പിലെ യാതൊരുവിധ സേവനങ്ങളും ലഭിക്കില്ല. ആവശ്യമായ നടപടിക്രമങ്ങള്‍ പാലിച്ച് പിഴവ് തിരുത്തിയാല്‍ മാത്രമാണ് ബ്ലാക്ക് ലിസ്റ്റില്‍ നിന്ന് വാഹനത്തെ നീക്കം ചെയ്യുക. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios