Asianet News MalayalamAsianet News Malayalam

ആ അജ്ഞാത ഇന്നോവ ഒടുവില്‍ പിടിയില്‍, 'തെളിഞ്ഞത്' ഏഴു വര്‍ഷത്തെ കേസുകള്‍!

അപകടത്തിന് ശേഷം മോട്ടോര്‍ വാഹന വകുപ്പിന്‍റെ വെബ്‍സൈറ്റില്‍ രജസ്ട്രേഷന്‍ നമ്പര്‍ നല്‍കിയപ്പോഴാണ് അമ്പരപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.  

Blacklisted Toyota Innova Fine By MVD And Police
Author
Trivandrum, First Published Aug 10, 2021, 12:01 AM IST

തിരുവനന്തപുരം: തലസ്ഥാന നഗരയില്‍ ഒരു കാറില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പാഞ്ഞ പ്രസ് സ്റ്റിക്കർ പതിച്ച ടൊയോട്ട ഇന്നോവ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ചർച്ച ആയിരുന്നു. ബ്ലാക്ക് ലിസ്റ്റില്‍പ്പെട്ട നിരവധി കേസുകള്‍ ഉള്ള വാഹനമായിരുന്നു ഇത്. ഇപ്പോഴിതാ ഈ ഇന്നോവ കാറിന് പിടിവീണിരിക്കുന്നു. 2013 മുതൽ കുടിശിക ഉണ്ടായിരുന്ന പിഴയിനത്തിൽ 53600 രൂപ തിരുവനന്തപുരം സിറ്റി പൊലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് വാഹന ഉടമയിൽ നിന്ന് ഈടാക്കി. 

പൂന്തുറ സ്വദേശി സിദ്ധിഖിന്റെ പേരിലുള്ള കെ എൽ 01 എ വി 4777 എന്ന ഇന്നോവ കാറിന്റെ പേരില്‍ ഏഴ് വർഷത്തോളമായി കുടിശിക ഉണ്ടായിരുന്നു. 68 ഓളം തവണ വേഗതാ ലംഘനത്തിനായിരുന്നു കേസ്. ഈ പിഴ തുകയാണ് ഇന്ന് മോട്ടോർ വാഹനവകുപ്പിലും പൊലീസിലുമായി ഉടമ കെട്ടിവെച്ചത്. 

കഴിഞ്ഞ ദിവസമാണ് പാളയത്ത് വച്ച് രാജീവ് ചന്ദ്രശേഖരൻ നായർ എന്നയാളുടെ കാറിൽ ഇടിച്ച ശേഷം നിര്‍ത്താതെ പാഞ്ഞ പ്രസ് സ്റ്റിക്കർ പതിച്ച ഇന്നോവ കാർ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച ആകുന്നത്. തുടർന്ന് വാഹനത്തിന്റെ നമ്പർ മോട്ടോർ വാഹന വകുപ്പിന്റെ വെബ് സൈറ്റിൽ തിരഞ്ഞ രാജീവ് കണ്ടത് വാഹനം ബ്ലാക്ക്ലിസ്റ്റ് ചെയ്‍തിരിക്കുന്നതായാണ്. കാറിന്റെ ഫോട്ടോ സഹിതം രാജീവ് നടന്ന സംഭവം വിവരിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടതോടെ വിഷയം ചർച്ച ആയി. 

ഇതിന് പിന്നാലെ വാഹനത്തിന്റെ വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ മൊബൈൽ അപ്പ്ളിക്കേഷനിൽ നിന്ന് അപ്രത്യക്ഷമായിരുന്നു. സംഭവം ഏഷ്യാനെറ്റ് ന്യൂസ് ഓണലൈൻ വർത്തയാക്കിയതോടെ വിഷയത്തിൽ ഉടൻ നടപടിയെടുക്കാൻ സിറ്റി പൊലീസ് കമീഷണർ ബൽറാം കുമാർ ഉപാധ്യായ നിർദേശം നൽകുകയായിരുന്നു. പൊലീസ് ഇടപെട്ടതോടെ വാഹനയുടമ കുടിശികയുള്ള പിഴത്തുക ഒടുക്കാൻ തയ്യാറായി. 2013 മുതലുള്ള 28 വേഗത ലംഘനത്തിന്റെ പിഴയിനത്തിൽ 36500 രൂപയാണ് മോട്ടോർ വാഹനവകുപ്പിൽ വാഹന ഉടമ കെട്ടിവെച്ചത്. 2014 മുതലുള്ള 40 വേഗത ലംഘനത്തിന്റെ പിഴയിനത്തിൽ 17100 രൂപയാണ് കേരള പൊലീസിന് നൽകേണ്ടതായി വന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios