ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു തങ്ങളുടെ  എൻട്രി ലെവൽ സെഡാൻ  മോഡലായ 3 സീരീസിന്റെ പുതുക്കിയ  മോഡൽ ഇന്ത്യൻ നിരത്തിലെത്തിച്ചു. 41.70 ലക്ഷം രൂപയാണ് 330i യുടെ എക്സ് ഷോറൂം വില. പഴയ പതിപ്പില്‍ നിന്നും 60,000 രൂപയുടെ വര്‍ധനവാണ് പുതിയ വാഹനത്തിന്.

ബിഎംഡബ്ല്യു ത്രീ സീരിസിന്റെ ബേസ് മോഡലായ 330i സ്‌പോർട് പെട്രോൾ മോഡലാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഇതുവരെ ഉണ്ടായിരുന്ന ഡീസൽ എഞ്ചിൻ  വാഹനമായ  330ഡി യുടെ പ്രൊഡക്ഷനും ഇതോടെ കമ്പനി അവസാനിപ്പിച്ചു. 

ത്രീ സീരീസിന്റെ  ബാക്കിയുള്ള മോഡലുകൾക് എല്ലാം 60000 രൂപ വരെ വില ഈ വർഷം വർധിപ്പിച്ചിരുന്നു. റിയർ  വീൽ ഡ്രൈവ് ആയ ഈ വാഹനത്തിൽ നിരവധി സുരക്ഷ സന്നാഹങ്ങളും  ഫീച്ചേഴ്സും കമ്പനി ഒരുക്കിയിരിക്കുന്നു. 

258 bhp  കരുത്തു ഉല്പാദിപ്പിക്കുന്ന 2.0ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ആണ് ഈ വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. 8 സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർ ബോക്‌സാണ്.

ഓട്ടോമാറ്റിക് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, സണ്‍റൂഫ്, മൊബൈല്‍ സെന്‍സിങ് വൈപ്പറുകള്‍, ലോഞ്ച് കണ്‍ട്രോള്‍, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, 8.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ പുതിയ പതിപ്പിലെ സവിശേഷതകളാണ്.

സുരക്ഷക്കായി വാഹനത്തില്‍ ആറ് എയര്‍ബാഗുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍ എന്നിവയും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മെഴ്‌സിഡസ് ബെൻസ് സി ക്ലാസ്,  ഔഡി എ 4, ജാഗ്വാർ എക്സ് ഇ എന്നീ മോഡലുകളാണ് 330iയുടെ വിപണിയിലെ എതിരാളികള്‍.