2020 കലണ്ടര്‍ വര്‍ഷത്തിലെ ഒന്നാം പാദ വില്‍പ്പനയില്‍ ജര്‍മന്‍ ബ്രാന്‍ഡായ മെഴ്‌സിഡസ് ബെന്‍സിനെ മറികടന്ന് മറ്റൊരു ജര്‍മന്‍ ബ്രാന്‍ഡായ ബിഎംഡബ്ല്യു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ ഇതാദ്യമായാണ് ബെന്‍സിനെ ബിഎംഡബ്ല്യു മറികടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിപണിയില്‍ രണ്ട് ജര്‍മന്‍ ബ്രാന്‍ഡുകളും തമ്മിലുള്ള മല്‍സരം ശക്തമാണ്.

2020 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസങ്ങളില്‍ ഇന്ത്യയില്‍ 2,482 കാറുകളാണ് ബിഎംഡബ്ല്യു വിറ്റത്. ഇതേ കാലയളവില്‍ 2,386 യൂണിറ്റ് വില്‍ക്കാന്‍ മാത്രമാണ് മെഴ്‌സിഡസ് ബെന്‍സിന് കഴിഞ്ഞത്.

2019 ആദ്യ പാദത്തില്‍ മെഴ്‌സേഡസ് ബെന്‍സ് ഇന്ത്യ 3,885 കാറുകള്‍ വിറ്റിരുന്നു. ഇത്തവണ വില്‍പ്പനയില്‍ 38 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചത്. കൂടുതലായി വിറ്റുപോകുന്ന സിഎല്‍എ, ജിഎല്‍എ, ജിഎല്‍എസ് എന്നീ മോഡലുകള്‍ താല്‍ക്കാലികമായി ലഭ്യമല്ലാതിരുന്നതാണ് വില്‍പ്പന ഇടിയുന്നതിന് കാരണമായതെന്ന് മെഴ്‌സേഡസ് ബെന്‍സ് പറയുന്നു. മാത്രമല്ല, 2019 ഡിസംബറോടെ ബിഎസ് 6 പരിവര്‍ത്തനം മെഴ്‌സേഡസ് ബെന്‍സ് പൂര്‍ത്തിയാക്കിയിരുന്നു. നേരത്തെ ബിഎസ് 6 പാലിച്ചുതുടങ്ങിയതിനാല്‍ ചില മോഡലുകള്‍ വില്‍പ്പനയ്ക്ക് ലഭ്യമായില്ല. ഈയിടെ വിപണിയില്‍ അവതരിപ്പിച്ച ജിഎല്‍ഇ 300ഡി വേരിയന്റിന് മൂന്ന് മാസമാണ് വെയ്റ്റിംഗ് പിരീഡ്.

അതേസമയം, എക്‌സ്1, എക്‌സ്3, എക്‌സ്5, എക്‌സ്7 എന്നീ എസ് യുവികളാണ് ബിഎംഡബ്ല്യു നിരയില്‍ ഏറ്റവുമധികം വിറ്റുപോകുന്നത്. ബവേറിയന്‍ കാര്‍ നിര്‍മാതാക്കളുടെ ഇന്ത്യയിലെ ആകെ വില്‍പ്പനയില്‍ പകുതിയിലധികം വിറ്റുപോകുന്നത് ഈ മോഡലുകളാണ്. 5 സീരീസ്, 3 സീരീസ് മോഡലുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. ബിഎംഡബ്ല്യു വിറ്റ 2,482 കാറുകളില്‍ 117 എണ്ണം മിനി കാറുകളാണ്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഇന്ത്യയിലെ ആഡംബര കാര്‍ വിപണിയില്‍ മെഴ്‌സേഡസ് ബെന്‍സ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ചരിത്രമില്ല. അതാണ് ഇപ്പോള്‍ തിരുത്തപ്പെട്ടിരിക്കുന്നത്.