ഇന്ത്യയുടെ കോവിഡ്-19 പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണയാണ് വാഹനലോകത്ത് നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ രാജ്യത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു. 

കൊവിഡ് -19 പാൻഡെമിക്കെതിരായ പോരാട്ടത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ മൂന്ന് കോടി രൂപയുടെ ധനസഹായമാണ് രാജ്യത്തിന് വാഗ്ദാനം ചെയ്‍തിട്ടുള്ളത്. ദില്ലിയിലെയും തമിഴ്‌നാട്ടിലെയും പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ മൂന്ന് കോടി രൂപയുടെ ധനസഹായമാണ് ബിഎംഡബ്ല്യു പ്രഖ്യാപിച്ചിരിക്കുന്നത്. 

ദില്ലി-എൻ‌സി‌ആർ, ചെന്നൈ എന്നിവിടങ്ങളിൽ ദുരിതാശ്വാസ നടപടികൾ നടപ്പാക്കാൻ സർക്കാർ, സർക്കാരിതര സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് ബി‌എം‌ഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയുടെ തീരുമാനം. ഇതിന്‍റെ ഭാഗമായി തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടിലെ സർക്കാർ ജനറൽ ആശുപത്രിയിൽ രോഗികൾക്കായി ഐസോലേഷന്‍  വാർഡ് ഒരുക്കും.  ഇതിനൊപ്പം ചെന്നൈയിലെയും ദില്ലിയിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ അടിയന്തര ചികിത്സയ്ക്കുള്ള ഉപകരണങ്ങള്‍ എത്തിക്കുമെന്നും ബിഎംഡബ്ല്യും അറിയിച്ചു.

ദില്ലി, ചെന്നൈ എന്നിവിടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സുരക്ഷ ഉപകരണങ്ങള്‍ നല്‍കാനും കമ്പനി നടപടി സ്വീകരിക്കുന്നുണ്ടെന്നും ഇവിടങ്ങളിലെ ഭക്ഷ്യക്ഷാമം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണെന്നും ബിഎംഡബ്ല്യു പ്രസ്താവനയില്‍ പറയുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ, ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ ചെന്നൈ പ്ലാന്റ്, ബിഎംഡബ്ല്യു ഇന്ത്യ ഫിനാൻഷ്യൽ സർവീസസ് എന്നിവയിലെ ജീവനക്കാർ സ്വമേധയാ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. 

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായും സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി ബിഎംഡബ്ല്യുവിന്റെ ഇന്ത്യയിലെ പ്ലാന്റുകള്‍ അടച്ചിട്ടിരിക്കുകയാണ്. പ്ലാന്റിലെയും ഡീലര്‍ഷിപ്പുകളിലെയും ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നത് കമ്പനിയുടെ ഉത്തരവാദിത്തമാണെന്നും ബിഎംഡബ്ല്യു അറിയിച്ചു. ഈ മഹാമാരിയെ നേരിടാനുള്ള പ്രവര്‍ത്തനങ്ങളില്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും ഇതിന്റെ ഭാഗമായി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും ബിഎംഡബ്ല്യു ഇന്ത്യ സിഇഒ രുദ്രതേജ് സിങ്ങ് വ്യക്തമാക്കി.