Asianet News MalayalamAsianet News Malayalam

ബിഎംഡബ്ല്യു ഐ4 അനാവരണം ചെയ്‍തു

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു ഐ4 ഇലക്ട്രിക് സെഡാന്‍ അനാവരണം ചെയ്‍തു

BMW i4 all-electric sedan revealed
Author
Mumbai, First Published Mar 23, 2021, 3:47 PM IST

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു ഐ4 ഇലക്ട്രിക് സെഡാന്‍ അനാവരണം ചെയ്‍തു. ഈ വാഹനത്തിന് ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 590 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. 

വാഹനം പരിസ്ഥിതി സൗഹൃദമാണെന്ന സൂചനകള്‍ കാഴ്ച്ചയില്‍ തന്നെയുണ്ട്. നീല അതിരുകള്‍ സഹിതം സവിശേഷ കിഡ്‌നി ഗ്രില്‍ കാണാം. ആന്തരിക ദഹന എന്‍ജിനു പകരം പ്യുര്‍ ഇലക്ട്രിക് പവര്‍ട്രെയ്ന്‍ ഉപയോഗിക്കുന്നു എന്ന് സൂചിപ്പിക്കുന്നതാണ് ഡോറുകളുടെ താഴെ നീളത്തില്‍ കാണുന്ന നീല ബോര്‍ഡര്‍. കാറിന്റെ അകം, ബാറ്ററി എന്നിവ സംബന്ധിച്ച് കമ്പനി കൃത്യമായ വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ല. സ്‌പോര്‍ട്ടി ലുക്ക്, മികച്ച ഡ്രൈവിംഗ് ഡൈനാമിക്‌സ്, സീറോ കാര്‍ബണ്‍ ബഹിര്‍ഗമനം എന്നിവ സവിശേഷതകളാണെന്ന് ബിഎംഡബ്ല്യു മാനേജ്‌മെന്റ് ബോര്‍ഡ് അംഗം (കസ്റ്റമര്‍, ബ്രാന്‍ഡ്‌സ്, സെയില്‍സ്) പീറ്റര്‍ നോത്ത പറഞ്ഞു.

ഡബ്ല്യുഎല്‍ടിപി സൈക്കിള്‍ അനുസരിച്ച്, ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 590 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. ഇലക്ട്രിക് മോട്ടോര്‍ 523 ബിഎച്ച്പി കരുത്ത് പരമാവധി ഉല്‍പ്പാദിപ്പിക്കും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ നാല് സെക്കന്‍ഡ് മതി. 

ഭാവിയില്‍ എം പെര്‍ഫോമന്‍സ് വേര്‍ഷന്‍ കൊണ്ടുവരാനും ബിഎംഡബ്ല്യു ആലോചിക്കുന്നു. ഉയര്‍ന്ന സുഖസൗകര്യം, മികച്ച പെര്‍ഫോമന്‍സ് എന്നിവയോടെ ഈ വകഭേദത്തിന് ബിഎംഡബ്ല്യുവിന്റെ സ്‌പോര്‍ട്ടി ഡിഎന്‍എ ലഭിക്കും. ബിഎംഡബ്ല്യു ഐ4 ഇലക്ട്രിക് സെഡാന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വരും ആഴ്ച്ചകളില്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപണിയിലെത്തിയാല്‍, ടെസ്‌ല മോഡല്‍ 3 ആയിരിക്കും എതിരാളി.

4 ഡോര്‍ ഗ്രാന്‍ കൂപ്പെ ഈ വര്‍ഷം നിരത്തുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യത്യസ്ത വേര്‍ഷനുകളില്‍ ഐ4 മോഡല്‍ വിപണിയിലെത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഐ4 കൂടാതെ ബിഎംഡബ്ല്യു ഐഎക്‌സ് ഈയിടെ അനാവരണം ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios