ബിഎംഡബ്ല്യു, മിനി കാറുകൾക്ക് സർവീസ്, മെയിന്‍റനൻസ് പാക്കേജുകളുമായി ബിഎംഡബ്ല്യു ഇന്ത്യ. സർവീസ് ഇൻക്ലൂസീവ്, റിപ്പെയർ ഇൻക്ലൂസീവ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് വിവിധ പാക്കേജുകൾ. 

മൂന്ന് സർവീസ് ഇൻക്ലൂസീവ് പാക്കേജുകളാണുള്ളത് - ഓയിൽ സർവീസ് ഇൻക്ലൂസീവ്, സർവീസ് ഇൻക്ലൂസീവ് ബേസിക്ക്, സർവീസ് ഇൻക്ലൂസീവ് പ്ലസ്. മൂന്നു വർഷം അല്ലെങ്കിൽ 40,000 കിലോമീറ്റർ മുതൽ 10 വർഷം അല്ലെങ്കിൽ 200,000 കിലോമീറ്റർ വരെയുള്ള പാക്കേജുകളാണുള്ളത്.

ബേസ് പാക്കേജായ ഓയിൽ സർവീസ് ഇൻക്ലൂസീവിൽ വാഹനത്തിന്‍റെ ഓയിൽ സർവീസുകൾ മാത്രമാണുള്ളത്. സർവീസ് ഇൻക്ലൂസീവ് ബേസിക്കിൽ എല്ലാ പതിവ് മെയിന്‍റനൻസുകളും ഉൾപ്പെടുന്നു. വാഹന പരിശോധന, എൻജിൻ ഓയിൽ സർവീസ്, എൻജിൻ ഓയിൽ ടോപ് അപ്പ്, എയർ ഫിൽറ്റർ, ഫ്യുവൽ ഫിൽറ്റർ, മൈക്രോ ഫിൽറ്റർ, സ്പാർക്ക് പ്ലഗ്, ബ്രേക്ക് ഫ്ളൂയിഡ് എന്നിവയുടെ സർവീസ് അല്ലെങ്കിൽ റീപ്ലേസ്മെന്‍റ് പോലുള്ള ജോലികൾ ഇതിൽ ഉൾപ്പെടുന്നതാണ്. സർവീസ് ഇൻക്ലൂസീവ് പ്ലസിൽ മേൽപ്പറഞ്ഞവയ്‍ക്കൊപ്പം കേടുപാടുകൾ, ബ്രേക്ക് പാഡുകൾ, ബ്രേക്ക് ഡിസ്ക്കുകൾ, വൈപ്പർ ബ്ലേഡുകൾ, ക്ലച്ച് എന്നിവ കൂടി ഈ പാക്കേജിൽ ഉൾപ്പെടുന്നു. നിലവിലുള്ള കാറുടമകൾക്കും സർവീസ് ഇൻക്ലൂസീവ് വാങ്ങാവുന്നതാണ്. ഉപയോഗം കൂടുതലുള്ളവർക്ക് ബിസിനസ് പോർട്ട്ഫോളിയോയും ലഭ്യമാണ്.

റിപ്പെയർ ഇൻക്ലൂസീവിലൂടെ വാഹനത്തിന്‍റെ സ്റ്റാൻഡേർഡ് വാറണ്ടി ആദ്യത്തെ 24 മാസത്തിന് ശേഷവും നീട്ടിയെടുക്കാനാകും. പരിധിയില്ലാത്ത കിലോമീറ്ററിൽ 6 വർഷം വരെയാണ് ഇത് ദീർഘിപ്പിക്കാവുന്നത്. ചെയ്യേണ്ടതായി വരുന്ന എല്ലാ റിപ്പെയറുകളുടെയും ചെലവ് ഈ കാലയളവിൽ കമ്പനി വഹിക്കും.ബിഎംഡബ്ല്യൂ ഇന്ത്യ ഫിനാൻഷ്യൽ സർവീസസിലൂടെ വാഹനത്തിന് ഫിനാൻസ് തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് സർവീസ് /റീപ്പെയർ ഇൻക്ലൂസീവ് ലോൺ തുകയിൽ തന്നെ ഉൾപ്പെടുത്താനുള്ള ഓപ്ഷനുണ്ട്.