Asianet News MalayalamAsianet News Malayalam

പുത്തന്‍ ബിഎംഡബ്ല്യു എസ് 1000 ആര്‍ ഇന്ത്യയില്‍

ജര്‍മ്മന്‍ ആഡംബര ഇരുചക്ര വാഹന ബ്രാന്‍ഡായ ബി‌എം‌ഡബ്ല്യു മോട്ടോര്‍‌റാഡ് രണ്ടാം തലമുറ ബിഎംഡബ്ല്യു എസ് 1000 ആര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

BMW S 1000 R has been launched in India
Author
Mumbai, First Published Jun 16, 2021, 1:12 PM IST

ജര്‍മ്മന്‍ ആഡംബര ഇരുചക്ര വാഹന ബ്രാന്‍ഡായ ബി‌എം‌ഡബ്ല്യു മോട്ടോര്‍‌റാഡ് രണ്ടാം തലമുറ ബിഎംഡബ്ല്യു എസ് 1000 ആര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്റ്റാന്‍ഡേഡ്, പ്രോ, പ്രോ എം സ്‌പോര്‍ട്ട് എന്നീ മൂന്ന് വേരിയന്റുകളില്‍ നേക്കഡ് റോഡ്‌സ്റ്റര്‍ ലഭിക്കും. യഥാക്രമം 17.9 ലക്ഷം രൂപയും 19.75 ലക്ഷം രൂപയും 22.50 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില എന്ന് മണി കണ്ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എല്ലാ വേരിയന്റുകളുടെയും ബുക്കിംഗ് ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ സ്വീകരിച്ചുതുടങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ഫ്‌ളാഗ്ഷിപ്പ് നേക്കഡ് സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിളാണ് എസ് 1000 ആര്‍. ബിഎംഡബ്ല്യു എസ് 1000 ആര്‍ആര്‍ അടിസ്ഥാനമാക്കിയാണ് ഈ മോട്ടോര്‍സൈക്കിള്‍ നിര്‍മിച്ചിരിക്കുന്നത്. ആര്‍ആര്‍ മോട്ടോര്‍സൈക്കിളിന്റെ അതേ എന്‍ജിന്‍, ഫ്രെയിം, സ്വിംഗ്ആം എന്നിവ ഉപയോഗിക്കുന്നു.

999 സിസി, ഇന്‍ ലൈന്‍ 4 സിലിണ്ടര്‍ എന്‍ജിനാണ് ബൈക്കിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ ഇപ്പോള്‍ 11,000 ആര്‍പിഎമ്മില്‍ 162 ബിഎച്ച്പി കരുത്തും 9,250 ആര്‍പിഎമ്മില്‍ 114 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 3,000 ആര്‍പിഎമ്മില്‍ 80 എന്‍എം ടോര്‍ക്ക് ലഭിക്കുമെന്ന് ബിഎംഡബ്ല്യു പറയുന്നു. എന്‍ജിന്‍ സ്പീഡ് 8 ശതമാനം കുറച്ചു. അതേസമയം ഇന്ധനക്ഷമത എട്ട് ശതമാനം വര്‍ധിച്ചു. മികച്ച പെര്‍ഫോമന്‍സ്, എളുപ്പത്തിലുള്ള റൈഡിംഗ് എന്നിവയ്ക്കായി ലീനിയര്‍ ടോര്‍ക്ക് കര്‍വ് സൂക്ഷിക്കുന്നു. എന്‍ജിന്‍ മാത്രം ഇപ്പോള്‍ 5 കിലോഗ്രാം ഭാരം കുറഞ്ഞതാണ്. മണിക്കൂറില്‍ 250 കിലോമീറ്ററില്‍ കൂടുതലാണ് ടോപ് സ്പീഡ്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 3.2 സെക്കന്‍ഡ് മതി.

പൂര്‍ണമായും പുതിയ ഡിസൈനിലാണ് 2021 ബിഎംഡബ്ല്യു എസ് 1000 ആര്‍ വരുന്നത്. പുതിയ ഹെഡ്‌ലൈറ്റാണ് ഏറ്റവും വലിയ മാറ്റം. എഫ് 900 ആര്‍, ജി 310 ആര്‍ ഉള്‍പ്പെടെയുള്ള മറ്റ് ബിഎംഡബ്ല്യു നേക്കഡ് മോട്ടോര്‍സൈക്കിളുകളില്‍ കാണുന്നതുപോലെ തിരശ്ചീനമായി ഡേടൈം റണ്ണിംഗ് ലൈറ്റ് നല്‍കി. ബോഡി പാനലുകള്‍ പൂര്‍ണമായും പുതിയതാണ്. ഇതോടെ മോട്ടോര്‍സൈക്കിളിന് കൂടുതല്‍ ജനറിക് ലുക്ക് ലഭിച്ചു. മുന്‍ തലമുറ മോഡലിന് നല്‍കിയിരുന്നത് കൂടുതല്‍ വ്യതിരിക്ത ഡിസൈന്‍ ആയിരുന്നു. പ്രത്യേകിച്ച് ഹെഡ്‌ലൈറ്റുകള്‍.

ഫ്‌ളെക്‌സ് ഫ്രെയിം ഷാസിയിലാണ് പുതിയ എസ് 1000 ആര്‍ നിര്‍മിച്ചിരിക്കുന്നത്. ഈ ഷാസി മുമ്പത്തേക്കാള്‍ ഭാരം കുറഞ്ഞതാണ്. 199 കിലോഗ്രാമാണ് മോട്ടോര്‍സൈക്കിളിന്റെ കര്‍ബ് വെയ്റ്റ്. മുന്‍ തലമുറ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ 6.5 കിലോഗ്രാം കുറവ്. ഓപ്ഷണല്‍ ഡൈനാമിക്‌സ് ആന്‍ഡ് കംഫര്‍ട്ട് പാക്കേജ് ഉപയോഗിക്കുന്നതോടെ ഭാരം 202 കിലോഗ്രാമായി വര്‍ധിക്കും. മുന്നില്‍ 45 എംഎം അപ്‌സൈഡ് ഡൗണ്‍ (യുഎസ്ഡി) ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ നിര്‍വഹിക്കുന്നത്. ഇരുവശങ്ങളിലായി അണ്ടര്‍സ്ലംഗ് അലുമിനിയം സ്വിംഗ്ആം നല്‍കി. മുന്നില്‍ റേഡിയല്‍ 4 പിസ്റ്റണ്‍ ഫിക്‌സ്ഡ് കാലിപറുകള്‍ സഹിതം 320 എംഎം ഇരട്ട ഡിസ്‌ക്കുകളും പിന്നില്‍ സിംഗിള്‍ പിസ്റ്റണ്‍ ഫ്‌ളോട്ടിംഗ് കാലിപര്‍ സഹിതം 220 എംഎം സിംഗിള്‍ ഡിസ്‌ക്കുമാണ് ബ്രേക്കിംഗ്.

ഡൈനാമിക് ട്രാക്ഷന്‍ കണ്‍ട്രോള്‍, എബിഎസ് പ്രോ എന്നീ സ്റ്റാന്‍ഡേഡ് ഫിറ്റ്‌മെന്റുകള്‍ സഹിതം സിക്‌സ് ആക്‌സിസ് ഐഎംയു ലഭിച്ചു. റെയ്ന്‍, റോഡ്, ഡൈനാമിക് എന്നീ മൂന്ന് റൈഡിംഗ് മോഡുകള്‍ സ്റ്റാന്‍ഡേഡായി നല്‍കി. കൂടാതെ, കോണ്‍ഫിഗര്‍ ചെയ്യാവുന്ന ‘ഡൈനാമിക് പ്രോ’ മോഡ് സഹിതം റൈഡിംഗ് മോഡ്‌സ് ‘പ്രോ’ പാക്കേജ് തെരഞ്ഞെടുക്കാന്‍ കഴിയും. എബിഎസ് പ്രോ സഹിതം എന്‍ജിന്‍ ഡ്രാഗ് ടോര്‍ക്ക് കണ്‍ട്രോള്‍, പവര്‍ വീലി, ഡൈനാമിക് ബ്രേക്ക് കണ്‍ട്രോള്‍ ഫംഗ്ഷനുകളും ലഭിക്കും. ഡുകാറ്റി സ്ട്രീറ്റ്‌ഫൈറ്റര്‍ വി4, ട്രയംഫ് സ്പീഡ് ട്രിപ്പിള്‍ 1200 ആര്‍എസ് എന്നിവയാണ് ഇന്ത്യയിലെ എതിരാളികള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

Follow Us:
Download App:
  • android
  • ios