ബിഎംഡബ്ല്യുവിന്‍റെ ഫീച്ചറുകളില്‍ നിന്ന് ഹെഡ്-അപ്പ് ഡിസ്പ്ലേ (HUD) ഉപേക്ഷിക്കാൻ കമ്പനി പദ്ധതിയിടുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു. 

ഗോളതലത്തിലെ സെമികണ്ടക്ടര്‍ ദൗർലഭ്യം (Semiconductor Shortage)) ഓട്ടോമോട്ടീവ് ലോകത്ത് വന്‍ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. നിരവധി ബ്രാൻഡുകളുടെ ഉൽപ്പാദന ലൈനുകളെ ഇത് സാരമായി ബാധിക്കുകയും ഡെലിവറി കാലാവധികള്‍ വൈകുകയും ചെയ്യുന്നു. മിക്കവാറും എല്ലാ പ്രമുഖ ഓട്ടോമോട്ടീവ് കമ്പനികളും ഈ അഭൂതപൂർവമായ വെല്ലുവിളിയുടെ പിടിയിലാണ്. ഇത് കുറഞ്ഞത് ഒരു വർഷത്തേക്കെങ്കിലും ഭീഷണി ഉയർത്തിയേക്കാം. 

ചിപ്പ് പ്രതിസന്ധി മൂലം ജർമ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു, അതിന്റെ ഉൽപ്പന്നങ്ങളിൽ വാഗ്ദാനം ചെയ്യുന്ന ചില അധിക പാക്കേജ് ഓപ്ഷനുകള്‍ ഒഴിവാക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ബിഎംഡബ്ല്യുവിന്‍റെ ഫീച്ചറുകളില്‍ നിന്ന് ഹെഡ്-അപ്പ് ഡിസ്പ്ലേ (HUD) ഉപേക്ഷിക്കാൻ കമ്പനി പദ്ധതിയിടുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു.

ബിഎംഡബ്ല്യു അതിന്റെ ഹോം ബേസിൽ വാഗ്ദാനം ചെയ്യുന്ന ഇന്നൊവേഷൻ പാക്കേജിന്റെ ഒരു പ്രധാന ഹൈലൈറ്റാണ് HUD. ജർമ്മൻ ഓട്ടോ വെബ്‌സൈറ്റ് ബിമ്മർ ടുഡേയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ലേസർ ലൈറ്റുകൾ, സെലക്ടീവ് ബീം, ഡ്രൈവിംഗ് അസിസ്റ്റന്റ് തുടങ്ങിയ ഫീച്ചർ ഹൈലൈറ്റുകൾ ഉൾപ്പെടുന്ന പാക്കേജിൽ നിന്ന് ഹെഡ്-അപ്പ് ഡിസ്പ്ലേ ഓപ്ഷൻ ഒഴിവാക്കിയേക്കാം. മുഴുവൻ പാക്കേജിനും 3,650 യൂറോയാണ് ചെലവ്, എച്ച്‌യുഡി ഒഴിവാക്കിയാൽ അതിന്റെ വില 2,500 യൂറോ ആക്കാനാണ് പദ്ധതിയെന്നാണ് റിപ്പോർട്ട്. ചിപ്പ് പ്രതിസന്ധിയാണ് ഫീച്ചർ ഉപേക്ഷിക്കാനുള്ള പദ്ധതിയുടെ കാതൽ എന്ന് വിശ്വസിക്കപ്പെടുന്നു. 

ഹെഡ്-അപ്പ് ഡിസ്പ്ലേ അത്യാവശ്യമായ ഒരു സുരക്ഷാ ഫീച്ചറല്ല. എന്നാൽ റോഡിൽ ഡ്രൈവറുടെ ശ്രദ്ധ വർദ്ധിപ്പിക്കുന്നതിന് ഈ സംവിധാനം ഒരു പരിധിവരെ സഹായിക്കുന്നു. വേഗത, എൻഎവി ദിശകൾ, മറ്റ് വിശദാംശങ്ങൾ എന്നിവ പോലുള്ള പ്രധാന വിവരങ്ങൾ ഇത് നൽകുന്നു, അങ്ങനെ അത് എല്ലായ്‌പ്പോഴും ഡ്രൈവറുടെ കാഴ്ച്ചയിൽ തുടരുന്നു. ഡ്രൈവിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ പരിശോധിക്കുന്നതിന് ഡ്രൈവര്‍ റോഡിൽ നിന്ന് കണ്ണുകൾ എടുക്കേണ്ടതില്ലെന്ന് ഈ സംവിധാനം ഉറപ്പാക്കുന്നു. 

നിലവിലെ അർദ്ധചാലക ക്ഷാമം ആധുനിക കാറിനുള്ളിലെ മറ്റ് പ്രധാന ഘടകങ്ങളുടെ കാര്യത്തില്‍ എന്ത് സ്വാധീനം ചെലുത്തുമെന്ന് ഇതുവരെ വ്യക്തമല്ല. എന്തായാലും, ഇത്തരം വാഹനങ്ങൾക്കുള്ളിലെ നിരവധി സവിശേഷതകളെ നിയന്ത്രിക്കുന്ന തലച്ചോറാണ് ചിപ്പ് എന്നതാണ് ശ്രദ്ധേയം.