Asianet News MalayalamAsianet News Malayalam

മാതൃകമ്പനിയില്‍ ലയിക്കാന്‍ മഹീന്ദ്ര ഇലക്ട്രിക്ക്

ഇതുസംബന്ധിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഡയറക്ടര്‍ ബോര്‍ഡ് തത്വത്തില്‍ അംഗീകാരം നല്‍കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Board okays consolidation of Mahindra Electric Mobility into Mahindra And Mahindra
Author
Mumbai, First Published Mar 29, 2021, 4:03 PM IST

മഹീന്ദ്രയുടെ ഇലക്ട്രിക്ക് വാഹന വിഭാഗമാണ് മഹീന്ദ്ര ഇലക്ട്രിക്ക്  മൊബിലിറ്റി ലിമിറ്റഡ്. ഇപ്പോഴിതാ തങ്ങളുടെ മാതൃ കമ്പനിയായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയില്‍ ലയിക്കാന്‍ ഒരുങ്ങുകയാണ് ഈ ഉപ കമ്പനി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഡയറക്ടര്‍ ബോര്‍ഡ് ഇതുസംബന്ധിച്ച് തത്വത്തില്‍ അംഗീകാരം നല്‍കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

രണ്ട് പതിറ്റാണ്ട് മുമ്പാണ് മഹീന്ദ്ര ഇവി തുടങ്ങിയത്. ബിജ്‌ലി എന്ന ഇലക്ട്രിക് മൂന്നുചക്ര വാഹനം അവതരിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. തുടര്‍ന്ന് ഇതുവരെ ഇന്ത്യയില്‍ 32,000 ല്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വില്‍പ്പന നടത്താന്‍ കഴിഞ്ഞു. 

ലയനത്തോടെ ലാസ്റ്റ് മൈല്‍ മൊബിലിറ്റി (എല്‍എംഎം), ഇലക്ട്രിക് വെഹിക്കിള്‍ ടെക് സെന്റര്‍ എന്നീ രണ്ട് വിഭാഗങ്ങളിലായി ഇവി കമ്പനി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കും. വളര്‍ച്ചാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ആവശ്യമായ വിഭവങ്ങളും ദിശാബോധവും ലഭിക്കുന്നതിന് കമ്പനിയുടെ പ്രധാന ബിസിനസ്സുമായുള്ള ലയനം മഹീന്ദ്ര ഇലക്ട്രിക്കിനെ സഹായിക്കും. 

ഓട്ടോമോട്ടീവ് ബിസിനസിന്റെ ഭാവി ഇലക്ട്രിക് വാഹനങ്ങളിലാണെന്നും ഇതിനുള്ള തയ്യാറെടുപ്പ് എന്ന നിലയിലാണ് ഇവി വിഭാഗത്തെ പ്രധാന, മുഖ്യധാര ബിസിനസ്സിന്റെ ഭാഗമാക്കുന്നതെന്നും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ രാജേഷ് ജെജുരിക്കര്‍ പറഞ്ഞു. വിവിധ സെഗ്‌മെന്റുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം. ഇലക്ട്രിക് വാഹന വിപണിയില്‍ ആവേശകരമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിന് ഉപഭോക്തൃ ആവശ്യങ്ങള്‍ക്ക് ചെവിയോര്‍ക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലളിതമായ പ്രവര്‍ത്തനഘടന സ്വീകരിക്കുന്നതിലൂടെ നൂതന ആശയങ്ങള്‍ കണ്ടെത്തുന്നതിനും നിര്‍വഹണ മികവ് നേടുന്നതിനും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ചെലവുകള്‍ കുറയ്ക്കുന്നതിനും കഴിയുമെന്നാണ് മഹീന്ദ്ര പ്രതീക്ഷിക്കുന്നത്. ഇതിനായി ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിന് കൂടുതല്‍ വിഭവങ്ങളും മറ്റും നല്‍കി ഇവി ടെക് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും. പങ്കാളിത്ത, സഖ്യ സാധ്യതകളും തേടും.

Latest Videos
Follow Us:
Download App:
  • android
  • ios