ആകാശങ്ങളുടെ രാജ്ഞിയെന്ന പേരിലായിരുന്നു ബോയിംഗ് 747 അറിയപ്പെട്ടിരുന്നത്. സര്‍വ്വീസ് ലാഭകരമല്ലെന്ന് കണ്ടതിന് പിന്നാലെയാണ് ബ്രിട്ടീഷ് എയര്‍വെയ്സ് ഈ വിമാനത്തെ സ്ഥിരമായി നിലത്തിറക്കിയത്. 

ഇന്ധനക്ഷമത കുറഞ്ഞതുമൂലം വിരമിക്കേണ്ടി വന്ന വിമാനത്തിന് പിന്നീട് എന്ത് സംഭവിക്കും? വിമാന സര്‍വ്വീസ് നടത്തിയിരുന്ന സമയത്തേക്കാളും ലാഭം വിരമിച്ച ശേഷം വിമാനം നല്‍കാന്‍ തുടങ്ങിയാലോ? അത്തരമൊരു കൌതുക കാഴ്ചയാണ് ബ്രിട്ടീഷ് എയര്‍വേയ്സിന്‍റെ ബോയിംഗ് 747 (Boeing 747) വിമാനത്തിന്‍റേത്. ആകാശങ്ങളുടെ രാജ്ഞിയെന്ന പേരിലായിരുന്നു ബോയിംഗ് 747 അറിയപ്പെട്ടിരുന്നത്. സര്‍വ്വീസ് ലാഭകരമല്ലെന്ന് കണ്ടതിന് പിന്നാലെയാണ് ബ്രിട്ടീഷ് എയര്‍വെയ്സ് ഈ വിമാനത്തെ സ്ഥിരമായി നിലത്തിറക്കിയത്.

2020ല്‍ കോറ്റ്സ് വേള്‍ഡ് വിമാനത്താവളത്തിലെത്തിയ ബോയിംഗ് 747ന്‍റെ അവസാന യാത്ര ലൈവായി കണ്ടത് 18000 പേരായിരുന്നു. ഇതിന് പിന്നാലെയാണ് ഈ വിമാനത്തിനെ ചെറിയ രീതിയില്‍ അഴിച്ചുപണി നടത്തിയെടുത്തത്. അഞ്ച് ലക്ഷം പൌണ്ട് ചെലവിട്ടാണ് ഈ വിമാനത്തെ അഴിച്ചുപണിത് ഒരു പാര്‍ട്ടി സ്പേയ്സ് (party venue) ആക്കിയത്. നിലവില്‍ ഗ്ലാസ്റ്റര്‍ഷെയറിലെ കിംബിലിലാണ് ഈ വിമാനമുള്ളത്. 1970-80 കാലഘട്ടത്തിലെ വിമാനത്തിന്‍റെ നിറമാണ് പുതുക്കി പണിയലില്‍ ബോയിംഗ് 747 ന് ലഭിച്ചിട്ടുള്ളത്. വിമാനത്തിലെ ഗാലറിയെ ഒരു പാര്‍ട്ടി വെന്യൂവും ബാറുമായി ആണ് മാറ്റിയെടുത്തിരിക്കുന്നത്. അടുത്തമാസം മുതലാണ് പൊതുജനങ്ങള്‍ക്ക് ഈ വിമാനം പാര്‍ട്ടി ആവശ്യങ്ങള്‍ക്കായി ലഭ്യമാകുക. വിമാനത്തിലെ ചില ഭാഗങ്ങള്‍ മ്യൂസിയമായി നിലനിര്‍ത്തിയിരിക്കുകയാണ്. വിവാഹം അടക്കമുള്ള എന്തുചടങ്ങിനും ബോയിംഗ് 747 ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.

മ്യൂസിയമായി മാറ്റിയ ഭാഗങ്ങളില്‍ ആളുകള്‍ക്ക് കാണാനുള്ള അവസരവും ഉണ്ടാകും. സ്കൂളുകളില്‍ നിന്ന് ടൂര്‍ അടക്കമുള്ളവയാണ് വിരമിച്ച വിമാനത്തില്‍ നിന്ന് വരുമാനമുണ്ടാക്കാനായി ഉടമകള്‍ ലക്ഷ്യമിടുന്നത്. കോറ്റ്സ് വേള്‍ഡ് വിമാനത്താവളത്തിനാകും ബോയിംഗ് 747ന്‍റെ ഉത്തരവാദിത്തം. വിമാനത്തിന്‍റെ ഓരോ മില്ലി മീറ്ററിലും കരവിരുത് തെളിയിക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിമാനം പുതുക്കിപ്പണിത് സ്ഥാപനം വിശദമാക്കുന്നത്. ഇത്തരമൊരു വലിയ സംരംഭത്തിനൊപ്പം ജോലി ചെയ്യാനുള്ള അവസരം ലഭിച്ചതിലെ സന്തോഷവും ഇവര്‍ മറച്ചുവയ്ക്കുന്നില്ല. ബാര്‍, ഡിജെ ബൂത്ത് അടക്കമുള്ള സംവിധാനമാണ് വിമാനത്തിനുള്ളിലോരുക്കിയിട്ടുള്ളത്.