അടുത്തിടെ ബോയിങ്ങിന്റെ രണ്ട് 737 മാക്സ് വിമാനങ്ങള്‍ അപകടത്തിൽപ്പെട്ട് 346 പേര്‍ക്കാണ് ജീവന്‍ നഷ്‍ടമായത്. രണ്ട് അപകടങ്ങളുടെയും കാരണങ്ങള്‍ സംബന്ധിച്ച്  ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിമാനത്തിന്‍റെ ദിശ സംബന്ധിച്ച് മുന്നറിയിപ്പ് നൽകാനുള്ള ലൈറ്റ് സിസ്റ്റത്തെക്കുറിച്ച് ഈ വിമാനങ്ങളിലെ പൈലറ്റുമാർ ബോധവാന്മാരായിരുന്നില്ലെന്നാണ് പുതിയ വാര്‍ത്തകള്‍.

പ്രത്യേക കോക്പിറ്റിൽ ഇന്‍ഡിക്കേറ്റർ ഘടിപ്പിച്ചാൽ മാത്രമേ  737 മാക്സ് വിമാനങ്ങളിലെ ഈ മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിക്കൂ എന്നും ഇക്കാര്യം വിമാന കമ്പനികളെയും പൈലറ്റുമാരെയും അറിയിക്കുന്നതിൽ ബോയിങ്ങിന് വീഴ്ച പറ്റിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ബോയിങ് സിഇഒ ഡെന്നീസ് മുള്ളിൻബർഗ് തന്നെ ഇക്കാര്യം തുറന്നു സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഭൂരിഭാഗം 737 മാക്സ് വിമാനങ്ങളിലും ഈ സംവിധാനം ഘടിപ്പിച്ചിട്ടില്ലെന്നും ഇക്കാര്യം പൈലറ്റുമാർക്കും അറിയില്ലെന്നുമാണ് സൂചന. പല അമേരിക്കന്‍ പൈലറ്റുമാർക്കും 737 മാക്സിന്റെ പുതിയ പല സംവിധാനങ്ങളും ഉപയോഗിക്കാൻ അറിയില്ലെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു.