ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ സൂപ്പര്‍ എസ്.യു.വി ഉറൂസ് സ്വന്തമാക്കി ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ രോഹിത്ത് ഷെട്ടി. 

കാല്‍ നൂറ്റാണ്ടിന് ശേഷം ലംബോര്‍ഗിനി നിരയില്‍ പിറവിയെടുത്തിരിക്കുന്ന രണ്ടാം എസ്‌യുവിയാണ് ഉറൂസ്.  മൂന്ന് കോടി രൂപയാണ് പുതിയ ലംബോര്‍ഗിനി ഉറൂസ് എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില. 2018 ജനുവരിയിലാണ് ഉറുസ് അവതരിപ്പിച്ചത്. 

4.0 ലിറ്റര്‍ ട്വിന്‍ടര്‍ബ്ബോ V8 എഞ്ചിനാണ് ലംബോര്‍ഗിനി ഉറൂസിന്റെ ഹൃദയം. 6,000 ആര്‍പിഎമ്മില്‍ 641 ബിഎച്ച്പി കരുത്തും 2,2504,500 ആര്‍പിഎമ്മില്‍ 850 Nm ടോര്‍ഖും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും.

3.6 സെക്കന്‍ഡുകള്‍ കൊണ്ട് നിശ്ചലാവസ്ഥയില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഉറൂസിന് സാധിക്കും. മണിക്കൂറില്‍ 305 കിലോമീറ്ററാണ് വാഹനത്തിന്‍റെ പരമാവധി വേഗത.

ആറ് ഡ്രൈവിംഗ് മോഡുകളുണ്ട് ഉറൂസില്‍. ഇതില്‍ സാബിയ (മണല്‍), ടെറ (ഗ്രാവല്‍), നിവി (മഞ്ഞ്) എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ ഓഫ്‌റോഡിംഗ് ലക്ഷ്യമിട്ടുള്ളതാണ്. 5,112 മി.മീ നീളവും, 2,016 മി.മീ വീതിയും, 1,683 മി.മീ ഉയരവുമാണ് എസ്‌യുവിക്കുള്ളത്. 3,003 മി.മീ നീളമേറിയതാണ് വീല്‍ബേസ്.

അംബാനിയാണ് ഇന്ത്യയില്‍ ഉറുസിന്റെ ആദ്യ ഉടമ.  ലംബോര്‍ഗിനി മുംബൈ ഷോറൂമില്‍ നിന്നാണ് പുതിയ ഉറുസ് എസ്.യു.വിയെ തന്റെ ഗാരേജിലെത്തിച്ചത്. അടുത്തിടെ രണ്‍വീര്‍ സിങും ഉറുസ് സ്വന്തമാക്കിയിരുന്നു. 

ഉറൂസിന് പുറമേ ഫോര്‍ഡ് മസ്താങ് ജിടി, മസരെത്തി ട്രാന്‍ ടുറിസ്‌മോ സ്‌പോര്‍ട്ട്, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍, ബിഎംഡബ്ല്യു 7 സീരീസ് തുടങ്ങിയ കാറുകള്‍ നേരത്തെ രോഹിത്ത് ഷെട്ടിയുടെ ഗാരേജിലുണ്ട്.