ഗോ, ഗോ പ്ലസ് മോഡലുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകളുമായി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഡാറ്റ്സണ്‍. 47,500 രൂപ വരെയുള്ള ഓഫറുകളാണ് ഇരുമോഡലുകളിലും ലഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഏഴ് സീറ്റര്‍ പതിപ്പായ ഗോ പ്ലസ് എംപിവിയില്‍ 42,500 രൂപയുടെ വരെ ആനുകൂല്യങ്ങളാണ് കമ്പനി നല്‍കുന്നത്. ഇതില്‍ 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും, 20,000 രൂപ എക്‌സചേഞ്ച് ആനുകൂല്യങ്ങളും ലഭിക്കും. NIC അംഗികൃത ഡീലര്‍ഷിപ്പുകളില്‍ മാത്രമാകും എക്‌സചേഞ്ച് ബെനഫിറ്റ് ആനുകൂല്യം ലഭിക്കുക. ഒക്ടോബര്‍ 15 -നുള്ളില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 7,500 രൂപയുടെ ബുക്കിംഗ് ബെനഫിറ്റ് ഓഫറും ലഭിക്കും.

ഗോ ഹാച്ച്ബാക്കില്‍ 47,500 രൂപയുടെ മൊത്തം ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും ഉള്‍പ്പടെ 20,000 രൂപയൂടെ ആനുകൂല്യങ്ങള്‍ ഡാറ്റ്‌സന്‍ ഗോയിലെ ഓഫറുകളില്‍ ഉള്‍പ്പെടുന്നു. 2020 ഒക്ടോബര്‍ 15 -ന് മുമ്പ് കാര്‍ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ബുക്കിംഗ് ആനുകൂല്യങ്ങളും കമ്പനി വാഗ്‍ദാനം ചെയ്യുന്നു. 2020 ഒക്ടോബര്‍ 1 മുതല്‍ 31 വരെ വാഹനം ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കുക. എന്നാല്‍ സ്റ്റോക്ക് തീരുന്നതുവരെ മാത്രമാകും ഈ ഓഫറുകള്‍ ലഭിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്കാകും ഓഫറുകള്‍ ലഭിക്കുക. 

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ഹാച്ച്ബാക്ക് ഗോ, എംപിവി ഗോ പ്ലസ് എന്നീ മോഡലുകളുടെ ബിഎസ്6 പതിപ്പിനെ ഡാറ്റ്സന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. D, A, A(O), T, T(O), T CVT and T(O) CVT എന്നീ വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.  ബിഎസ്6 ലേക്ക് നവീകരിച്ച 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഇരുമോഡലുകളുടെയും ഹൃദയം.  5,000 rpm -ല്‍ 68 bhp കരുത്തും 4,000 rpm -ല്‍ 104 Nm torque ഉം ആണ് ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കുന്നത്. മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്‍മിഷന്‍. ഗോയ്ക്ക് 3.99 ലക്ഷം രൂപയും ഗോ പ്ലസിന് 4.19 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.