Asianet News MalayalamAsianet News Malayalam

എണ്ണ മാത്രമല്ല പെട്രോള്‍ പമ്പില്‍ നിന്നും ഇനി കറന്‍റും അടിക്കാം!

വൈദ്യുത വാഹന രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് ഇടയാക്കുന്ന ചുവടുവയ്‍പുമായി പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍

BPCL forays into swappable lithium ion battery supply for electric vehicles
Author
Kochi, First Published Feb 6, 2020, 11:23 AM IST

വൈദ്യുത വാഹന രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് ഇടയാക്കുന്ന ചുവടുവയ്‍പുമായി പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബി.പി.സി.എല്‍.)  ഇ-റിക്ഷകള്‍ക്കും ഇ-ഓട്ടോകള്‍ക്കും ചാര്‍ജ് ചെയ്ത ബാറ്ററി കൈമാറുന്ന ഇ-ഡ്രൈവ് എന്ന പദ്ധതിയാണ് കമ്പനി അവതരിപ്പിച്ചത്.

കൈനറ്റിക് ഗ്രീനിന്റെയും ഐ.ഐ.ടി. ചെന്നൈയുടെയും സഹകരണത്തോടെയാണ് പദ്ധതി. ആദ്യഘട്ടത്തില്‍ കൊച്ചിയിലും ലഖ്നൗവിലുമാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.

പദ്ധതിപ്രകാരം ബി.പി.സി.എല്‍. ഔട്ട്ലെറ്റുകളില്‍ നിന്ന് ചാര്‍ജ് ചെയ്ത ബാറ്ററികള്‍ മാറ്റി വാങ്ങാം. വാഹന ഉടമകള്‍ക്ക് ചാര്‍ജ് ചെയ്യാനുള്ള സമയം ലാഭിക്കാമെന്നതാണ് മെച്ചം. 

നിലവിൽ ഇ– ഓട്ടോകളിൽ ബാറ്ററി ചാർജ് തീർന്നാൽ വീണ്ടും ചാർജ് ചെയ്യാൻ 2 മണിക്കൂർ സമയമെടുക്കും. എന്നാൽ, ഇനി ബാറ്ററി റീചാർജ് ചെയ്യാൻ നേരെ പെട്രോൾ പമ്പിൽ പോയാല്‍ മതി. ഓട്ടോയിൽനിന്നു ബാറ്ററി അഴിച്ചെടുത്തു പെട്രോൾ പമ്പിൽ ഏൽപ്പിച്ചാല്‍ അവിടെ നിന്നും ഫുൾ ചാർജ് ചെയ്ത ബാറ്ററി ഓട്ടോയിൽ ഘടിപ്പിക്കാം. അതായത് വെറും അഞ്ച് മിനിറ്റിനകം ഓട്ടോ വീണ്ടും ഫുൾ ചാർജ് ആകുമെന്ന് ചുരുക്കം. 

കൊച്ചിയില്‍ മെട്രോ ഫീഡർ സേവനങ്ങൾക്കായി ഓടുന്ന 20 ഇ– ഓട്ടോകളിൽ ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കും. വാടകയ്ക്കാണ് വാഹനം ലഭിക്കുക. ഇതിനാല്‍ വൈദ്യുത വാഹനങ്ങള്‍ സ്വന്തമാക്കാനുള്ള വന്‍ ചെലവും ഇല്ല. കൊച്ചിയില്‍ കൊച്ചി മെട്രോ ഓട്ടോറിക്ഷ തൊഴിലാളികളുടെ സൊസൈറ്റി അംഗങ്ങള്‍ക്കാണ് വാഹനം ലഭിക്കുക.

ഊരി നൽകുന്ന ബാറ്ററികൾ, പകരം നൽകുന്ന ബാറ്ററികൾ, അത് ഉപയോഗിക്കുന്ന ഓട്ടോറിക്ഷ തുടങ്ങിയവയുടെ വിശദാംശങ്ങൾ ആപ്ലിക്കേഷനിൽ രേഖപ്പെടുത്തും. പെട്രോൾ പമ്പുകളിൽ ലഭിക്കുന്ന ചാർജ് തീർന്ന ബാറ്ററികൾ കളമശേരിയിലെ ബിപിസിഎൽ ചാർജിങ് സ്റ്റേഷനിലെത്തിച്ചു ചാർജ് ചെയ്തു തിരികെയെത്തിക്കും. ഇവിടെ ഒരേ സമയം 100 ബാറ്ററികൾ ചാർജ് ചെയ്യാം. ഒരു ബാറ്ററി ചാർജ് ചെയ്യാൻ 2 മണിക്കൂർ. എറണാകുളം നോർത്ത്, ഹൈക്കോടതി ജംക്‌ഷൻ എന്നിവിടങ്ങളിലെ പമ്പുകളിൽകൂടി വൈകാതെ ബാറ്ററികൾ മാറ്റിയെടുക്കാനുളള സൗകര്യം ലഭ്യമാകും. 

ചെന്നൈയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ബി.പി.സി.എല്‍. ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡി. രാജ്കുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. കൈനറ്റിക് ഗ്രീന്‍ എം.ഡി. സുലജ്ജ ഫിരോദിയ, ഐ.ഐ.ടി. ചെന്നൈയിലെ െപ്രാഫ. ജുന്‍ജുന്‍വാല തുടങ്ങിയവര്‍ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios