മുംബൈ: ടാറ്റ മോട്ടോർസും ടിവിഎസ്  ഓട്ടോ അസിസ്റ്റും സംയുക്തമായി വാഹന ലോകത്തെ  ആദ്യത്തെ വുമൺ അസിസ്റ്റ് സർവീസ് പദ്ധതി ആരംഭിച്ചു.  വനിതാ ഡ്രൈവർമാർക്ക് ഈ പദ്ധതിയിലൂടെ ആവശ്യമായ അടിയന്തിര സേവനങ്ങൾ നൽകാൻ സാധിക്കുമെന്ന് കമ്പനികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ജൂൺ 1മുതൽ പദ്ധതിയുടെ സേവനങ്ങൾ ലഭ്യമാകും. അപകടങ്ങൾ,  ബാറ്ററി സംബന്ധമായ പ്രശ്നങ്ങൾ,  ടയർ പഞ്ചർ, ഇന്ധനം തീരുക, മറ്റ് മെക്കാനിക്കൽ തകരാറുകൾ തുടങ്ങിയ അടിയന്തര പരിഹാരമാവശ്യമായ പ്രശ്നങ്ങൾക്ക് എളുപ്പത്തിൽ ആവശ്യമായ സേവനങ്ങൾ നൽകാൻ ഇതിലൂടെ സാധിക്കും.

സ്ത്രീ ഡ്രൈവർമാരെ ശാക്തീകരിക്കുവാൻ ലക്ഷ്യമിട്ടാണ് ഇരു കമ്പനികളും വനിതാ സഹായ പദ്ധതിക്ക് രൂപംനൽകിയത്. രാത്രിവൈകി   ഡ്രൈവിങ്ങിൽ അപ്രതീക്ഷിതമായി  സംഭവിക്കാവുന്ന മെക്കാനിക്കൽ പ്രശ്നങ്ങളിൽ വനിതകൾക്ക് ഈ പദ്ധതി പരിഹാരമേകും. വിൽപ്പനാനന്തര സേവനം മെച്ചപ്പെടുത്തി പുതിയ ഒരു തലത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ടാറ്റ മോട്ടോർസ് ടിവിഎസ് ആസിസ്റ്റുമായി ചേർന്ന് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. 

നിലവിൽ  14 കേന്ദ്രങ്ങളിലാകും ആദ്യഘട്ടമായി  പദ്ധതി നടപ്പിലാക്കുക. വനിതകളായ ടാറ്റ മോട്ടോർസ് പാസഞ്ചർ വാഹന ഉപഭോക്താക്കൾക്ക് എല്ലാ ദിവസവും രാത്രി 8മുതൽ രാവിലെ 5വരെ ഈ സേവനം ലഭ്യമാകും. 

വുമൺ അസ്സിസ്റ്റ്‌ സർവീസ് പദ്ധതിയിലേക്ക് 18002097979, എന്ന നമ്പറിൽ ബന്ധപ്പെടാം. 45മിനിറ്റുകൾക്കുള്ളിൽ മെക്കാനിക്കൽ അല്ലെങ്കിൽ ടോയിങ് സൗകര്യവുമായി പ്രിവൻഷൻ ഓഫ് സെക്ഷ്വൽ ഹരാസ്മെന്റ് (POSH)പദ്ധതി പ്രകാരം പ്രത്യേക പരിശീലനം നേടിയ ടെക്‌നീഷ്യന്മാരുടെ ഒരു ടീം സഹായവുമായി എത്തും. മെക്കാനിക്കൽ ആവശ്യങ്ങളെ കൂടാതെ ഉപഭോക്തൃ നന്മക്കായി റിഫ്രഷ്‌മെന്റ്, മൊബൈൽ ചാർജറുകൾ,  വൈഫൈ കണക്ടിവിറ്റി എന്നിവയും ലഭ്യമാക്കും.  

മാത്രമല്ല  ഏതെങ്കിലും സാഹചര്യത്താൽ വാഹനത്തിന്റെ തകരാറ് പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ അടുത്ത സർവീസ് കേന്ദ്രത്തിലേക്ക് ഉടൻ വാഹനം മാറ്റും.  തുടർന്ന് ഉപഭോക്താവിന്റെ ആവശ്യമനുസരിച്ച്‌ കാൾ സെന്ററുമായി ബന്ധപ്പെട്ട് ടാക്സി സൗകര്യം ലഭ്യമാക്കുകയും, ഉപഭോക്താവ് സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിയെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.

മികച്ച വിൽപ്പനാന്തര സേവനം ലഭ്യമാക്കുന്നതിനായി കമ്പനി നിരന്തരം നവീകരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും ഈ യാത്രയിൽ ടിവിഎസ് അസിസ്റ്റുമായി സഹകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും വാഹന ലോകത്തു തന്നെ വനിതകൾക്കായി ഇത്തരം ഒരു പദ്ധതി ആദ്യമായി നടപ്പിലാക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും  ടാറ്റ മോട്ടോർസ് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ്‌ യൂണിറ്റ് പ്രസിഡന്റ് മായങ്ക് പരിക്ക് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.