ക്രൂയിസര്‍ മോഡലായ അവഞ്ചര്‍ 160 സ്ട്രീറ്റ് മോഡലിന്റെ ബിഎസ്6 പതിപ്പിനെ ഏപ്രില്‍ മാസത്തിന്റെ തുടക്കത്തിലാണ് ബജാജ് കമ്പനി അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ വാഹനത്തിന്‍റെ വില വര്‍ധിപ്പിച്ചിരിക്കുകയാണ് ബജാജ്. 

ബൈക്കിന്റെ എക്‌സ്‌ഷോറൂം വില 94,893 രൂപയാണ്. പഴയ ബിഎസ് 4 പതിപ്പില്‍ നിന്നും അന്ന് 11,000 രൂപയുടെ വര്‍ധനവാണ് പുതിയ പതിപ്പിന് കമ്പനി നല്‍കിയത്. വീണ്ടും ഇപ്പോൾ വില വര്‍ധിപ്പിച്ചിരിക്കുകയാണ് ബജാജ്. 1,216 രൂപയുടെ വര്‍ധനവാണ് പുതിയതായി ഉണ്ടായിരിക്കുന്നത്. എന്നാൽ, ബൈക്കില്‍ പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുകയോ, മറ്റ് മാറ്റങ്ങള്‍ വരുത്തുകയോ ചെയ്തിട്ടില്ല.

ബൈക്കിന്റെ കരുത്ത് 160 സിസി SOHC എയര്‍ കൂള്‍ഡ് എഞ്ചിനാണ്. 8,500 rpm -ല്‍ 15 bhp കരുത്തും 7,000 rpm -ല്‍ 13.7 Nm ടോർക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനം പുതിയ ബൈക്കില്‍ ഇടംപിടിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി സിംഗിള്‍ ചാനല്‍ എബിഎസിനൊപ്പം മുന്നില്‍ 280 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 130 mm ഡ്രം ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്. താഴ്ന്ന സീറ്റ്, സൂപ്പര്‍ വൈഡ് റിയര്‍ ടയര്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, റോഡ്സ്റ്റര്‍ പോലുള്ള ഹെഡ്‌ലാമ്പ്, സ്‌പോര്‍ടി എക്‌സ്‌ഹോസ്റ്റ് തുടങ്ങിയ ബൈക്കിന്റെ സവിശേഷതകളാണ്.

ബജാജ് ഓട്ടോയുടെ ക്രൂയിസർ ബൈക്ക് അവഞ്ചർ ശ്രേണിയിലെ വലിയ മോഡൽ ആയ ക്രൂയിസ് 220-യുടെ വിലയും അടുത്തിടെ കമ്പനി കൂട്ടിയിരുന്നു. ബിഎസ്4 മോഡലിനേക്കാൾ Rs 11,584 രൂപയാണ് കൂട്ടിയത്. Rs 1,16,672 രൂപയായിരുന്നു അവഞ്ചർ ക്രൂയിസ് 220-ന് കഴിഞ്ഞ മാസം അവതരണ വേളയിലെ വില. ഇപ്പോൾ Rs 2,500 രൂപ കൂടെ കൂടി Rs 1,19,174 ആണ് അവഞ്ചർ ക്രൂയിസ് 220-യുടെ എക്‌സ്-ഷോറൂം വില.