Asianet News MalayalamAsianet News Malayalam

ഹൃദയം മാറ്റിയെത്തി ആദ്യബുക്കിംഗില്‍ ഞെട്ടിച്ച കേമന്‍, പാടുപെടുമോ എന്‍ഫീല്‍ഡ്?

റെട്രോ ക്ലാസിക്ക് മോഡലായ ഇംപീരിയാലെ 400ന്‍റെ ബിഎസ് 6 പതിപ്പിനെ അവതരിപ്പിച്ച് ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബെനലി.  

BS6 Benelli Imperiale 400 launched
Author
Mumbai, First Published Jul 10, 2020, 12:30 PM IST

റെട്രോ ക്ലാസിക്ക് മോഡലായ ഇംപീരിയാലെ 400ന്‍റെ ബിഎസ് 6 പതിപ്പിനെ അവതരിപ്പിച്ച് ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബെനലി.  1.99 ലക്ഷം രൂപയാണ് ബിഎസ്-6 മോഡലിന്റെ എക്‌സ്‌ഷോറൂം വില. ബിഎസ്-4 മോഡലിനെ അപേക്ഷിച്ച് 20,000 രൂപ ബിഎസ്-6 പതിപ്പിന് കൂടി. 

ബിഎസ്6 നിലവാരത്തിലുള്ള 374 സിസി ഫ്യുവല്‍ ഇഞ്ചക്ഷന്‍ എയര്‍കൂള്‍ഡ് എന്‍ജിനാണ് ഈ വാഹനത്തിന്‍റെ ഹൃദയം. 20.7 ബിഎച്ച്പി പവറും 29 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും ഈ എഞ്ചിന്‍. ബിഎസ്-4 മോഡലില്‍ നല്‍കിയിരുന്ന ആറ് സ്പീഡ് ഗിയര്‍ ബോക്‌സ് തന്നെയാണ് ബിഎസ്-6 എന്‍ജിന്‍ പതിപ്പിലും ട്രാന്‍സ്‍മിഷന്‍.

പുതുക്കിയ എന്‍ജിന്‍ ഒഴിച്ചുനിര്‍ത്തയാല്‍ ഇംപീരിയാലെ 400-ന്റെ ഡിസൈനിലും മറ്റും മാറ്റങ്ങളാന്നും വരുത്തിയിട്ടില്ല. ഡബിള്‍ ക്രാഡില്‍ സ്റ്റീല്‍ ട്യൂബ് ഫ്രെയിമായിരിക്കും പുതിയ മോഡലിനും അടിസ്ഥാനം. 2170 എംഎം നീളവും 820 എംഎം വീതിയും 1120 എംഎം ഉയരവും 1440 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. 

ഇംപീരിയാലെ 400 നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന ബെനലി മോഡലുകളിലൊന്നാണ്. ലളിതമായ രൂപകല്‍പ്പനയോടെ എത്തിയ വാഹനമാണ് ഇത്.  2019 ഒക്ടോബര്‍ അവസാനവാരമാണ് വാഹനത്തെ ഇന്ത്യയില്‍ എത്തിക്കുന്നത്. ലോഞ്ച് ചെയ്ത് 10 ദിവസത്തിനുള്ളില്‍ 1,200-ല്‍ അധികം ബുക്കിംഗ് നേടിയാണ് ഇംപെരിയാലെ 400 വരവറിയിച്ചത്. ചുവപ്പ്, കറുപ്പ്, ക്രോം എന്നിങ്ങനെ മൂന്നു നിറങ്ങളിലാണ് ഇംപെരിയാലെ 400-വിപണിയിലുള്ളത്.

1950കളിൽ നിർമിച്ച ബെനെലി-മോട്ടോബി റേഞ്ചിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇംപീരിയാലെയുടെ നിർമ്മാണം. ഡബിൾ ക്രാഡിൽ സ്റ്റീൽ ട്യൂബ് ഫ്രെയ്മിലാണ് വാഹനത്തിന്റെ നിർമാണം. 2017ലെ മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലായിരുന്നു ഇംപീരിയാലെ 400 ബെനെലി ആദ്യമായി അവതരിപ്പിച്ചത്.

373.5 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്ട്രോക്ക് എയര്‍കൂള്‍ഡ് എന്‍ജിനാണ് ഇംപീരിയലെയുടെ ഹൃദയം. 5500 ആര്‍പിഎമ്മില്‍ 20.4 എച്ച്പി പവറും 3500 ആര്‍പിഎമ്മില്‍ 28 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. 5 സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്‍സ്‍മിഷന്‍. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 18 ഇഞ്ചുമാണ് വീല്‍.  മുന്നില്‍ 300 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 240 എംഎം ഡിസ്‌ക് ബ്രേക്കും സുരക്ഷ ഉറപ്പാക്കും. ഡ്യുവല്‍ ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും വാഹനത്തിലുണ്ട്. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്സോര്‍ബേഴ്സുമാണ് സസ്പെന്‍ഷന്‍.

ഡബിള്‍ ക്രാഡില്‍ സ്റ്റീല്‍ ട്യൂബ് ഫ്രെയിമില്‍ പ്രാദേശിക ഘടകങ്ങള്‍ ഉപയോഗിച്ചാണ് വാഹനത്തിന്റെ നിര്‍മ്മാണം. ആകെ 200 കിലോഗ്രാം ഭാരമാണ് വാഹനത്തിനുള്ളത്. റൗണ്ട് ഹെഡ്‌ലൈറ്റ്, ഫ്യുവല്‍ ടാങ്ക്, സീറ്റ്, ഹാന്‍ഡില്‍ ബാര്‍ തുടങ്ങി മിക്ക ഭാഗങ്ങളും എന്‍ഫീല്‍ഡ് ക്ലാസിക്കുമായി ഏറെ സാമ്യം പുലര്‍ത്തും.  ഉയര്‍ന്നിരിക്കുന്ന ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സാഡില്‍ ബാഗ് എന്നിവയൊക്കെ ഇംപീരിയാലെയുടെ പ്രത്യേകതയാണ്. ബോഡിയിലെ ക്രോം ഫിനിഷ്, എക്സ്ഹോസ്റ്റ് എന്നിവ വിന്റേജ് ലുക്ക് നല്‍കും.

ഇന്ത്യന്‍ നിരത്തുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്ക് ശക്തമായ വെല്ലുവിളി തുടരാന്‍ ഇംപീരിയാലെ 400ന്‍റെ പുതിയ പതിപ്പിനും കഴിയും എന്ന പ്രതീക്ഷയിലാണ് ബെനെലി.

Follow Us:
Download App:
  • android
  • ios