ഇറ്റാലിയന്‍ ആഡംബര ബൈക്ക് നിര്‍മ്മാതാക്കളായ ഡ്യുക്കാറ്റിയുടെ പ്രീമിയം സ്പോർട്‌സ് നേക്കഡ് മോട്ടോർസൈക്കിളായ സ്‌ക്രാംബ്ലർ 1100 പ്രോയെ അടുത്തിടെയാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സ്‌ക്രാംബ്ലര്‍ 1100 പ്രോ ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

11.95 ലക്ഷം രൂപ ആണ് പുതിയ ഡ്യുക്കാട്ടി സ്‌ക്രാംബ്ലര്‍ 1100 പ്രോയുടെ വില. ഉയര്‍ന്ന സ്പെക്ക് പ്രോ സ്പോര്‍ട്ട് വേരിയന്റിന് 13.74 ലക്ഷം രൂപയുമാണ് വില. പനിഗാലെ V2 സ്പോർട്സിന് ശേഷം ഇന്ത്യയിൽ അവതരിപ്പിക്കുന്ന രണ്ടാമത്തെ ബിഎസ്6 ഡ്യുക്കാട്ടി മോഡലായിരിക്കും സ്‌ക്രാംബ്ലർ 1100 പ്രോ. 'ഓഷ്യൻ ഡ്രൈവ്' എന്ന പുതിയ രണ്ട്-ടോൺ കളർ സ്കീമും വലതുവശത്ത് പുതിയ ഡ്യുവൽ ടെയിൽ പൈപ്പും പുതിയ നമ്പർ പ്ലേറ്റ് ഹോൾഡറും പുതിയ കളർ ഓപ്ഷനും ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ 1100 പ്രോയ്ക്ക് ലഭിക്കും.

ഹെഡ്‌ലാമ്പിൽ ഇടംപിടിച്ചിരിക്കുന്ന കറുത്ത മെറ്റൽ 'X' രൂപം ബൈക്കിന് ഒരു റെട്രോ ടച്ചാണ് സമ്മാനിക്കുന്നത്. ഡബിള്‍ സൈഡഡ് അലൂമിനിയം സ്വിംഗ്ആം, പുതിയ സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിം, പരിഷ്‌കരിച്ച ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവകും ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ 1100 പ്രോയുടെ മറ്റ് പ്രധാന ഫീച്ചറുകൾ.

സ്റ്റാൻഡേർഡ് സ്‌ക്രാംബ്ലർ 1100 മോഡലിലെ അതേ 1,079 സിസി എൽ-ട്വിൻ എഞ്ചിൻ തന്നെയാണ് പ്രോയുടെയും ഹൃദയം. ഇത് 7,250 rpm-ൽ 83.5 bhp കരുത്തും 4,750 rpm-ൽ 90.5 Nm ടോർക്കും സൃഷ്ടിക്കും. സ്ലിപ്പര്‍ ക്ലച്ച് ഉപയോഗിച്ച് ഹൈഡ്രോളിക് ആക്യുവേറ്റഡ് ആറ് സ്പീഡ് ഗിയർബോക്സുമായാകും എഞ്ചിൻ ജോടിയാക്കുക. സ്‌ക്രാംബ്ലർ 1100 പ്രോയ്ക്ക് ട്രാക്ഷൻ കൺട്രോൾ, കോർണറിംഗ് എബിഎസ്, ആക്റ്റീവ്, സിറ്റി, ജോർണി എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും ലഭിക്കും.