രാജ്യത്തെ ആഭ്യന്തര ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ ആദ്യ ബിഎസ് 6 സ്‌കൂട്ടര്‍ വിപണിയിലെത്തിച്ചു. 2020 മോഡല്‍ പ്ലെഷര്‍ പ്ലസ് സ്‌കൂട്ടറിന്റെ സ്റ്റീല്‍ വീല്‍ വേരിയന്റിന് 54,800 രൂപയും അലോയ് വീല്‍ വേരിയന്റിന് 56,800 രൂപയുമാണ് ദില്ലി എക്‌സ് ഷോറൂം വില. ബിഎസ് 4 മോഡലിനേക്കാള്‍ ഏകദേശം 1,500 രൂപയോളം കൂടുതലാണിത്. 

2019 മെയ് മാസത്തില്‍ സ്‌കൂട്ടറിന്റെ സ്റ്റൈലിംഗ് കാര്യമായി പരിഷ്‌കരിച്ചിരുന്നു. മുന്‍വശത്തെ സില്‍വര്‍ പ്ലാസ്റ്റിക് ക്ലാഡിങ്, പരിഷ്‌കരിച്ച സൈഡ് പാനല്‍, ഹെഡ്ലൈറ്റ് ഡിസൈന്‍, ഇന്‍ഡികേറ്റര്‍ എന്നിവ പ്ലെഷര്‍ പ്ലസിനെ വ്യത്യസ്തമാക്കും. യുഎസ്ബി ചാര്‍ജിങ് സ്ലോട്ടും വാഹനത്തിലുണ്ട്. ഗ്രീന്‍, മാറ്റ്, റെഡ്, സോളിഡ് റെഡ്, ബ്ലൂ, ഗ്രേ, ബ്ലാക്ക്, വൈറ്റ് എന്നീ ഏഴ് നിറങ്ങളിലാണ് നിലവില്‍ വാഹനം ലഭ്യമാകുന്നത്. 

2020 മോഡലില്‍ ഹെഡ്‌ലാംപിന് ക്രോം ചുറ്റ്, (അലോയ് വീല്‍ വേരിയന്റിന്), വശങ്ങളില്‍ ക്രോം, ക്രോമില്‍ തീര്‍ത്ത 3ഡി ലോഗോ എന്നിവ പുതുതായി നല്‍കിയിരിക്കുന്നു. 10 ഇഞ്ച് വ്യാസമുള്ള ചക്രങ്ങളിലാണ് ഹീറോ പ്ലെഷര്‍ പ്ലസ് ഓടുന്നത്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും. മുന്‍, പിന്‍ ചക്രങ്ങളില്‍ ഡ്രം ബ്രേക്ക് നല്‍കി. കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം സുരക്ഷാ ഫീച്ചറാണ്. 

ബിഎസ് 4 മോഡല്‍ ഉപയോഗിച്ചിരുന്ന കാര്‍ബുറേറ്ററിന് പകരം ഹീറോയുടെ പ്രോഗ്രാമ്ഡ് ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ സംവിധാനം നല്‍കി. ബിഎസ് 6 പാലിക്കുമ്പോഴും 110 സിസി എന്‍ജിന്‍ 8 ബിഎച്ച്പി കരുത്തും 8.7 എന്‍എം ടോര്‍ക്കും തുടര്‍ന്നും ഉല്‍പ്പാദിപ്പിക്കും. പരിഷ്‌കരിച്ച എന്‍ജിന്‍ പത്ത് ശതമാനം അധികം ഇന്ധനക്ഷമതയും മികച്ച ആക്‌സെലറേഷനും നല്‍കുമെന്ന് ഹീറോ മോട്ടോകോര്‍പ്പ് അവകാശപ്പെട്ടു.

ഹോണ്ട ആക്റ്റിവ 6ജി, ടിവിഎസ് ജൂപ്പിറ്റര്‍ 110 എന്നിവയാണ് എതിരാളികള്‍. എന്നിവയാണ് പുതിയ പ്ലെഷര്‍ പ്ലസിന്റെ മുഖ്യ  എതിരാളികള്‍.