ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ഹോണ്ടയുടെ  പ്രീമിയം സെഡാനായ സിറ്റി അടിമുടി മാറി നിരത്തിലേക്കെത്തുന്നു. ഹോണ്ട സിറ്റിയുടെ ഏറ്റവും പുതിയ പതിപ്പ് ബിഎസ്-6 എന്‍ജിനിലാണ് എത്തുക. ഹോണ്ടയുടെ ഡീസല്‍, എന്‍ജിന്‍ ബിഎസ്-6 നിലവാരത്തിലേക്ക് മാറുന്നതിനെക്കുറിച്ച് കൃത്യമായ വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല.   എന്നാല്‍ വാഹനത്തിന്റെ ബുക്കിങ്ങ് ഹോണ്ട ഡീലര്‍ഷിപ്പുകള്‍ അനൗദ്യോഗികമായി ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. 

1.5 ലിറ്റര്‍ എസ്ഒഎച്ച്സി ഐ-വിടെക് പെട്രോള്‍ എന്‍ജിനാണ് ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്. 119 പിഎസ് പവറും 145 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കും. നൂതന സംവിധാനങ്ങളില്‍ മാത്രമല്ല ഹോണ്ടയെ വ്യത്യസ്‍തമാക്കുന്നത്. ലുക്കിലും ബോഡിയിലുമെല്ലാം ഹോണ്ടയുടെ തലമുറമാറ്റം പ്രതിഫലിക്കും.

ബിഎസ് 6 നിലവാരമുള്ള ഡീസൽ എൻജിൻ സഹിതം സിറ്റി 2020 ഏപ്രിലോടെ ഇന്ത്യയില്‍ വിൽപ്പനയ്ക്കെത്തുമെന്നാണു കരുതുന്നത്.  നിലവിലുള്ള ബി എസ് 4 മോഡലിനെ അപേക്ഷിച്ച് ബിഎസ്6 എൻജിനോടെയെത്തുന്ന സിറ്റിയുടെ വിലയിൽ 35,000 – 40,000 രൂപ വർധനയും പ്രതീക്ഷിക്കാം. ബിഎസ്4 ല്‍ ഉണ്ടായിരുന്ന വകഭേദങ്ങളോടെ തന്നെയാവും സിറ്റിയുടെ ബിഎസ്6 പതിപ്പും വിൽപനയ്ക്കെത്തുകയെന്നാണു സൂചന.  

ഒപ്പം ഈ മാസം തായ്‌ലൻഡിൽ അരങ്ങേറ്റം കുറിക്കുന്ന പുത്തൻ സിറ്റിയും 2020 മധ്യത്തോടെ ഇന്ത്യയിൽ വിൽപനയ്ക്കെത്തിയേക്കും.  ഹോണ്ട സിവിക്കിനോട് സാമ്യമുള്ളതാണ് ഈ പുതിയ വാഹനത്തിന്‍റെ  മുന്‍വശം. ഫ്രണ്ട് ബംമ്പര്‍, ഗ്രില്ല് എന്നിവയുടെ ഡിസൈനിലും മാറ്റമുണ്ട്. എല്‍ ഇ ഡി ഹെഡ്‍ലാമ്പ്, എല്‍.ഇ.ഡി ഡേടൈംറണ്ണിങ് ലൈറ്റ്, എല്‍.ഇ.ഡി ഫ്രണ്ട് ഫോഗ് ലാമ്പ് എന്നിവ മുന്‍വശത്തെ വേറിട്ടതാക്കും. നിലവിലെ മോണോകോക്ക് ഡിസൈനിന്റെ മെച്ചപ്പെടുത്തിയ പതിപ്പായിരിക്കും 2020 മോഡലിൽ ഉണ്ടാവുക. അതോടൊപ്പം 2020 ഹോണ്ട സിറ്റിക്ക് ക്രാഷ് പരിരക്ഷയും കംഫർട്ട് ഓറിയന്റഡ് ഡ്രൈവിംഗ് ഡൈനാമിക്സും വർദ്ധിപ്പിക്കും.

പുതിയ ഡ്യുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയി വീല്‍, ഡോറിന് ചുറ്റും നല്‍കിയിട്ടുള്ള ക്രോമിയം സ്ട്രിപ്പ്, ഷാര്‍ക്ക് ഫിന്‍ ആന്റിന, പ്രീമിയം കാറുകളോട് കിടപിടിക്കുന്ന എല്‍ഇഡി ടെയില്‍ ലാമ്പ്, എന്നിവയാണ് എക്സ്റ്റീരിയറിനെ അലങ്കരിക്കുന്ന മറ്റ് ഘടകങ്ങള്‍. മുമ്പുണ്ടായിരുന്ന പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ക്കൊപ്പം പുതിയ 1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ പെട്രോള്‍ എന്‍ജിനിലും, ഹൈബ്രിഡ് എന്‍ജിനിലും ഇത്തവണ സിറ്റി എത്തുമെന്നാണ് സൂചന. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലായിരിക്കും ഹൈബ്രിഡ് മോഡല്‍ ഒരുങ്ങുന്നത്.

1.5 ലിറ്റര്‍ i-VTEC എഞ്ചിനാണ് പെട്രോള്‍ വകഭേദത്തിന് കരുത്തേകുന്നത്. 6 സ്പീഡ് മാനുവല്‍/സിവിടി ട്രാന്‍സ്മിഷനില്‍ ഈ എഞ്ചിന്‍ 117 ബിഎച്ച്പി കരുത്തും 145 എന്‍എം ടോര്‍ക്കുമേകും. ഡീസല്‍ സിറ്റിയില്‍ 1.5 ലിറ്റര്‍ i-DTEC എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ 100 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കുമേകും.

ഇന്ത്യൻ വിപണിയിൽ ഏഴു ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നേട്ടം കൈവരിക്കുന്ന ആദ്യ പ്രീമിയം സെഡാനെന്ന നേട്ടം 2017 ഒക്ടോബറില്‍ സിറ്റി സ്വന്തമാക്കിയിരുന്നു. നിലവിൽ സിറ്റിയുടെ മൊത്തം വിൽപ്പനയിൽ 25 ശതമാനത്തിലേറെ ഇന്ത്യയുടെ സംഭാവനയെന്നതാണ് ശ്രദ്ധേയം. നാലു തലമുറകളായി തുടരുന്ന ശക്തമായ പാരമ്പര്യത്തിന്റെ പിൻബലത്തിൽ ഉപയോക്താക്കളുടെ മാറുന്ന അഭിരുചികളോട് നീതി പുലർത്താൻ സിറ്റിക്കു സാധിച്ചിട്ടുണ്ടെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.

ആഗോളതലത്തിൽ അറുപതോളം രാജ്യങ്ങളിലാണു ഹോണ്ട ‘സിറ്റി’ വിൽപ്പനയ്ക്കുള്ളത്. പെട്രോൾ, ഡീസൽ എൻജിനുകളുമായി മാനുവൽ ട്രാൻസ്മിഷനോടെയും പെട്രോളിനൊപ്പം ആധുനിക സി വി ടി ഗീയർബോക്സ് സഹിതവുമാണ് നിലവില്‍ സിറ്റി വിൽപ്പനയ്ക്കെത്തുന്നത്.

കീ രഹിത എൻട്രി, ഇലക്ട്രിക് സൺറൂഫ്, സ്റ്റീയറിങ്ങിൽ ഘടിപ്പിച്ച ഓഡിയോ, ബ്ലൂടൂത്ത് ഹാൻഡ്സ്ഫ്രീ, ഡിജിപാഡ് എന്നു പേരിട്ട 17.7 സെന്റിമീറ്റർ ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, റിവേഴ്സ് കാമറ, പാർക്കിങ് സെൻസർ, ക്രൂസ് കൺട്രോൾ, ഓട്ടമാറ്റിക് എയർ കണ്ടീഷനർ, ലതർ സീറ്റ്, 16 ഇഞ്ച് അലോയ്സ വീൽ, ഇ ബി ഡി സഹിതം എ ബി എസ്, എയർ ബാഗ് എന്നിവയെല്ലാം നിലവിലെ സിറ്റിയിലുണ്ട്. 

നാലാം തലമുറക്കാരനായ പുതിയ ഹോണ്ട സിറ്റിയുടെ എസ്, എസ്‌വി, വി, വിഎക്സ് എന്നീ പെട്രോൾ വേരിയന്റുകളിൽ മാനുവൽ ഗിയർബോക്സും പെട്രോൾ വേരിയന്റുകളായ വി, വിഎക്സ്, ടോപ്പ് എന്റ് സെഡ്എക്സ് എന്നിവയിൽ സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഡീസൽ വേരിയന്റുകളായ എസ്‌വി, വി, വിഎക്സ്, സെഡ് എക്സ് എന്നിവയിൽ മാനുവൽ ട്രാൻസ്മിഷനും ലഭ്യമാണ്.

വാഹനത്തിന്‍റെ 1.5ലിറ്റർ ഐ-ഡിടെക് ഡീസൽ എൻജിന് 99 കുതിരശക്തിയും 200എൻഎം ടോർക്കും ഉല്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. അതേസമയം പെട്രോൾ എൻജിനായ 1.5ലിറ്റർ ഐ-വിടെക് 117കുരിരശക്തിയും 145എൻഎം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്. മോഡേൺ സ്റ്റീൽ മെറ്റാലിക്, വൈറ്റ് ഓർക്കിഡ് പേൾ, കാർനിലിയൻ റെഡ് പേൾ, അലാബാസ്റ്റർ സിൽവർ മെറ്റാലിക്, ഗോൾഡൻ ബ്രൗൺ മെറ്റാലിക് എന്നീ നിറങ്ങളിലാണ് ഒടുവിലിറങ്ങിയ ഫേസ് ലിഫ്റ്റ് മോഡല്‍ വിപണിയിലെത്തുന്നത്. 

1998 ജനുവരിയിലാണ് ഹോണ്ടയുടെ ഉപസ്ഥാപനമായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) ആഭ്യന്തര വിപണിയിൽ സിറ്റി വിൽപ്പനയ്ക്കു തുടക്കമിടുന്നത്. വിപണിയിലെത്തിയ ശേഷം 2003ല്‍ രണ്ടാം തലമുറയും 2008ല്‍ മൂന്നാംതലമുറയും 2014ല്‍ നാലാം തലമുറയും ഇന്ത്യന്‍ നിരത്തുകളിലെത്തി. ഈ നാലാം തലമുറയാണ് ഇപ്പോള്‍ നിരത്തുകളിലുള്ളത്. ഈ മോഡലിനെക്കാള്‍ ആഡംബരമുള്ളതാവും പുത്തന്‍ വാഹനത്തിന്‍റെ എകസ്റ്റീരിയര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. 

പുതിയ പതിപ്പിന്റെ ഔദ്യോഗിക അരങ്ങേറ്റവും വില പ്രഖ്യാപനവുമൊക്കെ വരും ആഴ്ചകളിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും പുത്തന്‍ സിറ്റി നിരത്തിലെത്തിയാല്‍  മാരുതി സുസുക്കി സിയാസ്, ഫോക്സ് വാഗണ്‍ വെന്‍റെ, ഹ്യുണ്ടായി വെര്‍ണ തുടങ്ങിയവര്‍ ശക്തമായ വെല്ലുവിളിയാവും നേരിടേണ്ടി വരിക.