2020 മോഡല്‍ കവസാക്കി നിഞ്ച 650 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ബിഎസ് 6 പാലിക്കുന്ന മോട്ടോര്‍സൈക്കിളിന് 6.24 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ബിഎസ് 4 മോഡലിനേക്കാള്‍ 35,000 രൂപ കൂടുതല്‍. ബിഎസ് 6 പാലിക്കുന്ന 2020 മോഡലിന് 6.45 ലക്ഷത്തിനും 6.75 ലക്ഷത്തിനുമിടയില്‍ വില പ്രതീക്ഷിക്കാമെന്നാണ് ഈ വര്‍ഷം ജനുവരിയില്‍ ഇന്ത്യ കവസാക്കി മോട്ടോഴ്‌സ് (ഐകെഎം) പ്രസ്താവിച്ചിരുന്നത്. കമ്പനി വെബ്‌സൈറ്റിലും ബുക്കിംഗ് നടത്താം. കവസാക്കി ഡീലര്‍ഷിപ്പുകള്‍ തുറക്കുന്നതോടെ ഡെലിവറി ആരംഭിക്കും. മോട്ടോര്‍സൈക്കിള്‍ തദ്ദേശീയമായി ഇന്ത്യയില്‍ നിര്‍മിക്കുകയാണ്.

പുതിയ മോഡല്‍ ഇയര്‍ മോട്ടോര്‍സൈക്കിളില്‍ കവസാക്കി നിരവധി മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. മുന്‍ഭാഗം, ഫെയറിംഗ് എന്നിവ പുനര്‍രൂപകല്‍പ്പന ചെയ്തതോടെ സ്‌റ്റൈലിംഗ് ഇപ്പോള്‍ കൂടുതല്‍ അഗ്രസീവാണ്. ഫുള്‍ എല്‍ഇഡി ഹെഡ്‌ലാംപ്, ടെയ്ല്‍ ലാംപ് എന്നിവ നല്‍കി. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായി പുതിയ 4.3 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ നല്‍കി. ബ്ലൂടൂത്ത് വഴി റൈഡറുടെ സ്മാര്‍ട്ട്‌ഫോണും ടിഎഫ്ടി ഡിസ്‌പ്ലേയും കണക്റ്റ് ചെയ്യാന്‍ കഴിയും.

മുമ്പത്തെപ്പോലെ 649 സിസി, ലിക്വിഡ് കൂള്‍ഡ്, പാരലല്‍ ട്വിന്‍ എന്‍ജിനാണ് കരുത്തേകുന്നത്. എന്നാല്‍ ബിഎസ് 6 പാലിക്കുന്നതിനായി ഇന്‍ടേക്ക്, എക്‌സോസ്റ്റ് സംവിധാനം മെച്ചപ്പെടുത്തി. പവര്‍ കണക്കുകള്‍ ബിഎസ് 4 എന്‍ജിനുമായി ഏറെക്കുറേ സമാനമാണ്. 66.4 ബിഎച്ച്പി കരുത്തും 64 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മിഡ് റേഞ്ചില്‍ ഇപ്പോള്‍ കൂടുതല്‍ ടോര്‍ക്ക് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മികച്ച ഗ്രിപ്പ്, ഹാന്‍ഡ്‌ലിംഗ് എന്നിവ ലഭിക്കുന്നതിന് ഡണ്‍ലപ് സ്‌പോര്‍ട്ട്മാക്‌സ് റോഡ്‌സ്‌പോര്‍ട്ട് 2 ടയറുകള്‍ നല്‍കി.