ബിഎസ്-6 എന്‍ജിനില്‍ കൂടുതല്‍ സ്‌റ്റൈലിഷായി തിരിച്ചെത്താന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഇരുചക്ര വാഹന ശ്രേണിയിലെ ഫ്‌ളാഗ്ഷിപ്പ്‌ മോഡലായ മോജോ300. ഈ വാഹനത്തിനുള്ള ബുക്കിംഗ് മഹീന്ദ്ര ആരംഭിച്ചു എന്നാണ് പുതിയ വാര്‍ത്ത. 5000 രൂപയാണ് ബുക്കിംഗ് തുക. 

മുന്‍ മോഡലിനെക്കാള്‍ കൂടുതല്‍ സ്‌റ്റൈലിലും കരുത്തിലുമാകും പുത്തന്‍ മോജോ 300 എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്‍റെ ടീസര്‍ മഹീന്ദ്ര കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മുന്‍തലമുറ മോഡലുകളില്‍ നിന്ന് രൂപത്തില്‍ നേരിയ മാറ്റങ്ങള്‍ വരുത്തി പുത്തന്‍ നിറങ്ങളിലുമാണ് പുതിയ മോജോ എത്തുന്നത്. മുമ്പുണ്ടായിരുന്ന രണ്ട് വേരിയന്റുകള്‍ക്ക് പകരം ഒറ്റ വേരിയന്റിലായിരിക്കും ഈ ബൈക്കിന്റെ രണ്ടാം വരവ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എഞ്ചിനു പുറമേ മോജോയുടെ കളറുകളിൽ മാറ്റം വരുത്തി കാഴ്ചയിലും പുതുമ വരുത്താൻ മഹിന്ദ്ര ശ്രമിച്ചിട്ടുണ്ട്. ഗാർനറ്റ് ബ്ലാക്ക്, റൂബി റെഡ് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് 2020 മഹീന്ദ്ര മോജോ ബിഎസ്6 മോഡലിന്റെ ചിത്രങ്ങൾ മഹീന്ദ്ര പുറത്ത് വിട്ടിരിക്കുന്നത്. ഗാർനറ്റ് ബ്ലാക്ക് നിറമുള്ള മോഡലിന്റെ ഏറെക്കുറെ എല്ലാ ഘടകങ്ങളും കറുപ്പിലാണ്. അതെ സമയം ഫ്രെയിം, സ്വിങ്ആം എന്നിവയ്ക്ക് ചുവപ്പു നിറമാണ്. ഇതിനു യോജിക്കും വിധം ചുവപ്പു നിറത്തിലുള്ള പിൻ സ്ട്രൈപ്പിംഗും നൽകിയിട്ടുണ്ട്. 

സ്‌പോര്‍ട്‌സ് ബൈക്കുകളുടെ തലയെടുപ്പാണ് മോജോയുടെ പ്രധാന ഹൈലൈറ്റ്. മുന്നിലെ കൗളില്‍ നല്‍കിയിട്ടുള്ള ട്വിന്‍ ഹെഡ്‌ലാമ്പ്, സൈഡ് പാനലുകള്‍, അനലോഗ് ടാക്കോമീറ്റര്‍, സ്പീഡ്, ഗിയര്‍ പൊസിഷന്‍, ട്രിപ്പ് മീറ്റര്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കുന്ന ഡിജിറ്റല്‍ സ്‌ക്രീനും ഉള്‍പ്പെടുന്ന സെമിഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ ഇതില്‍ നല്‍കും.

ചിത്രങ്ങളിൽ 2020 മഹീന്ദ്ര മോജോ ബിഎസ്6-ൽ അപ് സൈഡ് ഡൗൺ മുൻ ഫോർക്കുകളില്ല. അതുകൊണ്ടു തന്നെ ഈ ബിഎസ്6 മോജോ മോഡൽ 2018-ൽ പുറത്തിറക്കിയ വിലക്കുറവുള്ള മോഡൽ ആയ UT 300 അടിസ്ഥാനമാക്കി നിർമ്മിച്ചതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കിൽ പിറെല്ലി ടയറുകളും ഇടത് ഭാഗത്തെ എക്സ്ഹോസ്റ്റും ബിഎസ്6 മോജോയിലുണ്ടാവില്ല. ഭാരം കുറയുന്നതോടൊപ്പം വില പിടിച്ചു നിർത്താനും മഹീന്ദ്രയ്ക്ക് ഇതുവഴി സാധിക്കും.

ട്വിൻ ഹാലൊജൻ ഹെഡ് ലൈറ്റുകൾ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഡ്യുവൽ-ചാനൽ എബിഎസ് എന്നിവ പുത്തൻ മോജോയിലും മാറ്റമില്ലാതെ തുടരും. ടെലിസ്കോപിക് മുൻ സസ്‌പെൻഷനും, മോണോ ഷോക്ക് പിൻ സസ്‌പെൻഷനും ആണ് മോജോയ്ക്ക്. 320 എംഎം ഡിസ്ക് മുൻ ചക്രത്തിലും 240 എംഎം ഡിസ്ക് പിൻ ചക്രത്തിലും ബ്രെക്കിംഗ് നല്‍കും.

ബിഎസ്6 നിലവാരത്തിലേക്ക് ഉയര്‍ന്നതിനൊപ്പം കരുത്തും ഉയര്‍ത്തിയ എന്‍ജിനായിരിക്കും പുതിയ മോജോയില്‍ സ്ഥാനം പിടിക്കുകയെന്നാണ് വിവരം. 295 സിസി, സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇൻജെക്ടഡ് ലിക്വിഡ് കൂൾഡ് എൻജിൻ തന്നെ പരിഷ്‌കാരങ്ങളോടെ പുത്തൻ മോജോയിൽ ഇടംപിടിക്കും. ബിഎസ്4 സ്‌പെകിൽ ഈ എൻജിൻ 7,500 അർപിഎമ്മിൽ 26 ബിഎച്പി പവറും 5,500 ആർപിഎമ്മിൽ 28 എൻഎം ടോർക്കും ആണ് ഉത്പാദിപ്പിച്ചിരുന്നത്. 6-സ്പീഡ് ഗിയർബോക്‌സാണ് നിലവില്‍ ട്രാന്‍സ്‍മിഷന്‍. എന്നാല്‍ പുത്തന്‍ എഞ്ചിന്‍റെ ഔട്ട് പുട്ടിൽ വ്യത്യാസമുണ്ടോ എന്ന് വ്യക്തമല്ല. 

കറുപ്പും ചുവപ്പും നിറങ്ങളുള്ള ഡ്യുവൽ ടോൺ പെട്രോൾ ടാങ്ക് ആണ് പുത്തൻ മോജോയിലെ റൂബി റെഡ് പതിപ്പിന്റെ ആകർഷണം. ഗാർനറ്റ് ബ്ലാക്ക്, റൂബി റെഡ് എന്നീ ഈ രണ്ട് നിറങ്ങൾ കൂടാതെ കൂടുതൽ നിറങ്ങളിൽ 2020 മഹീന്ദ്ര മോജോ ബിഎസ്6 ലഭ്യമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. അവതരണ വേളയിലായിരിക്കും വില വെളിപ്പെടുത്തുകയെങ്കിലും രണ്ട് ലക്ഷം രൂപയോളം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.