പുതിയ ബി എസ് 6 പതിപ്പ് മഹീന്ദ്ര സ്കോർപിയോയുടെ ഓൺലൈൻ ബുക്കിംഗ് കമ്പനി ആരംഭിച്ചു. 5000 രൂപ അടച്ച് ഈ വാഹനം ഓൺലൈനായി ബുക്ക് ചെയ്യാം. വാഹനം ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ വാഹനത്തിന് ആവശ്യമായ ആക്സസറികൾ കൂടി ഓൺലൈൻ ആയി ബുക്ക് ചെയ്യാനുള്ള സംവിധാനം കൂടി കമ്പനി ഒരുക്കിയിട്ടുണ്ട്. ഫോഗ് ലാംപ് ഗാർണിഷ് സെറ്റ്, ബോഡിയോട് ചേർന്ന് നിൽക്കുന്ന തരത്തിലുള്ള ബംബറുകൾ, അലോയ് വീലുകൾ, പാർക്കിംഗ് കവർ, സ്‌കഫ് പ്ലേറ്റ്,  കാർപെറ്റ് മാറ്റ് സെറ്റ്, മുൻ സീറ്റുകളുടെ ഹെഡ്റസ്റ്റിന് പിന്നിൽ ആയുള്ള ഇൻഫോടെയ്ന്മെന്റ്  സിസ്റ്റം മുതലായ ഒരുപാട് അക്സസറീസ് കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. എസ് 5,  എസ് 7, എസ് 9,  എസ് 11 എന്നീ നാല് വേരിയന്റുകളിലാണ് പുതിയ സ്കോർപിയോ എത്തുന്നത്. 

2.2 ലിറ്റർ 4 സിലിണ്ടർ എം ഹോക്ക് ഡീസൽ എൻജിനാണ് പുതിയ ബി എസ് 6 സ്കോർപിയോ ഹൃദയം. ഇത് 3750 ആർപിഎമ്മിൽ 140 ബിഎച്ച്പി കരുത്തും 1500- 2800 ആർപിഎമ്മിനിടയിൽ പരമാവധി ടോർക്ക് ആയ 320 ന്യൂട്ടൻ മീറ്ററും നൽകും. ആറു സ്പീഡ് മാനുവൽ ആണ് ഗിയർബോക്സ്. പേൾ വൈറ്റ്,  നെപോളി ബ്ലാക്ക്,  മോൾടെൻ റെഡ്, ഡെസർട്ട് സിൽവർ എന്നീ നാല് നിറങ്ങളിൽ സ്കോർപ്പിയോ ലഭ്യമാകും. 

വിവിധ വേരിയന്റുകളുടെ വില ഇതുവരെയും കമ്പനി  പുറത്തുവിട്ടിട്ടില്ല. ഡിസൈനിൽ ബി എസ് 6 പതിപ്പ് സ്കോർപിയോക്ക് ഇപ്പോൾ നിലവിലുള്ള മോഡലുകളുമായി യാതൊരു മാറ്റങ്ങളും ഇല്ല. സ്കോർപിയോയുടെ മുഖംമിനുക്കിയ പുത്തൻ മോഡൽ അടുത്തവർഷം വിപണിയിലെത്തുമെന്നാണ് കരുതുന്നത്. 

മഹീന്ദ്രയുടെ ചരിത്രം തന്നെ മാറ്റിയെഴുതിയ വാഹനമാണ് സ്‍കോര്‍പിയോ.  അത്രകാലവും വില്ലീസ് ജീപ്പുകളുടെ വിവിധ തരത്തിലുള്ള അനുകരണങ്ങളെ നിരത്തിലെത്തിച്ചു കൊണ്ടിരുന്ന  മഹീന്ദ്രയെ ഗ്ലോബൽ ബ്രാൻഡാക്കി മാറ്റിയത് 2002ൽ പുറത്തിറങ്ങിയ ഈ എസ് യു വി ആയിരുന്നു. 2002 ജൂണില്‍ ആദ്യ സ്‍കോര്‍പിയോ പുറത്തിറങ്ങി. ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുമായി രൂപസാദൃശ്യമുള്ള വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ വളരെപ്പെട്ടെന്ന് തരംഗമായി. 

2014ല്‍ ആണ് ഈ ജനപ്രിയ എസ്‍യുവിയുടെ മൂന്നാം തലമുറ വിപണിയിലെത്തുന്നത്. തുടര്‍ന്ന് 2017ല്‍ കൂടുതല്‍ കരുത്തുള്ള എഞ്ചിനും ഗ്രില്ലിലടക്കം മാറ്റങ്ങള്‍ വരുത്തി വാഹനം വീണ്ടുമെത്തി.  എസ് 3, എസ് 5, എസ് 7, എസ് 11 എന്നിങ്ങനെ നാലു വകഭേദങ്ങളില്‍ എത്തിയ പുതിയ സ്‍കോർപിയോയെയും ജനം നെഞ്ചേറ്റി. 2018 നവംബറിലാണ് സ്‌കോര്‍പിയോ S9 മോഡലിനെ മഹീന്ദ്ര അവതരിപ്പിച്ചത്.