Asianet News MalayalamAsianet News Malayalam

എക്‌സ്‌യുവി 300ന്‍റെ പെട്രോൾ ബി എസ് 6 പതിപ്പ് വിപണിയിൽ

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കോംപാക്ട് എസ്‍യുവിയായ എക്‌സ്‌യുവി 300ന്‍റെ പെട്രോൾ ബി എസ് 6 പതിപ്പ് വിപണിയിൽ 

BS6 Mahindra XUV300 petrol launched in India
Author
Mumbai, First Published Mar 23, 2020, 12:36 PM IST

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കോംപാക്ട് എസ്‍യുവിയായ എക്‌സ്‌യുവി 300ന്‍റെ പെട്രോൾ ബി എസ് 6 പതിപ്പ് വിപണിയിൽ എത്തി. 

8.30 ലക്ഷം രൂപ മുതൽ 11.84 വരെയാണ് വില. മൂന്ന് വേരിയന്റുകളിലായാണ് ഈ വാഹനം എത്തുന്നത്. W4- Rs 8.30ലക്ഷം, W6-Rs 9.15 ലക്ഷം, W8(O)- Rs 11.84 ലക്ഷം എന്നിങ്ങനെയാണ് വിവിധ വേരിയന്റുകളുടെ എക്സ് ഷോറൂം വില. 

ബി എസ് 6 നിലവാരം നിലവിൽ വന്നതിനു ശേഷം  മഹീന്ദ്ര നിരത്തിലെത്തിക്കുന്ന ആദ്യ വാഹനമാണ്  ഇത്. നിലവിലുള്ള വാഹനത്തിലെ  അതെ 1.2 ലിറ്റർ ടർബോ പെട്രോൾ എൻജിനാണ് ഈ വാഹനത്തിലും കമ്പനി ഉപയോഗിച്ചിരിക്കുന്നത് .എന്നാൽ ബി എസ് 6 നിലവാരത്തിലേക് ഉയർത്തി എന്ന് മാത്രം. 110bhp കരുത്തും 200Nm ടോർക്കും ഈ എഞ്ചിൻ ഉല്പാദിപ്പിക്കും. 6 സ്പീഡ് മാന്വൽ ആണ് ഗിയർ ബോക്സ് . 

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിംഗ് ലഭിച്ച വാഹനം കൂടെയാണ് എക്സ് യു വി 300. നിലവിലുള്ള സുരക്ഷ സന്നാഹങ്ങളും ഫീച്ചേഴ്സും അതേപടി ഈ മോഡലിലും കമ്പനി  നിലനിർത്തിയിട്ടുണ്ട്. 

അടുത്തിടെ നടന്ന  ഇടിപരീക്ഷയില്‍ 37.44 പോയന്റാണ് എക്‌സ്‌യുവി 300-ന് ലഭിച്ചിരിക്കുന്നത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 17-ല്‍ 16.42 പോയന്‍റും എക്‌സ്‌യുവിക്ക് ലഭിച്ചു. 

യാത്രക്കാരുടെ തല, കഴുത്ത്, കാല്‍മുട്ട് എന്നിവയ്ക്ക് ഈ വാഹനം മികച്ച സുരക്ഷ ഒരുക്കുന്നുണ്ടെന്നാണ് ക്രാഷ് ടെസ്റ്റില്‍ തെളിയിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് മികച്ച സുരക്ഷയും ഡ്രൈവറിന് പര്യാപ്‍തമായ സുരക്ഷയും നല്‍കുന്നതിനൊപ്പം ഫുട്ട്‌വെല്‍ ഏരിയ കൂടുതല്‍ ദൃഢമാണെന്നും ക്രാഷ് ടെസ്റ്റ് സാക്ഷ്യപ്പെടുത്തുന്നു.

ഇന്ത്യന്‍ വാഹനങ്ങളില്‍ ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സുരക്ഷ സ്വന്തമാക്കുന്ന മൂന്നാമത്തെ വാഹനമാണ് മഹീന്ദ്ര എക്‌സ്‌യുവി300. ടാറ്റയുടെ നെക്‌സോണ്‍, അല്‍ട്രോസ് മോഡലുകള്‍ മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നു. അല്‍ട്രോസ് 29 പോയന്റും നെക്‌സോണ്‍ 25 പോയന്റും നേടിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. മഹീന്ദ്രയുടെ ഈ നേട്ടത്തോടെ ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങളുടെ കരുത്തിന് കൂടുതല്‍ തെളിവായിരിക്കുകയാണ്. 

അതിനിടെ ഇന്ത്യന്‍ വിപണിയില്‍ പ്രിയമുള്ള വാഹനമായി മാറിയിരിക്കുകയാണ് എക്സ് യു വി 300. അടുത്തിടെയാണ് വാഹനത്തിന്‍റെ വിൽപ്പന 40,000 യൂണിറ്റ് കടന്നത്. വിപണിയിലെത്തി 11 മാസത്തിനകമാണ് ഈ നേട്ടം. 2019 ഫെബ്രുവരി 14നായിരുന്നു എക്സ് യു വി 300 വിപണിയില്‍ അരങ്ങേറിയത്.

2019 ഡിസംബറില്‍ 2,132 യൂണിറ്റുകള്‍ കൂടി വിറ്റതോടെയാണ് എക്സ് യു വി 300 മൊത്തം വിൽപ്പന 40,503 എണ്ണമായി ഉയർന്നത്.  വാഹനത്തിന്‍റെ ഡീസൽ പതിപ്പിനോടാണു വിപണിക്ക് കൂടുതല്‍ പ്രിയം. കഴിഞ്ഞ 10 മാസത്തിനിടെ വിറ്റ 38,371 യൂണിറ്റിൽ 27,809 എണ്ണവും ഡീസൽ എൻജിനുള്ളവയാണ്. 10,562 യൂണിറ്റ് മാത്രമാണ് പെട്രോളിന്റെ വിഹിതം. എക്സ് യു വി 300 വിൽപ്പനയിലെ ഡീസൽ — പെട്രോൾ അനുപാതം 72:28 എന്ന നിലയിലാണ്.

അവതരണം കഴിഞ്ഞ് വെറും 28 ദിവസത്തിനകം വാഹനം പതിമൂവായിരത്തിലേറെ ബുക്കിംഗ് നേടിയതായി മഹീന്ദ്ര അവകാശപ്പെട്ടിരുന്നു. അതായത് പ്രതിദിനം ശരാശരി 465 ബുക്കിങ്. 2019 ഫെബ്രുവരിയില്‍ മാത്രം ആകെ 4484 യൂണിറ്റ് XUV 300 മോഡലുകളാണ് മഹീന്ദ്ര വിറ്റഴിച്ചത്. വില്‍പന ആരംഭിച്ച് ആഴ്ചകള്‍ക്കുള്ളിലായിരുന്നു ഈ നേട്ടം.

മഹീന്ദ്ര ഏറ്റെടുത്ത കൊറിയൻ കമ്പനിയായ സാങ്‌യോങിന്റെ ടിവോലിയാണ് രൂപമാറ്റത്തോടെ എക്‌സ് യുവി 300 ആയി എത്തിയത്. 1.2 ലിറ്റർ, 110 ബിഎച്ച്പി പെട്രോൾ, 1.5 ലിറ്റർ, 115 ബിഎച്ച്പി ഡീസൽ എന്നിവയാണ് എഞ്ചിൻ ഓപ്ഷനുകൾ. എല്ലാ വേരിയന്റിലും രണ്ട് എയർബാഗുകൾ (ടോപ് വേരിയന്റിൽ ഏഴ് എയർബാഗുകൾ) എബിഎസ്, ഇബിഡി, 4 വീലുകളുകളിലും ഡിസ്‌ക് ബ്രേക്ക് എന്നിവയുണ്ട്.

റോൾ ഓവർ വിറ്റിഗേഷൻ ട്രാക്ഷൻ കൺട്രോൾ, ഡൈനാമിറ്റ് സ്റ്റിയറിങ് ടോർക്ക്, ഹിൽസ്റ്റാർട്ട് അസിസ്റ്റ് എന്നിവയും സേഫ്റ്റി ഫീച്ചറുകളിൽ പെടുന്നു. പെട്രോള്‍ മോഡലിന്‍റെ വില 7.90 ലക്ഷത്തിലാണ് ആരംഭിക്കുന്നത്. 10.25 ലക്ഷം വിലയുള്ള വേരിയന്‍റും ലഭിക്കും. ഡീസല്‍ മോഡലാകട്ടെ 8.49 ലക്ഷം മുതല്‍ 10.80 ലക്ഷം വരെയാണ് എക്സ് ഷോറും വില. മാരുതി സുസുക്കി വിറ്റാര ബ്രെസ, ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട് തുടങ്ങിയവരാണ് നിരത്തില്‍ XUV300 ന്‍റെ മുഖ്യ എതിരാളികള്‍.

Follow Us:
Download App:
  • android
  • ios