Asianet News MalayalamAsianet News Malayalam

മോഹവിലയില്‍ സ്വന്തമാക്കാം പുത്തന്‍ ഹെക്ടര്‍ എസ്‍യുവി!

ബിഎസ് 6 പാലിക്കുന്ന എംജി ഹെക്ടര്‍ ഡീസല്‍ വേരിയന്റുകളുടെ വില പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി

BS6 MG Hector Diesel Launched
Author
Mumbai, First Published Apr 12, 2020, 11:54 AM IST

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയുടെ (മോറിസ് ഗാരേജസ്) ഇന്ത്യയിലെ ആദ്യ മോഡലാണ് ഹെക്ടര്‍ എസ്‍യുവി. ഇപ്പോഴിതാ ബിഎസ് 6 പാലിക്കുന്ന എംജി ഹെക്ടര്‍ ഡീസല്‍ വേരിയന്റുകളുടെ വില പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. 13.88 ലക്ഷം മുതല്‍ 17.73 ലക്ഷം രൂപ വരെയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ബിഎസ് 4 ഡീസല്‍ വേരിയന്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍, സ്‌റ്റൈല്‍, സൂപ്പര്‍ വേരിയന്റുകള്‍ക്ക് 40,000 രൂപയും സ്മാര്‍ട്ട്, ഷാര്‍പ്പ് വേരിയന്റുകള്‍ക്ക് 45,000 രൂപയും വര്‍ധിച്ചു. ബിഎസ് 6 പെട്രോള്‍ വേരിയന്റുകളുടെ വില നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്‌റ്റൈല്‍ 13.88 ലക്ഷം, സൂപ്പര്‍ 14.88 ലക്ഷം, സ്മാര്‍ട്ട് 16.33 ലക്ഷം, ഷാര്‍പ്പ് 17.73 ലക്ഷം എന്നിങ്ങനെയാണ് വേരിയന്‍റ് അടിസ്ഥാനത്തില്‍ വാഹനത്തിന്‍റെ വില.

ഫിയറ്റില്‍നിന്ന് വാങ്ങിയ 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് എംജി ഹെക്ടര്‍ ഡീസല്‍ വേരിയന്റുകള്‍ക്ക് കരുത്തേകുന്നത്. ഈ മോട്ടോര്‍ തുടര്‍ന്നും 170 എച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാന്വല്‍ മാത്രമാണ് ഇപ്പോഴും ഏക ഗിയര്‍ബോക്‌സ് ഓപ്ഷന്‍.

എസ് യുവിയില്‍ നല്‍കിയ സജ്ജീകരണങ്ങളില്‍ മാറ്റമില്ല. പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, സ്റ്റീല്‍ വീലുകള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, രണ്ടാം നിരയിലും വെന്റുകള്‍ നല്‍കിയ എയര്‍ കണ്ടീഷണിംഗ്, റിക്ലൈന്‍ ചെയ്യാവുന്ന റിയര്‍ ബാക്ക്‌റെസ്റ്റ്, ഓഡിയോ സിസ്റ്റം, റിമോട്ട് ലോക്കിംഗ് എന്നിവ സ്‌റ്റൈല്‍ എന്ന ബേസ് വേരിയന്റിലെ ഫീച്ചറുകളാണ്. പവേര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, പവേര്‍ഡ് ടെയ്ല്‍ഗേറ്റ്, ‘ഐസ്മാര്‍ട്ട്’ കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ എന്നിവ ഷാര്‍പ്പ് എന്ന ടോപ് സ്‌പെക് വേരിയന്റിലെ അധിക ഫീച്ചറുകളാണ്.

2019 ജൂണ്‍ 27നാണ് ഹെക്ടര്‍ വിപണിയിലെത്തുന്നത്. വിപണിയില്‍ മികച്ച പ്രതികരണമാണ് വാഹനത്തിന്. കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്‍ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി കമ്പനി ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങിയ ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് വാഹനം ഇറങ്ങുന്നത്.

Follow Us:
Download App:
  • android
  • ios