ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‍കോഡയുടെ 1.0 ലിറ്റർ ടി‌എസ്‌ഐ പെട്രോൾ എഞ്ചിനുള്ള  ബി‌എസ് 6 നിലവാരത്തിലെ റാപ്പിഡ് ഇന്ത്യൻ നിരത്തിലെത്തി. 7.49 ലക്ഷം രൂപയിൽ ആണ് റാപ്പിഡ് 1.0 ടി‌എസ്‌ഐയുടെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്.

ആക്റ്റീവ്, ആമ്പിഷൻ, സ്റ്റൈൽ, ഫീനിക്സ്,  മോണ്ടെ കാർലോ എന്നീ അഞ്ച് വേരിയന്റുകളിൽ വാഹനം ലഭ്യമാണ്.1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എൻജിനാണ് ബി‌എസ് 6 റാപ്പിഡിന്റെ ഹൃദയം, അടുത്തിടെ അവതരിപ്പിച്ച ഫോക്‌സ്‌വാഗൺ പോളോ, വെന്റോ എന്നീ വാഹനങ്ങളിൽ നൽകിയിരിക്കുന്ന അതേ എൻജിൻ തന്നെയാണ് ഇത്. 5000 ആർപിഎമ്മിൽ 109 ബിഎച്ച്പിയും 1750 ആർപിഎമ്മിൽ 175 എൻഎമ്മും ഉത്പാദിപ്പിക്കുന്ന ഈ എൻജിന് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് നൽകിയിരിക്കുന്നു. കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത 18.97 കിലോമീറ്റർ ആണ്.

ഡിസൈൻ അനുസരിച്ച്, പഴയ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ബിഎസ് 6 മോഡലിന് കാര്യമായ വ്യത്യാസങ്ങളൊന്നുമില്ലെങ്കിലും ബ്ലാക്ക്‌ ഔട്ട്‌ ചെയ്‌ത ട്രങ്ക് ലിപ് സ്‌പോയ്‌ലർ, കോൺട്രാസ്റ്റ് കളർ സൈഡ് ഫോയിൽ, റഫ് റോഡ് പാക്കേജ്, റൈഡർ പാക്കേജുകൾ എന്നിവ പോലുള്ള പുതിയ സവിശേഷതകൾ നൽകിയിട്ടുണ്ട്.  ഓട്ടോമാറ്റിക് എസി, റിയർ ഡിഫോഗർ, ഇലക്ട്രോണിക് വിൻഡോകൾ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവറുടെ സീറ്റ്,  ഓട്ടോ ഹെഡ്‌ലാമ്പുകൾ തുടങ്ങിയ ഫീച്ചേഴ്സും നൽകിയിരിക്കുന്നു.

സ്കോഡ പുതിയ 1.0 ലിറ്റർ TSI മോഡൽ ഈ വർഷം ആദ്യം നടന്ന ഓട്ടോ എക്സ്പോ 2020 -ൽ അനാവരണം ചെയ്തിരുന്നു. വാഹനത്തിനുള്ള ബുക്കിംഗു കമ്പനി തുടങ്ങിയിരുന്നു. വിപണിയിൽ ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടായ് വെർന, ഫോക്‌സ്‌വാഗൺ വെന്റോ എന്നിവയ്‌ക്കെതിരെയാണ് ബിഎസ് 6 റാപ്പിഡ് 1.0 മത്സരിക്കുക.