Asianet News MalayalamAsianet News Malayalam

ജാവയ്ക്ക് പിന്നാലെ ബിഎസ്എയും, എണ്ണ വേണ്ടാത്ത ബൈക്കുമായി മഹീന്ദ്ര!

ജാവയ്ക്ക് പിന്നാലെ ബ്രിട്ടീഷ് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ബിഎസ്എയെ കൂടി ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര 

BSA Electric Motorcycle To Be Developed by Classic Legends
Author
Mumbai, First Published Jun 2, 2021, 8:55 AM IST

മഹീന്ദ്രയുടെ കൈപിടിച്ചാണ് ഐതിഹാസിക ഇരുചക്ര ബ്രാന്‍ഡായ ജാവ ഇന്ത്യന്‍ നിരത്തുകളിലേക്ക് തിരികെയെത്തിയത്. മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജന്‍ഡ്‍സ് ആണ് ജാവയെ ഇന്ത്യയില്‍ തിരികെയെത്തിച്ചത്. ജാവയ്ക്ക് പിന്നാലെ ബ്രിട്ടീഷ് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ബിഎസ്എയെ കൂടി ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ വാര്‍ത്തകള്‍ക്ക് വീണ്ടും ജീവന്‍ വച്ചിരിക്കുകയാണ് ഇപ്പോള്‍. 

ബിഎസ്എ ബ്രാന്‍ഡില്‍ ഇലക്ട്രിക് ബൈക്കുകള്‍ നിരത്തുകളില്‍ എത്തിക്കാനൊരുങ്ങുകയാണ് ക്ലാസിക്ക് ലെജന്‍ഡ്‍സ് എന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 2016-ലാണ് ബ്രിട്ടീഷ് കമ്പനിയായ ബിഎസ്എ ക്ലാസിക് ലെജന്റ്‌സ് ഏറ്റെടുക്കുന്നത്. ആദ്യ ഘട്ടത്തില്‍ പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനം എത്തിക്കാനായിരുന്നു നീക്കം. എന്നാല്‍ പിന്നീടത് ഇലക്ട്രിക്കിലേക്ക് മാറ്റുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കാര്‍ബണ്‍ എമിഷന്‍ കുറഞ്ഞ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യു.കെ. സര്‍ക്കാര്‍ ബി.എസ്.എയ്ക്ക് 4.6 മില്ല്യണ്‍ പൗണ്ടിന്റെ ഗ്രാന്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ധനസഹായം ലഭിക്കുന്ന പശ്ചാത്തലത്തിലാണ് ബിഎസ്എ ബ്രാന്‍ഡ് വീണ്ടുമെത്തിക്കാന്‍ കമ്പനി ഒരുങ്ങുന്നത്. ഇലക്ട്രിക് മോട്ടോര്‍ സൈക്കിളിലൂടെ പുതിയ ഒരു തുടക്കമാണ് ബിഎസ്എ ഉദേശിക്കുന്നതെന്നും കമ്പനി പറയുന്നു. 

മലിനീകരണം നിയന്ത്രിക്കുക, പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ബിഎസ്എയ്ക്ക് ഗ്രാന്‍ഡ് അനുവദിച്ചിട്ടുള്ളത്. ബിഎസ്എയുടെ ഉടമസ്ഥരായ ക്ലാസിക് ലെജന്റ്‌സ് യു.കെയില്‍ ഇതിനോടകം ടെക്‌നിക്കല്‍ സെന്റര്‍ സ്ഥാപിച്ചിട്ടുണ്ട്. ഇലക്ട്രിക് ബൈക്കുകള്‍ക്ക് പുറമെ, സാധാരണ ബൈക്കുകളുടെ നിര്‍മാണവും ബിഎസ്എ  പരിഗണിക്കുമെന്നാണ് സൂചന. 

2016 ഒക്ടോബറിലാണ് ബിഎസ്എയുടെ 100 ശതമാനം ഓഹരികളും മഹീന്ദ്ര സ്വന്തമാക്കിയത്. ഏകദേശം 34 ലക്ഷം പൗണ്ട് (28 കോടി രൂപ) യ്ക്കാണ് മഹീന്ദ്രയുടെ കീഴിലുള്ള ക്ലാസിക്ക് ലെജെന്‍ഡ്സ് പ്രൈവറ്റ് ലിമിറ്റിഡ് എന്ന കമ്പനി ബിഎസ്എയെ സ്വന്തമാക്കിയത്. ബിഎസ്എയുടെ എല്ലാ ഉല്‍പ്പന്നങ്ങളും അതേ പേരില്‍ നിര്‍മ്മിക്കുന്നതിനും വില്‍ക്കുന്നതിനുമുള്ള അവകാശം ഇപ്പോള്‍ ക്ലാസിക്ക് ലെജെന്‍ഡ്‍സിനാണ്. ഇതേ ക്ലാസിക് ലെജന്‍ഡ് തന്നെയാണ് ജാവയെ പുനരവതരിപ്പിച്ചതും. തോക്കുകള്‍ നിര്‍മിക്കുന്നതിനായി 1861-ലാണ് ബിഎസ്എ സ്ഥാപിതമായത്. കമ്പനിയുടെ മെറ്റല്‍ വര്‍ക്കിങ്ങ് ഫാക്ടറികള്‍ പിന്നീട് സൈക്കിള്‍, മോട്ടോര്‍ സൈക്കിള്‍ നിര്‍മാണത്തിലേക്ക് മാറി.  1950-ഓടെ ലോകത്തിലെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായി കമ്പനി വളര്‍ന്നു. 

അമേരിക്ക, കാനഡ, സിങ്കപ്പൂര്‍, മലേഷ്യ, മെക്സിക്കോ, ജപ്പാന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ വേരുകളുണ്ട് ബിഎസ്എക്ക്. ഈ ഏറ്റെടുക്കലിലൂടെ മഹീന്ദ്ര അന്താരാഷ്ട്ര വാഹന ലോകത്ത് കരുത്തന്മാരായിത്തീര്‍ന്നിരുന്നു. 2011-ല്‍ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ സാങ്യോങ്ങിനെ മഹീന്ദ്ര ഏറ്റെടുത്തിരുന്നു. 2015ല്‍  പുഷോ മോട്ടോര്‍ സൈക്കിള്‍സിന്റെ 51 ശതമാനം ഓഹരികളും മഹീന്ദ്ര സ്വന്തമാക്കിയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios