Asianet News MalayalamAsianet News Malayalam

BSA : ഒടുവില്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തി ബിഎസ്എ, റോയല്‍ എന്‍ഫീല്‍ഡിന് ഇരുട്ടടി!

ഇപ്പോഴിതാ ക്ലാസിക് ലെജൻഡ്‌സ് വഴി, ബ്രിട്ടീഷ് ബൈക്ക് നിർമ്മാതാക്കളായ ബിഎസ്എ മോട്ടോർസൈക്കിൾസ് അതിന്‍റെ തിരിച്ചുവരവിലെ ആദ്യ മോഡലായ ഗോൾഡ് സ്റ്റാർ പ്രദർശിപ്പിച്ചിരിക്കുന്നു

BSA Motorcycles comes back to life with it new model named Gold Star
Author
Birmingham, First Published Dec 4, 2021, 11:03 AM IST
  • Facebook
  • Twitter
  • Whatsapp

ഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ (Mahindra And Mahindra) ഉപസ്ഥാപനമായ ക്ലാസിക് ലെജൻഡ്‌സ് (Classic Legends) ഏകദേശം അഞ്ച് വർഷം മുമ്പാണ് സ്ഥാപിതമായത്. ഒരു കാലത്തെ ഐക്കണിക് മോട്ടോർസൈക്കികളും എന്നാൽ നിലവില്‍ പ്രവർത്തനരഹിതമായതുമായ ബ്രാൻഡുകളെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് ക്ലാസിക് ലെജൻഡ്‌സിന്‍റെ മുഖ്യ പദ്ധതി. ഇതിന്‍റെ ഭാഗമായി കമ്പനി ആദ്യം ജാവയെ (Jawa) തിരികെ കൊണ്ടുവന്നു. പിന്നാലെ ബിഎസ്‌എയെയും (BSA) യെസ്‌ഡിയെയും (Yezdi) തിരികെയെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു കഴിഞ്ഞ കുറച്ചുകാലമായി ക്ലാസിക് ലെജൻഡ്‌സ്. 

ഇപ്പോഴിതാ ക്ലാസിക് ലെജൻഡ്‌സ് വഴി, ബ്രിട്ടീഷ് ബൈക്ക് നിർമ്മാതാക്കളായ ബിഎസ്എ മോട്ടോർസൈക്കിൾസ് അതിന്‍റെ തിരിച്ചുവരവിലെ ആദ്യ മോഡലായ ഗോൾഡ് സ്റ്റാർ പ്രദർശിപ്പിച്ചിരിക്കുന്നു. ബിഎസ്എ ഗോൾഡ് സ്റ്റാർ ക്ലാസിക് മോട്ടോർസൈക്കിളാണ് കമ്പനി ആദ്യമായി അവതരിപ്പിച്ചത്.  യുകെയിലെ ബർമിംഗ്ഹാമിൽ നടന്ന ഒരു പ്രത്യേക പരിപാടിയിലാണ് ക്ലാസിക് ലെജൻഡ്‌സ് ബിഎസ്‌എ മോട്ടോർസൈക്കിളുകളെ ഔദ്യോഗികമായി വീണ്ടും അവതരിപ്പിച്ചതെന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 1938 നും 1963 നും ഇടയിൽ വിറ്റഴിച്ച ഐക്കണിക്ക് മോഡലായ ബിഎസ്എ ഗോൾഡ് സ്റ്റാർ ആണ് ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുന്നത്. 

ഈ പുനർജന്മ ബൈക്കിനായി ക്ലാസിക് ലെജൻഡ്‌സ് ഒരു വലിയ 650 സിസി സിംഗിൾ സിലിണ്ടർ മോട്ടോർ തയ്യാറാക്കിയിട്ടുണ്ടെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനി ഇതുവരെ സ്പെസിഫിക്കേഷനുകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പുതിയ ബിഎസ്എ ഗോൾഡ് സ്റ്റാർ സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ്, 650 സിസി എഞ്ചിൻ ഉപയോഗിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ബി‌എസ്‌എ മോട്ടോർസൈക്കിളുകളുടെ സ്റ്റൈലിംഗിനെക്കുറിച്ച് പറയുകയാണെങ്കില്‍ പഴയ ഗോൾഡ് സ്റ്റാർ മോഡലിൽ നിന്ന് വളരെയധികം പ്രചോദനം ഉൾക്കൊണ്ടതാണ്. ക്ലാസിക് ലൈനുകൾ ഭംഗിയായി നിർവ്വഹിച്ചിരിക്കുന്നു, ബൈക്കിന് ആനുപാതികമായ രൂപകൽപ്പനയുണ്ട്. വേഗതയ്ക്കും ആർപിഎമ്മിനുമായി റീഡ്ഔട്ടുകൾക്കായി ഇരട്ട-പോഡ് അനലോഗ് ഗേജുകളും ബൈക്കിലുണ്ട്.

2021 ഡിസംബർ 4-ന് യുകെയിൽ നടക്കുന്ന മോട്ടോർസൈക്കിൾ ലൈവ് ഷോയിൽ ബിഎസ്എ ഗോൾഡ് സ്റ്റാർ പൊതുരംഗത്ത് അരങ്ങേറ്റം കുറിക്കും. മോട്ടോർസൈക്കിൾ രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചിരിക്കുന്നത് യുകെയിലാണ്, ബൈക്കിന്റെ നിർമ്മാണവും യുകെയില്‍ നടക്കും.  ബ്രാൻഡിന്റെ ആസ്ഥാനമായ ബർമിംഗ്ഹാമിൽ ക്ലാസിക് ലെജൻഡ്‌സ് BSA ഗോൾഡ് സ്റ്റാർ നിർമ്മിക്കും. മോട്ടോർ സൈക്കിളുകൾ വികസിപ്പിക്കുന്നതിനായി കൺവെന്ററിയിൽ ഒരു സാങ്കേതിക കേന്ദ്രം ഇതിനകം സജ്ജീകരിച്ചിട്ടുണ്ട്. ഇലക്ട്രിക് മോട്ടോർസൈക്കിളുകളിലും കമ്പനി പ്രവർത്തിക്കുന്നുണ്ട്. സീറോ എമിഷൻ മോട്ടോർസൈക്കിളുകളുടെ വികസനത്തിനായി യുകെ സർക്കാർ ബിഎസ്എയ്ക്ക് 4.6 ദശലക്ഷം പൗണ്ട് അനുവദിച്ചിട്ടുണ്ട്.

ബിഎസ്‌എ 650 സിസി ഓഫർ പിതാംപൂരിലെ ക്ലാസിക് ലെജൻഡ്‌സിന്റെ പ്ലാന്റിലും പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കയറ്റുമതി ആവശ്യങ്ങൾക്കായി കമ്പനിക്ക് ഈ മോട്ടോർസൈക്കിൾ ഇന്ത്യയിൽ നിർമ്മിക്കാനും നീക്കമുണ്ട്. പ്രീമിയം ബൈക്ക് വിഭാഗത്തിലാണ് പുതിയ മോട്ടോർസൈക്കിളിന്റെ സ്ഥാനം. ക്ലാസിക് ഡിസൈൻ ഫീച്ചർ ചെയ്യുന്ന, പുതിയ ബിഎസ്എ ഗോൾഡ് സ്റ്റാർ ആധുനിക ഡിസൈനുകളും പുതുതായി വികസിപ്പിച്ച 650 സിസി എഞ്ചിനും ലഭിക്കും. 

സമന്വയിപ്പിച്ച LED DRL-കൾ, LED ടെയിൽ-ലൈറ്റ്, വൈഡ് സെറ്റ് ഹാൻഡിൽബാറുകൾ, ടിയർ ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക്, പരമ്പരാഗത വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ് തുടങ്ങിയവ ഈ പുതിയ മോട്ടോർസൈക്കിളിന് ലഭിക്കുന്നു. വീതിയേറിയ ഫെൻഡറുകളും പിറെല്ലി ടയറുകളിൽ പൊതിഞ്ഞ പുതിയ സ്‌പോക്ക് വീലുകളും ഉണ്ട്. ഹെഡ്‌ലാമ്പിലും ഇന്ധന ടാങ്കിലും എഞ്ചിൻ കേസിംഗിലും എക്‌സ്‌ഹോസ്റ്റ് പൈപ്പിലും ക്രോം ആവരണം ഉണ്ട്. നേരായ റൈഡിംഗ് പൊസിഷനോടുകൂടിയ വലിയ ഒറ്റ പീസ് സീറ്റാണ് ഇതിന് ലഭിക്കുന്നത്. 2021 പകുതിയോടെ ഇംഗ്ലണ്ടിൽ ബിഎസ്എ മോട്ടോർസൈക്കിളുകളുടെ അസംബ്ലിംഗ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. 

ലോകമെമ്പാടും അവിശ്വസനീയമാംവിധം വിജയിച്ച റോയൽ എൻഫീൽഡ് 650 ഇരട്ടകളായ  ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയുടെ നേരിട്ടുള്ള എതിരാളിയായിരിക്കും പുത്തന്‍ ബിഎസ്എ. രണ്ട് വർഷമായി യുകെയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിളാണ് ഇന്റർസെപ്റ്റർ 650. ഇത് ഒരു മിഡിൽ വെയ്റ്റ് മോട്ടോർസൈക്ലിംഗ് വിഭാഗത്തിൽ (250cc-750cc) മത്സരിക്കുന്നു. 

Follow Us:
Download App:
  • android
  • ios