തിരുവനന്തപുരം: തലസ്ഥാന നഗരയില്‍ സ്വകാര്യ ബസ് വൈദ്യുത പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്‍ക്ക്. ബസിടിച്ചു തകര്‍ന്ന വൈദ്യുത പോസ്റ്റ് ഓടിക്കൊണ്ടിരുന്ന ബൈക്ക്,  ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് മുകളിലേക്ക് വീണു. 

എം ജി റോഡില്‍ ഏജീസ് ഓഫിസിനു മുന്നിൽ കഴിഞ്ഞദിവസം രാവിലെയായിരുന്നു അപകടം. പാളയം ഭാഗത്തേക്കു പോയ സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ ബസ് ഡിവൈഡറിലെ പോസ്റ്റിനെ ഇടിച്ചു മറിക്കുകയായിരുന്നു. 

എതിര്‍വശത്തെ റോഡിലൂടെ പോകുകയായിരുന്ന ബുള്ളറ്റ് ബൈക്ക്, ഓട്ടോറിക്ഷ എന്നിവയ്ക്ക് മുകളിലേക്കാണ് ഈ പോസ്റ്റ് വീണത്. ബുള്ളറ്റ് യാത്രികന്‍ പോസ്റ്റിനു കീഴില്‍ നിന്നും തലനാരിഴയ്‍ക്കാണ് രക്ഷപ്പെട്ടത്. പോസ്റ്റ് വീണ് ഓട്ടോറിക്ഷയുടെ മുൻവശം തകർന്ന നിലയിലാണ്.