കോഴിക്കോട്: അപകടകരമായ രീതിയില്‍ ചീറിപ്പാഞ്ഞു വരുന്ന സ്വകാര്യ ബസ് തടഞ്ഞുപരിശോധിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഞെട്ടി. ഡ്രൈവര്‍ക്ക് വലിയ വാഹനങ്ങള്‍ ഓടിക്കാനുള്ള യാതൊരുവിധ യോഗ്യതയുമില്ല. പിന്നാലെ വിവരമറിഞ്ഞ യാത്രികരും നെഞ്ചില്‍ കൈവച്ചുപോയി. കോഴിക്കോട് - കണ്ണൂര്‍ ദേശീയപാതയില്‍ കഴിഞ്ഞദിവസമാണ് സംഭവം. 

കോഴിക്കോട്-തലശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന്‍റെ ഡ്രൈവറെയാണ് ഹെവി ലൈസന്‍സ് ഇല്ലാതെ കഴിഞ്ഞദിവസം നടന്ന വാഹന പരിശോധനക്കിടെ മോട്ടോർ വാഹന വകുപ്പ് അധികൃതര്‍ പിടികൂടിയത്. 

ദേശീയ പാതയിൽ ചെങ്ങോട്ടുകാവിൽ വാഹന പരിശോധന നടത്തുകയായിരുന്നു ഉദ്യോഗസ്ഥര്‍. അതിനിടെ അമിത വേഗതയിൽ അപകടകരമാം വിധം വന്ന ബസ് തടഞ്ഞ് പരിശോധിച്ചപ്പോഴാണ് ഡ്രൈവര്‍ക്ക് ഹെവി വാഹനങ്ങൾ ഓടിക്കാനുള്ള  യോഗ്യത ഇല്ലെന്നു കണ്ടെത്തിയത്. ഇയാളുടെ നിലവിലെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്‍പെന്‍ഡ് ചെയ്‍തെന്നാണ് റിപ്പോര്‍ട്ടുകള്‍.