നനവുള്ള റോഡുകള്‍ ഡ്രൈവര്‍മാര്‍ക്ക് പലപ്പോഴും പേടി സ്വപ്‍നമാണ്. ഇത്തരം റോഡുകളില്‍ വാഹനങ്ങളുടെ ബ്രേക്ക് നഷ്‍ടപ്പെടാനും തെന്നിമറിയാനുമുള്ള സാധ്യത കൂടുതലാണ്. മഴക്കാലത്താണ് ഇത്തരം അപകടങ്ങളില്‍ ഏറെയും നടക്കുന്നത്. പ്രത്യേകിച്ചും ബൈക്ക് യാത്രികരാവും ഇത്തരം ദുരന്തങ്ങളില്‍പ്പെടുന്നവരില്‍ ഭൂരിഭാഗവും. ഇങ്ങനെ നടുറോഡില്‍ തെന്നി വീണ ഒരു ബൈക്ക് യാത്രികന്‍ ഒരു ബസ് ഡ്രൈവറുടെ മനസാനിധ്യം ഒന്നുകൊണ്ടു മാത്രം ജീവിതത്തിലേക്ക് തിരികെ വന്ന സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

കോതമംഗലത്തിന് സമീപം പോത്താനിക്കാട് കഴിഞ്ഞ ദിവസം നടന്ന അപകടത്തിന്‍റെ സിസിടവി ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ശ്രീലക്ഷ്‍മി എന്ന ബസും ഇതിലെ ഡ്രൈവറുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍.  നനവുള്ള റോഡിലൂടെ പോകുകയായിരുന്ന ബൈക്ക് യാത്രികന്‍ പെട്ടെന്ന് തെന്നിവീഴുന്നത് വീഡിയോയില്‍ കാണാം. 

റോഡിൽ ബൈക്ക് തെന്നി വീഴുന്നത് കണ്ട ബസ് ഡ്രൈവർ വെട്ടിച്ചു മാറ്റി  ബ്രേക്കിടുന്നു. മഴ പെയ്തു നനഞ്ഞ റോഡിൽ തെന്നി നീങ്ങിയാണ് ബസ് നിന്നത്. ബസിന്റെ പുറകുഭാഗം ബൈക്കിൽ ഇടിച്ചെങ്കിലും ആർക്കും പരിക്കുകളൊന്നുമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ബസ് ഡ്രൈവറുടെ മനോധൈര്യമാണ് വലിയ അപകടം ഒഴിവാകാന്‍ കാരണം എന്ന് വീഡിയോ വ്യക്തമാക്കുന്നു. 

നനഞ്ഞ റോഡുകളിലാണ് ഇത്തരം അപകടങ്ങളില്‍ ഏറെയും നടക്കുന്നത്. ഇത്തരം റോഡുകളിലൂടെ വണ്ടി ഓടിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരുപരിധിവരെ അപകട സാധ്യത കുറയ്ക്കാം.

  • മഴക്കാലത്ത് ഇരു കൈകളും ഉപയോഗിച്ച് പരമാവധി വാഹനമോടിക്കാന്‍ ശ്രദ്ധിക്കുക
  • വാഹനങ്ങളുടെ വേഗത കുറച്ചാല്‍ റോഡും ടയറുകളും തമ്മിലുള്ള ഘര്‍ഷണം കൂട്ടി നിയന്ത്രണം ഉറപ്പുവരുത്താം
  • മറ്റു വാഹനങ്ങളുമായി കൃത്യമായ അകലം പാലിക്കുക
  • വളവുകളി‍ല്‍ സാവധാനത്തില്‍ ബ്രേക്ക് ഉപയോഗിക്കുക
  • നനഞ്ഞ റോഡുകളില്‍ കൂടുതല്‍ ബ്രേക്ക് ആവശ്യമായതിനാല്‍ ഉണങ്ങിയ റോഡുകളേക്കാള്‍ മുമ്പേ ബ്രേക്കമര്‍ത്തുക
  • വളവുകളില്‍ വെച്ച് പെട്ടെന്ന് സ്റ്റിയറിങ് തിരിക്കാതിരിക്കുക
  • ടയര്‍, ബ്രേക്ക്, ഓയില്‍ മുതലായവ മാസത്തിലൊരിക്കലെങ്കിലും പരിശോധിച്ച് ഫിറ്റ്നസ് ഉറപ്പുവരുത്തുക
  • ടയറിന്‍റെ മര്‍ദ്ദം, ത്രഡുകള്‍ എന്നിവ കൃത്യമായി പരിശോധിക്കുക
  • ബ്രേക്ക് പെട്ടെന്ന് പ്രയോഗിക്കുന്നത് ഒഴിവാക്കിയാല്‍ വാഹനം വെട്ടുന്നതും തെന്നിമാറുന്നതും ഒഴിവാക്കാം
  • നനഞ്ഞ റോഡുകളില്‍ കൂടുതല്‍ ശ്രദ്ധിക്കുക എന്നതാണ് അപകടങ്ങളൊഴിവാക്കാനുള്ള വലിയ മാര്‍ഗം