സംസ്ഥാനത്തെ കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളുടെ ആയുസ് വീണ്ടും ചുരുങ്ങും

ഏറെക്കാലമായി പറഞ്ഞുകേട്ടിരുന്ന വോളണ്ടറി വെഹിക്കിൾ സ്‌ക്രാപ്പേജ് പോളിസി യാതാര്‍ത്ഥ്യത്തിലേക്ക് അടുക്കാനൊരുങ്ങുമ്പോള്‍ സംസ്ഥാനത്തെ ബസ് വ്യവസായ ലോകം ഭീതിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്തകാലത്താണ് സംസ്ഥാന സര്‍ക്കാര്‍, ബസുകളുടെ ഉപയോഗ കാലാവധി 15ല്‍ നിന്നും 20 ആയി ഉയര്‍ത്തിയത്. സ്വകാര്യ ബസുടമകളുടെ ആവശ്യം പരിഗണിച്ചായിരുന്നു ഇത്. ഈ ആശ്വാസത്തിനാണ് ഇപ്പോള്‍ അന്ത്യമായിരിക്കുന്നത്. 

കേരളമായിരുന്നു രാജ്യത്ത് ആദ്യമായി പൊതുവാഹനങ്ങളുടെ കാലാവധി 15 വര്‍ഷമായി നിശ്ചയിച്ചത്. തുടര്‍ന്ന് ബസുടമകളുടെ ആവശ്യം പരിഗണിച്ച് ഇതില്‍ 2019-ല്‍ ഇളവ് അനുവദിക്കുകയായിരുന്നു. 20 വര്‍ഷമായി ഇത് ഉയര്‍ത്തി. എന്നാല്‍ പുതിയ കേന്ദ്രനയം വരുന്നതോടെ ഇതു വീണ്ടും പഴയപടിയാകും. വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷമാണ് കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ സ്‍ക്രാപ്പേജ് പോളിസി നിശ്‍ചയിക്കുന്ന കാലപരിധി. അതുകൊണ്ടു തന്നെ സംസ്ഥാനത്തെ കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ക്ക് ഈ നയം തിരിച്ചടിയാകും എന്നാണ് വിലയിരുത്തലുകള്‍.

പരിസ്ഥിതി മലിനീകരണം കണക്കിലെടുത്താണ്, 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ബസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. പരിസ്ഥിതി സൗഹൃദമായ സിഎന്‍ജി, എല്‍എന്‍ജി ഇന്ധനങ്ങളിലേക്കുമാറുന്ന പഴയ വാഹനങ്ങള്‍ക്ക് ഇളവുനല്‍കേണ്ടിവരും. എന്നാല്‍ പഴയവാഹനങ്ങളുടെ ഫിറ്റ്നസ് പുതുക്കലിന് ഇരട്ടി ഫീസും അധികനികുതി ഈടാക്കുന്നതും പരിഗണനയിലുണ്ട്. ഇത് ബസ് മേഖലയ്ക്ക് തിരിച്ചടിയാകുമെന്നാണു നിഗമനം.

 മലിനീകരണം, ഇന്ധനഇറക്കുമതി, വിലവർദ്ധന എന്നിവ കുറയ‌്ക്കുന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കം. കാലാവധി പൂർത്തിയായ വാഹനങ്ങൾ ഓട്ടോമാറ്റിക് ഫിറ്റ്‌നെസ് സെന്ററുകളുടെ സഹായത്തോടെ പരിശോധനയ്ക്ക് വിധേയമാക്കുകയും ഈ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ പൊളിക്കുകയുമായിരിക്കും നടപടി. ഒരുവാഹനം മൂന്നിൽ കൂടുതൽ തവണ ഫിറ്റ്നസ് ടെസ്‌റ്റിൽ പരാജയപ്പെടുകയാണെങ്കിൽ അത് നിർബന്ധമായും സ്ക്രാപ്പിംഗിന് വിധേയമാക്കണം എന്നാണ് പോളിസി വ്യക്തമാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനം മൂലമുള്ള മലിനീകരണം തടയുന്നതിനും ഇന്ത്യയെ വാഹന ഹബ്ബാക്കി മാറ്റുന്നതിന്റെയും ഭാഗമായാണ് വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് പോളിസി നടപ്പാക്കുന്നതെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.