പുത്തന്‍ വണ്ടിക്ക് ഇഷ്‍ട നമ്പര്‍ സ്വന്തമാക്കാന്‍ യുവാവ് മുടക്കിയത് വാഹനത്തിന്റെ വിലയോട് മുട്ടിനില്‍ക്കുന്ന തുക.  007 എന്ന ഇഷ്ടനമ്പര്‍ സ്വന്തമാക്കാനാണ് ഗുജറാത്ത് സ്വദേശിയായ യുവാവ് 34 ലക്ഷം രൂപോയളം ചെലവാക്കിയത്. 39 ലക്ഷം രൂപ വിലവരുന്ന വണ്ടിക്ക് വേണ്ടിയാണ് ഇത്രയും തുക മുടക്കിയതെന്നതാണ് കൌതുകകരം. 

ഗുജറാത്ത് സ്വദേശിയായ ആഷിക് പട്ടേല്‍ എന്ന ബിസിനസുകാരനാണ് ജെയിംസ് ബോണ്ട് നമ്പറിനായി ഈ 'സാഹസികന്‍'. തന്റെ 39 ലക്ഷം രൂപയോളം വില വരുന്ന ടൊയോട്ട ഫോര്‍ച്യൂണറിന് വേണ്ടിയായിരുന്നു അദ്ദേഹത്തിന്‍റെ ഈ സാഹസം. അഹമ്മദാബാദ് ആർ‌ടി‌ഒ ഓഫീസിനാണ് ലേലത്തിലൂടെ ഇത്രയും തുക ലഭിച്ചതെന്ന് ഗാഡിവാഡി റിപ്പോര്‍ട്ട് ചെയ്യുന്നു. GJ 01 WA 007 എന്ന നമ്പറാണ് ആഷിക്ക് തന്റെ ഇഷ്ട വാഹനത്തിന് സ്വന്തമാക്കിയത്. 

25,000 രൂപയിലാണ് ഈ നമ്പറിനായുള്ള ലേലം ആരംഭിച്ചത്. പിന്നീട് ഇത് 25 ലക്ഷത്തിലേക്ക് ഉയരുകയായിരുന്നു. നമ്പറിനായുള്ള ലേലം അവസാനിക്കാന്‍ ഏഴ് മിനിറ്റുകള്‍ മാത്രം ശേഷിക്കെയാണ് ആഷിക് 34 ലക്ഷം രൂപയ്ക്ക് ഈ നമ്പര്‍ ലേലത്തില്‍ പിടിച്ചത്.  ഇത് തന്റെ ഭാഗ്യ നമ്പറാണെന്നും അതിനാലാണ് പണം നോക്കാതെ ഈ നമ്പര്‍ തിരഞ്ഞെടുത്തതെന്നുമാണ് ആഷിക്ക് പറയുന്നത്. 

ടൊയോട്ട ഫോർച്യൂണറിനെക്കുറിച്ച് പറയുമ്പോൾ 2.8 ലിറ്റർ ഡീസൽ എഞ്ചിനും 2.7 ലിറ്റർ പെട്രോൾ എഞ്ചിനിലുമാണ് വാഹനം എത്തുന്നത്. ഡീസൽ എഞ്ചിൻ 177 പിഎസ് മാക്സ് പവറും 420 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇതില്‍ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സാണ്. 2.7 ലിറ്റർ പെട്രോൾ എഞ്ചിന്‍ 166 പിഎസ് മാക്സ് പവറും 245 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കും. ഇതില്‍ 5 സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സാണ്.