ദേവസ്വത്തിന്റേത് പക്ഷപാതപരമായ തീരുമാനമാണ്. വിഷയത്തിൽ അഭിഭാഷകരുമായി കൂടിയാലോചിച്ച് തുടർ നടപടി തീരുമാനിക്കുമെന്നും അമൽ
തൃശൂർ: മഹീന്ദ്ര കമ്പനി ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ച 'ഥാർ' ജീപ്പ് പുനർലേലം ചെയ്യണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവിനെതിരെ വാഹനം ആദ്യം ലേലം കൊണ്ട അമൽ. ' എല്ലാ നിയമങ്ങളും പാലിച്ചാണ് ഥാർ ലേലം കൊണ്ടതെന്നും പുനർലേലം അംഗീകരിക്കില്ലെന്നും കോടതിയെ സമീപിക്കുമെന്നും അമൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ദേവസ്വത്തിന്റേത് പക്ഷപാതപരമായ തീരുമാനമാണ്. വിഷയത്തിൽ അഭിഭാഷകരുമായി കൂടിയാലോചിച്ച് തുടർ നടപടി തീരുമാനിക്കുമെന്നും അമൽ അറിയിച്ചു.
മഹീന്ദ്ര കമ്പനി ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ച 'ഥാർ' ജീപ്പ് പുനർലേലം ചെയ്യണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാൻ ദേവസ്വം ഭരണസമിതി യോഗം കഴിഞ്ഞ ദിവസം തീരുമാനിക്കുകയായിരുന്നു. 'ഥാർ' പുനർലേലം ചെയ്യുന്ന തീയതി മാധ്യമങ്ങൾ വഴി പൊതു ജനങ്ങളെ അറിയിക്കാനും ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയന്‍റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായി.
Guruvayur Thar Auction : ഗുരുവായൂരപ്പന്‍റെ 'ഥാർ' അമൽ മുഹമ്മദിന് സ്വന്തം; ലേലം ഉറപ്പിച്ചു
നേരത്തെ സമൂഹമാധ്യമങ്ങളിൽ താരമായി മാറിയ ഥാർ ലേലത്തിന് വച്ചപ്പോൾ വലിയ പ്രതികരണമുണ്ടാക്കുമെന്നായിരുന്നു ഗുരുവായൂർ ദേവസ്വം ബോർഡ് പ്രതീക്ഷിച്ചത്. എന്നാൽ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് ഡിസംബർ 18ന് നടന്ന ലേലത്തിൽ ഒരാൾ മാത്രമാണ് പങ്കെടുത്തത്. ഖത്തറിൽ വ്യവസായിയായ അമൽ മുഹമ്മദ് അലി എന്ന ചെറുപ്പക്കാരന്‍റെ പ്രതിനിധി മാത്രമാണ് ലേലത്തിൽ പങ്കെടുത്തത്. ലിമിറ്റഡ് എഡിഷന് ഥാറിന് 15 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി ഗുരുവായൂർ ദേവസ്വം നിശ്ചയിച്ചിരുന്നത്. ലേലം വിളിച്ചപ്പോൾ പതിനായിരം രൂപ അമലിന്‍റെ പ്രതിനിധി കൂട്ടിവിളിച്ചു. അതിനും മേലെ വിളിക്കാൻ വേറെ ആളില്ലാതെ വന്നതോടെ ലേലം അമലിന് ഉറപ്പിക്കുകയായിരുന്നു. ലേലത്തിനെതിരെ ഹിന്ദു സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചതോടെ ഥാർ ലേലം നിയമപോരാട്ടത്തിലെത്തി. ഇരുകൂട്ടരേയും കേട്ട ശേഷമാണ് വീണ്ടും ലേലം ചെയ്യാനുള്ള തീരുമാനം ഭരണ സമിതിയെടുത്തത്.
