കോട്ടയം: കാറില്‍ ബ്രേക്കിന് താഴെ ഇട്ടിരുന്ന മാറ്റ് ഡ്രൈവറുടെ കാലിൽ ഉടക്കിയതിനെ തുടര്‍ന്ന് കാർ നിയന്ത്രണം വിട്ട് അപകടം.  നിയന്ത്രണം നഷ്‍ടപ്പെട്ട കാർ എതിർ ദിശയിൽ വന്ന ബൈക്കിലിടിച്ച ശേഷം, നിർത്തിയിട്ടിരുന്ന കാറിലും പിക്കപ് വാനിലും ഇടിച്ചു നിന്നു. കഴിഞ്ഞദിവസം കോട്ടയം മുട്ടുചിറയിലാണ് അപകടം. സംഭവത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് പരുക്കേറ്റു. 

മുട്ടുചിറ ഫെഡറൽ ബാങ്കിന് സമീപത്താണ് അപകടം. കോട്ടയത്തു നിന്ന് എറണാകുളത്തേക്കു പോയ കാറാണ് അപകടത്തില്‍പ്പെട്ടത്. ബൈക്കിനെ ഇടിച്ചു തെറിപ്പശേഷം കാര്‍ വലതു വശത്ത് പാർക്ക് ചെയ്തിരുന്ന കാറിലും പിക്കപ് വാനിലും ഇടിക്കുകയായിരുന്നു. ബൈക്ക് പൂർണമായി തകർന്നു. ബൈക്ക് യാത്രികരായ വൈക്കം ചാലപ്പറമ്പ് കൊച്ചുപറമ്പിൽ വീട്ടിൽ പ്രണവ് പ്രകാശ് (28), കാരിക്കോട് പടിഞ്ഞാറേ കീരിമറ്റം വിഷ്ണു വിനോദ് ( 23) എന്നിവർക്കാണു പരുക്കേറ്റത്. പ്രണവ് പ്രകാശിന്റെ തലയ്ക്കാണ് പരുക്ക്. 

നിർത്തിയിട്ടിരുന്ന കാർ ഇടിയുടെ ആഘാതത്തിൽ സമീപത്തെ ബേക്കറിയിലേക്ക് ഇടിച്ചുകയറി. കാർ ഓടിച്ചിരുന്ന കോട്ടയം സ്വദേശി തോമസിന്റെ ഭാര്യയും ഒരു വയസ്സുള്ള പേരക്കുട്ടിയും പരുക്കില്ലാതെ രക്ഷപ്പെട്ടു.