സംസ്ഥാനത്ത് ദിനംപ്രതിയുള്ള റോഡപകടങ്ങളില്‍ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്‍ടപ്പെടുന്നത്. ഗുരുതരമായി പരിക്കേല്‍ക്കുന്നവരും നിരവധിയാണ്. മോശം റോഡുകളും അശ്രദ്ധമായ ഡ്രൈവിംഗുമൊക്കെയാവും ഇത്തരം അപകടങ്ങള്‍ക്ക് വഴി വയ്ക്കുന്നത്. നമ്മള്‍ എത്ര ശ്രദ്ധിച്ചാലും റോഡിന്‍റെയും അധികൃതരുടെയും അനാസ്ഥയും നമ്മുടെ ജീവന് ഭീഷണിയാകാറുണ്ട്. ഇത്തരം ഒരു അപകടത്തിന്‍റെ വാര്‍ത്തയാണ് മലപ്പുറത്തു നിന്നും വരുന്നത്. 

മലപ്പുറം മൊറയൂരിലാണ് കാറുകള്‍ കൂട്ടിയിടിച്ച ഞെട്ടിപ്പിക്കുന്ന ഈ അപകടം. ദേശീയപാതയില്‍ മൊറയൂർ വാലഞ്ചേരി അങ്ങാടിയില്‍ നടന്ന ഈ അപകടത്തില്‍ ഒരാളുടെ ജീവനാണ് നഷ്‍ടപ്പെട്ടത്. അപകടത്തിന്‍റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കൂട്ടിയിടിച്ച കാറുകളിലൊന്ന് ഉയര്‍ന്നു പൊങ്ങി മറ്റൊരു കാറിന്‍റെ മുകളില്‍ വീണുകിടിക്കുന്നതിന്‍റെ വീഡിയോയും ചിത്രങ്ങളുമാണ് പ്രചരിക്കുന്നത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ വാലഞ്ചേരി അങ്ങാടിയിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപമായിരുന്നു അപകടം. മലപ്പുറം ഭാഗത്തേക്കു പോകുകയായിരുന്ന കാർ കോഴിക്കോട് വിമാനത്താവളത്തിലേക്കു പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഉയര്‍ന്നുപൊങ്ങിയ കാറുകളിലൊരെണ്ണം റോഡരികില്‍ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിനു മുകളിലേക്കു പതിക്കുകയായിരുന്നു. ആനക്കയം സ്വദേശി കുഞ്ഞിമുഹമ്മദ് (52) ആണ് മരിച്ചത്. അപകടത്തില്‍ അഞ്ചോളം പേര്‍ക്ക് പരിക്കേറ്റിരുന്നു.

വെയിറ്റിംഗ് ഷെഡിനു സമീപം റോഡിലുണ്ടായിരുന്ന കല്ലിൽ തട്ടിയതാകാം കാറിന്റെ നിയന്ത്രണം നഷ്ടമാകാൻ കാരണമെന്നാണ് കരുതുന്നത്. ദിവസങ്ങൾക്കു മുൻപ് മറ്റൊരു വാഹനമിടിച്ചു ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ഒരുഭാഗം തകർന്ന് കല്ലും മണ്ണും റോഡിൽ പരന്നിരുന്നതായും ഇതാണ് അപകടത്തിനു കാരണമെന്നുമാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. അപകടകാരണം അന്വേഷിക്കുന്നതായി കൊണ്ടോട്ടി പൊലീസ് അറിയിച്ചു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.