ഏകദേശം നൂറോളം വാഹനാപകടങ്ങൾ ഒരുദിവസം കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍. അപകടങ്ങളിൽപ്പെടുന്നതിലേറെയും ഇരുചക്ര വാഹനയാത്രക്കാരാണ്. ശരാശരി 11 പേർ നിത്യേന നിരത്തുകളിൽ കൊല്ലപ്പെടുന്നു. ഇതിൽ 50 ശതമാനത്തോളവും ഇരുചക്ര വാഹന അപകടങ്ങളിലാണ് സംഭവിക്കുന്നത്. കൂടാതെ ഏകദേശം നൂറ്റമ്പതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്യുന്നുണ്ട്. അമിത വേഗതയും അശ്രദ്ധയുമൊക്കെയാണ് ഈ അപകടങ്ങളുടെയൊക്കെ പ്രധാന കാരണം. 

ഇത്തരത്തിലൊരു അപകടം കഴിഞ്ഞ ദിവസം ചിറയിൻകീഴിലും നടന്നു. അമിതവേഗതയിലെത്തിയ ബൈക്ക് കാറിലിടിച്ചായിരുന്നു അപകടം. ഇടിയുടെ ശക്തിയില്‍ ബൈക്ക് രണ്ടായിട്ടാണ് പിളര്‍ന്നത്. 

ആറ്റിങ്ങല്‍ ഭാഗത്തു നിന്നും ചിറയിന്‍കീഴ് ഭാഗത്തേക്ക് വരികയായിരുന്ന കാറില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അമിതവേഗത്തിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മതിലില്‍ ഇടിച്ചാണ് നിന്നത്. കാര്‍ യാത്രികരായിരുന്ന മൂന്നു പേർക്കും പരിക്കേറ്റെന്നും ബൈക്കിലെത്തിയ യുവാക്കൾ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.